WORLD

WORLD MATTERS | നാസ സമ്മതിച്ച പിഴവ്; കല്‍പ്പനയ്ക്ക് സംഭവിച്ചതും, സുനിതയ്ക്ക് സംഭവിക്കാതിരുന്നതും

എന്താണ് കൊളംബിയയ്ക്ക് സംഭവിച്ചത്? കല്‍പ്പനയും സുനിതയും നേരിട്ടത് ഒരേ സാഹചര്യമാണോ?

Author : എസ്. ഷാനവാസ്

ഒടുവില്‍ നാസ ആ പിഴവ് തുറന്നുപറഞ്ഞിരിക്കുന്നു. സുനിത വില്യംസിന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രതീക്ഷിച്ചതിനേക്കാള്‍ അധികകാലം തുടരേണ്ടി വന്നതിൽ എൻജിനീയറിങ്ങിലും നേതൃത്വത്തിലും വീഴ്ച സംഭവിച്ചെന്നാണ് നാസയുടെ വിലയിരുത്തല്‍. 311 പേജുള്ള റിപ്പോർട്ടില്‍ സ്റ്റാര്‍ലൈനര്‍ സംഭവത്തെ 'ടൈപ്പ് എ' അപകടവിഭാഗത്തിൽ ഉൾപ്പെടുത്തിയതും ശ്രദ്ധേയമാണ്. കല്‍പ്പന ചൗള ഉള്‍പ്പെടെ ഏഴ് ബഹിരാകാശ യാത്രികര്‍ കൊല്ലപ്പെട്ട, 2003ലെ കൊളംബിയ സ്‌പേസ് ഷട്ടിൽ ദുരന്തത്തിന്റെ ശ്രേണിയിലേക്കാണ് സ്റ്റാര്‍ലൈന്‍ ദൗത്യത്തെയും നാസ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്താണ് കൊളംബിയയ്ക്ക് സംഭവിച്ചത്? കല്‍പ്പനയും സുനിതയും നേരിട്ടത് ഒരേ സാഹചര്യമാണോ?

ഇന്ത്യൻ വംശജയായ ആദ്യ ബഹിരാകാശ സഞ്ചാരി, ആൺകുട്ടികൾക്ക് മാത്രം അഡ്‌മിഷൻ നൽകിയിരുന്ന കോഴ്‌സിൽ ചേർന്ന് എയറോനോട്ടിക്കൽ എഞ്ചിനീയറിങ് പഠിച്ച ആദ്യ വനിത. കല്‍പ്പന ചൗളയ്ക്ക് വിശേഷണങ്ങള്‍ ഏറെയായിരുന്നു. ഇന്ത്യക്കും അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ സമ്മാനിച്ച കല്‍പ്പന വിടവാങ്ങിയിട്ട് 23 വർഷങ്ങൾ പിന്നിടുന്നു. 2003 ജനുവരി 16നാണ് കൽപ്പന ആറ് സഞ്ചാരികൾക്കൊപ്പം ബഹിരാകാശത്തേക്ക് തിരിച്ചത്. എസ്‌ടിഎസ്‌-107 കൊളംബിയ പേടകത്തിലായിരുന്നു യാത്ര. മൈക്രോ ഗ്രാവിറ്റിയെക്കുറിച്ച് പഠിക്കുകയും ബഹിരാകാശ നിലയത്തിനായുള്ള സാധനങ്ങൾ എത്തിക്കുകയുമായിരുന്നു ദൗത്യ ലക്ഷ്യം.

കൽപ്പന ചൗളയ്‌ക്കൊപ്പം, ലോറൽ ക്ലാർക്ക്, ഡേവിഡ് എം ബ്രൗൺ, ഇലാൻ റമോൺ, മൈക്കിൾ പി. ആൻഡേഴ്‌സൺ, വില്യം സി. മെക്കൂൾ, റിക്ക് ഡി. ഹസ്‌ബൻഡ് എന്നിവരായിരുന്നു സഹയാത്രികര്‍. 17 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ശേഷമായിരുന്നു മടക്കം. നാസയ്ക്കൊപ്പം ലോകം ആഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. പക്ഷേ, വിധി മറ്റൊന്നാണ് കരുതിവച്ചത്. പേടകം ഭൂമിയിലെത്താന്‍ 16 മിനുറ്റ് മാത്രമുള്ളപ്പോള്‍ അപ്രതീക്ഷിത അപകടം. സാങ്കേതിക തകരാറിനൊടുവില്‍ പേടകത്തിന് തീപിടിച്ചു. പേടകവുമായുള്ള നിയന്ത്രണം നാസയ്‌ക്ക് നഷ്ടപ്പെട്ടു. പേടകം പൊട്ടിത്തെറിച്ചു. 2003 ഫെബ്രുവരി 1. കൽപ്പന ചൗള ഉൾപ്പെടെ ഏഴ്‌ ബഹിരാകാശ യാത്രികരെ നഷ്ടമായി.

