WORLD

"നൊബേല്‍ തീരുമാനിക്കുന്നതില്‍ സര്‍ക്കാരിന് പങ്കില്ല, ഒന്നുകൂടി സന്തോഷത്തോടെ ആവര്‍ത്തിക്കുന്നു"; ട്രംപിന് മറുപടി നല്‍കി ജൊനാസ്

ഗ്രീന്‍ലന്‍ഡിന്റെ സമ്പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാതെ ലോകം സുരക്ഷിതമായിരിക്കില്ലെന്നും ട്രംപ് കത്തില്‍ പറയുന്നു.

Author : കവിത രേണുക

ഒസ്‌ലോ: നൊബേല്‍ സമ്മാന ജേതാക്കളെ തെരഞ്ഞെടുക്കുന്നതില്‍ നോര്‍വേ ഭരണകൂടത്തിന് പങ്കില്ലെന്ന് പ്രധാനമന്ത്രി ജൊനാസ് ഗര്‍ സ്റ്റോര്‍. നൊബേല്‍ സമ്മാനം നിഷേധിച്ചതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് തനിക്ക് സന്ദേശം ലഭിച്ചുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജൊനാസിന്റെ പ്രതികരണം.

'ട്രംപിനോട് ഉള്‍പ്പെടെ ഞാന്‍ വ്യക്തമായും പറഞ്ഞതാണ്, നൊബേല്‍ സമ്മാനം നല്‍കുന്നത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന നൊബേല്‍ കമ്മിറ്റിയാണ്. നോര്‍വീജിയന്‍ സര്‍ക്കാരല്ല. അത് ഒന്നുകൂടി സന്തോഷത്തോടെ ആവര്‍ത്തിക്കുകയാണ്,' ജൊനാസ് പറഞ്ഞു.

ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതികരിച്ച യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കും നോര്‍വേ, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ക്കുമെതിരായ യുഎസിന്റെ താരിഫ് വര്‍ധനക്കെതിരെ താനും ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബും ട്രംപിനെ ബന്ധപ്പെട്ടതോടെയാണ് ട്രംപില്‍ നിന്ന് തിരിച്ച് സന്ദേശം ലഭിച്ചതെന്നും ജൊനാസ് പറയുന്നു.

'ഇന്നലെ ഉച്ച കഴിഞ്ഞാണ് പ്രസിഡന്റ് ട്രംപില്‍ നിന്ന് എനിക്ക് സന്ദേശം ലഭിച്ചത്. എനിക്കും ഫിന്‍ലന്‍ഡ് പ്രസിഡന്റിനും വേണ്ടി ഞാന്‍ ട്രംപിന് അയച്ച സന്ദേശത്തിന് മറുപടിയായിട്ടായിരുന്നു ട്രംപിന്റെ സന്ദേശം,' ജൊനാസ് പറഞ്ഞു.

താരിഫ് വര്‍ധനയ്‌ക്കെതിരെയായായിരുന്നു ട്രംപിന് ഞങ്ങള്‍ നല്‍കിയ സന്ദേശം. കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ ട്രംപിന്റെ മറുപടി സന്ദേശമെത്തി. മറ്റു നാറ്റോ നേതാക്കള്‍ക്കും കൂടി ആ സന്ദേശം പങ്കുവച്ചത് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു.

'പ്രിയപ്പെട്ട ജൊനാസ്, ഞാന്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടും നിങ്ങളുടെ രാജ്യം എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതിനാല്‍, സമാധാനത്തെക്കുറിച്ച് മാത്രം ചിന്തിക്കേണ്ട ബാധ്യത എനിക്കില്ല. പക്ഷെ ഇപ്പോള്‍ നമുക്ക് യുഎസിന് നല്ലതായിട്ട് എന്ത് ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ച് ചിന്തിക്കാം,'

ഗ്രീന്‍ലന്‍ഡിന്റെ സമ്പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാതെ ലോകം സുരക്ഷിതമായിരിക്കില്ലെന്നും ട്രംപ് കത്തില്‍ പറയുന്നു.

ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ നോര്‍വേയുടെ തീരുമാനം വ്യക്തമാണ്. ഗ്രീന്‍ലന്‍ഡ് ഡെന്‍മാര്‍ക്കിന്റെ ഭാഗമാണ്. നോര്‍വേ ഈ വിഷയത്തില്‍ ഡെന്‍മാര്‍ക്കിനെ പരിപൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും ജൊനാസ് പറഞ്ഞു.

നോര്‍വേ, ഡെന്മാര്‍ക്ക്, ജര്‍മ്മനി, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള എട്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഫെബ്രുവരി 1 മുതല്‍ 10 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്നും, ഗ്രീന്‍ലന്‍ഡ് കരാറില്‍ എത്തിയില്ലെങ്കില്‍ ഇത് 25 ശതമാനമായി ഉയര്‍ത്തുമെന്നുമായിരുന്നു ട്രംപിന്റെ ആദ്യത്തെ ഭീഷണി.

SCROLL FOR NEXT