വിവാദങ്ങൾക്കൊടുവിൽ എൻവിഡിയയുടെ തലപ്പത്തേക്ക് വീണ്ടും തിരിച്ചെത്തി ജെൻസൻ ഹുവാങ്. പ്രസിഡന്റ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO), ബോർഡ് ഡയറക്ടർ എന്നീ സ്ഥാനങ്ങളിലാണ് ഹുവാങിനെ വീണ്ടും നിയമിച്ചത്. നേരത്തെ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ച തീരുമാനം തിരുത്തിയാണ് കമ്പനിയുടെ നിർണായക നീക്കം. നവംബർ 12ന് സ്ഥാനമൊഴിഞ്ഞ ഹുവാങ് 11 ദിവസത്തിന് ശേഷമാണ് വീണ്ടും ചുമതലയിലേക്ക് എത്തുന്നത്.
ചൈനീസ് ചാരവൃത്തിയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഒരു സ്ത്രീയുമായുള്ള ബന്ധം പുറത്തു വന്നതിനെ തുടർന്നായിരുന്നു ജെൻസൺ എൻവിഡിയ തലപ്പത്ത് നിന്നും രാജിവെച്ചത്.
കമ്പനി ഡയറക്ടർ ബോർഡ് ഏകകണ്ഠമായാണ് ഹുവാങിന്റെ തിരിച്ചുവരവിന് അംഗീകാരം നൽകിയത്. ഹുവാങുമായി നടത്തിയ ചർച്ചകൾക്ക് ശേഷം അദ്ദേഹം ഡയറക്ടർമാരോട് കാര്യങ്ങൾ തുറന്നുപറഞ്ഞെന്നും കമ്പനിയെ നയിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി ഇപ്പോഴും അദ്ദേഹമാണെന്നും ബോർഡ് വിലയിരുത്തി. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് എൻവിഡിയ അറിയിച്ചു.
തീരുമാനമെടുക്കുന്നതിന് മുമ്പ് അമേരിക്കൻ സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും ബോർഡ് അഭിപ്രായം തേടിയിരുന്നു. ഹുവാങിന്റെ തിരിച്ചുവരവ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകില്ലെന്ന ഉറപ്പും ഇതിന്റെ അടിസ്ഥാനത്തിൽ ലഭിച്ചതായി കമ്പനി വ്യക്തമാക്കി.
ഹുവാങിനെ തിരിച്ചെത്തിക്കാനുള്ള തീരുമാനത്തെ ബോർഡ് ചെയർമാൻ ഹാർവി സി. ജോൺസ് പിന്തുണച്ചു. ഓഹരി ഉടമകൾക്കും ജീവനക്കാർക്കും പങ്കാളികൾക്കും ഉപഭോക്താക്കൾക്കും ഏറ്റവും മികച്ച തീരുമാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഇടക്കാല സിഇഒ ആയി പ്രവർത്തിച്ചിരുന്ന കോളെറ്റ് ക്രെസ് വീണ്ടും ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ ചുമതലയിലേക്ക് മടങ്ങും.
എൻവിഡിയയിലേക്ക് തിരിച്ചെത്താനും പുതിയ വ്യാവസായിക വിപ്ലവത്തിന്റെ മുൻനിരയിലുള്ള കമ്പനിയെ നയിക്കാനും കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് ജെൻസൻ ഹുവാങ് പ്രതികരിച്ചു. ബോർഡ് തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി അറിയിച്ച അദ്ദേഹം പുതുക്കിയ പ്രതിബദ്ധതയോടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും വ്യക്തമാക്കി.
വിവാദങ്ങൾക്കിടെ ഹുവാങിന്റെ തിരിച്ചുവരവിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പിന്തുണ അറിയിച്ചിരുന്നു. ഹുവാങിനെ വീണ്ടും നിയമിക്കുന്നത് നല്ല തീരുമാനമായിരിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.