കൊളംബിയയുടെ താപകവചത്തിന് സംഭവിച്ച തകരാറാണ് അപകടത്തിന് കാരണമായതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പേടകത്തിന്റെ ഇടതു ചിറകിന് തീപിടിക്കുകയും അത് മറ്റ് ഭാഗങ്ങളിലേക്ക് പടരുകയുമായിരുന്നു. ഒരു തീഗോളമായി മാറിയ പേടകം അതിഭയാനക ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. എല്ലാം നിമിഷങ്ങള്‍കൊണ്ട് കഴിഞ്ഞു. പേടകത്തിന്‍റെ അവശിഷ്‌ടങ്ങൾ ടെക്‌സസിന്‍റെ പലയിടങ്ങളിലായാണ് പതിച്ചത്. മൂന്ന് മാസത്തെ പരിശ്രമത്തിനൊടുവില്‍ നാസ കൊളംബിയയുടെ പരമാവധി അവശിഷ്‌ടങ്ങള്‍ പലയിടത്തുനിന്നായി കണ്ടെത്തി. കെന്നഡി സ്‌പേസ് സെന്‍ററിൽ അവ സൂക്ഷിച്ചുവച്ചിട്ടുണ്ട്.

1962 മാർച്ച്‌ 17ന് ഹരിയാനയിലെ കർണാലിലായിരുന്നു കൽപ്പനയുടെ ജനനം. പഞ്ചാബ് എഞ്ചിനീയറിങ് കോളേജിൽ നിന്ന് എയറോനോട്ടിക്കൽ എഞ്ചിനീയറിങ് പൂർത്തിയാക്കിയ ശേഷം, ബിരുദാനന്തര ബിരുദത്തിനാണ് കൽപ്പന യുഎസിലെത്തിയത്. തുടര്‍ പഠനത്തിനൊടുവില്‍ പിഎച്ച്‌ഡിയും പൂർത്തിയാക്കി. 1988ലാണ് കല്‍പ്പന നാസയിൽ ചേരുന്നത്, യുഎസ്‌ പൗരത്വവും ലഭിച്ചു. 1997ലായിരുന്നു ആദ്യ ബഹിരാകാശയാത്ര. കൊളംബിയ സ്‌പേസ് ഷട്ടിലിൽ മിഷൻ സ്‌പെഷ്യലിസ്റ്റായിരുന്നു കല്‍പ്പന. ആദ്യ യാത്രയിലെ മികവാണ് അടുത്ത അവസരം തുറന്നത്. പക്ഷേ, അത് അവസാനയാത്രയായി മാറി.

സുനിത വില്യംസിലേക്കെത്തുമ്പോള്‍, കാര്യങ്ങള്‍ക്ക് ചെറിയ മാറ്റമുണ്ട്. 2024 ജൂൺ അഞ്ചിന് ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലാണ് സുനിതയും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്. 10 ദിവസത്തിനുള്ളിൽ ഭൂമിയിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം ചോർച്ച തിരിച്ചടിയായി. ഇതോടെ, ഇരുവരെയും കൂടാതെ സ്റ്റാർലൈനർ ഭൂമിയിലേക്ക് മടങ്ങി. സുനിതയും വിൽമോറും ബഹിരാകാശ നിലയത്തിൽ തുടര്‍ന്നു. ഇലോൺ മസ്‌ക്കിന്‍റെ സ്‌പേസ് എക്‌സ് ക്രൂ 9 പേടകത്തിൽ ഇരുവരെയും ഭൂമിയിലേക്ക് തിരികെയെത്തിക്കാന്‍ പദ്ധതിയൊരുക്കി. എന്നാൽ ഫെബ്രുവരിയിൽ മടങ്ങേണ്ടിയിരുന്ന ക്രൂ 9 പേടകത്തിന്റെ ദൗത്യം നീട്ടിവയ്ക്കേണ്ടി വന്നതോടെ, സുനിതയുടെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവും നീണ്ടു. പിന്നീട് ഒമ്പത് മാസത്തിനുശേഷമാണ് ഇരുവര്‍ക്കും മടങ്ങിവരാനായത്.

കല്‍പ്പനയും സുനിതയും അഭിമുഖീകരിച്ചത് ഒരേ സാഹചര്യമാണോ എന്ന് ചോദിച്ചാല്‍, അല്ല എന്നു തന്നെ പറയേണ്ടിവരും. കൊളംബിയയുടെ ലോഞ്ച് സമയത്ത് ബാഹ്യ ഇന്ധന ടാങ്കിൽ നിന്നും തെറിച്ചുവീണ ഫോം പേടകത്തിന്റെ ചിറകില്‍ ഇടിച്ച് കേടുപാടുകളുണ്ടായിരുന്നു. കേപ് കനാവറലില്‍നിന്ന് വിക്ഷേപിച്ച് 82 സെക്കന്‍ഡുകള്‍ക്കുള്ളിലായിരുന്നു ഇത്. മടക്കയാത്രയില്‍, ഉയർന്ന താപനിലയുള്ള റീ-എൻട്രി ഘട്ടത്തിൽ ചിറകിലെ പൊട്ടലിലൂടെ ചൂടേറിയ അന്തരീക്ഷ വാതകങ്ങൾ ഉള്ളിലേക്കെത്തി. ഇതോടെ ആദ്യം സെൻസറുകൾ പ്രവർത്തനരഹിതമായി. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട പേടകം ഭൂമിയിലെത്തുംമുന്‍പേ പൊട്ടിത്തെറിച്ചു. സുരക്ഷാ മാനദണ്ഡങ്ങളില്‍ നടത്തിയ വിട്ടുവീഴ്ചയ്‌ക്കൊപ്പം, എന്‍ജിനീയറിങ്ങിലെ ആശങ്കകള്‍ പ്രാധാന്യത്തോടെ ഉള്‍ക്കൊള്ളുന്നതില്‍ വീഴ്ച സംഭവിച്ചു എന്നായിരുന്നു അപകടത്തെക്കുറിച്ച് അന്വേഷിച്ച സംഘം വിലയിരുത്തിയത്.

സുനിതയും ബുച്ച് വില്‍മോറും സഞ്ചരിച്ച സ്റ്റാർലൈനറിന്റെ കാര്യത്തിലും ഇത്തരം ആശങ്കകള്‍ ഉണ്ടായിരുന്നു. ഹീലിയം ചോർച്ചയും ചില ത്രസ്റ്ററുകളുടെ പ്രവർത്തന തകരാറുകളും കാരണം പേടകത്തിന്റെ പ്രൊപ്പൽഷൻ സംവിധാനം പൂർണവിശ്വാസ്യതയോടെ ഉപയോഗിക്കാനാകില്ലെന്ന് കണ്ടെത്തി. ഇതോടെ, സുരക്ഷ മുൻകരുതലെന്നോണം സ്റ്റാർലൈനർ ഭൂമിയിലേക്ക് തിരിച്ചയയ്ക്കാനും, സുനിതയും വിൽമോറും ബഹിരാകാശ നിലയത്തില്‍ തുടരാനും തീരുമാനിച്ചു. ഇക്കാലത്തിനിടെ, ഇരുവരും ശാസ്ത്രീയ പരീക്ഷണങ്ങളും ബഹിരാകാശ നടത്തവും തുടര്‍ന്നു. കാത്തിരിപ്പിനൊടുവില്‍ 2025 മാര്‍ച്ച് 18ന് ഇരുവരും സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി.

ബഹിരാകാശം മനുഷ്യന്റെ പരീക്ഷണയിടമാണ്. അവിടെ സംഭവിക്കുന്ന പിഴവുകളും ദുരന്തങ്ങളുമൊക്കെ, പിന്നാലെ എത്തുന്നവര്‍ക്ക് പുതിയ പാഠങ്ങളാണ്. കൊളംബിയ ദുരന്തം അമേരിക്കൻ ബഹിരാകാശ പദ്ധതികൾക്ക് വലിയ പാഠമായി. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി. ചെറിയ സാങ്കേതിക പിഴവാണ് കല്‍പ്പന ചൗള ഉള്‍പ്പെടെ ഏഴു പേരുടെ മരണത്തിന് കാരണമായത്. അതേസമയം, സാങ്കേതിക പ്രശ്നങ്ങള്‍ സമയബന്ധിതമായി തിരിച്ചറിഞ്ഞാല്‍ ദുരന്തം ഒഴിവാക്കാനാകുമെന്നാണ് സ്റ്റാര്‍ലൈനര്‍ കാണിച്ചുതന്നത്. കുറച്ചുകാലം വൈകിയെങ്കിലും സുനിതയും വില്‍മോറും സുരക്ഷിതമായി ഭൂമിയിലെത്തിയത് അങ്ങനെയാണ്.

SCROLL FOR NEXT