സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരോധിച്ചതിനെതിരായ പ്രതിഷേധത്തിൽ നിന്ന്  Source: The Kathmandu Post
WORLD

സമൂഹ മാധ്യമങ്ങള്‍ക്ക് നിരോധനം, നേപ്പാളില്‍ 'ജെന്‍സി കലാപം'; വെടിവെപ്പില്‍ 16 മരണം

പ്രതിഷേധക്കാര്‍ നിരോധിത പ്രദേശങ്ങളിലേക്കും പാര്‍ലമെൻ്റ് പരിസരത്തേക്കും കടന്നതോടെയാണ് പൊലീസ് വെടിവെപ്പുണ്ടായത്.

Author : ന്യൂസ് ഡെസ്ക്

കാഠ്‌മണ്ഡു: രാജ്യവ്യാപകമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏർപ്പെടുത്തിയതിനെതിരെ ആളിക്കത്തി നേപ്പാളിലെ യുവാക്കളുടെ പ്രതിഷേധം. ഫേസ്ബുക്കും വാട്ട്‌സ്ആപ്പും ഉള്‍പ്പെടെ 26 ഓളം സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്കാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്. പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ ഇതുവരെ 16 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

രാജ്യത്താകെ വെടിവെപ്പില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ എവറസ്റ്റ് ആശുപത്രിയിലേക്കും സിവില്‍ ആശുപത്രിയിലേക്കും മാറ്റി. ന്യൂ ബനേശ്വറില്‍ നടന്ന പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് വെടിവെപ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

പ്രതിഷേധക്കാര്‍ നിരോധിത പ്രദേശങ്ങളിലേക്കും പാര്‍ലമെന്റ് പരിസരത്തേക്കും കടന്നതോടെയാണ് പൊലീസ് വെടിവെച്ചത്. നേപ്പാള്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരെയും സമൂഹ മാധ്യമങ്ങള്‍ നിരോധിച്ചതിന് എതിരെയുമാണ് നേപ്പാളില്‍ ജെന്‍ സികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഫോണ്‍, ഇൻ്റർനെറ്റ് എന്നിവ സർക്കാർ വിച്ഛേദിച്ചെങ്കിലും ടിക് ടോക് പോലുള്ള ബദല്‍ പ്ലാറ്റ്‍‌ഫോമുകളിലൂടെ ആണ് ജെന്‍സികള്‍ സംഘടിച്ചത്.

തലസ്ഥാന നഗരത്തില്‍ പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് തദ്ദേശ ഭരണകൂടങ്ങള്‍ ഇന്ന് രാത്രി 12 മണി വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിഷേധക്കാരുടെ എണ്ണം അനുനിമിഷം വളരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും ഔദ്യോഗിക വസതികള്‍ക്ക് മുന്‍പാകെ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

എന്തുകൊണ്ട് നേപ്പാള്‍ സമൂഹമാധ്യമങ്ങള്‍ നിരോധിച്ചു?

ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാത്ത എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും അടിയന്തരമായി രജിസ്ട്രേഷന്‍ നടപടികള്‍ പൂർത്തീകരിക്കണമെന്ന് സർക്കാർ നിർദേശം നല്‍കിയിരുന്നു. ഓഗസ്റ്റ് 28 മുതൽ ഏഴ് ദിവസത്തെ സമയപരിധിയാണ് ഇതിനായി മന്ത്രാലയം നിശ്ചയിച്ചിരുന്നത്. ബുധനാഴ്ച രാത്രിയോടെ ഈ സമയപരിധി അവസാനിച്ചതോടെയാണ് സർക്കാർ നിരോധനവുമായി മുന്നോട്ടുപോയത്.

ടിക് ടോക്ക്, വൈബർ, വിറ്റ്ക്, നിംബസ്, പോപ്പോ ലൈവ് എന്നീ പ്ലാറ്റ്‌ഫോമുകള്‍ ഈ നിർദേശം പാലിക്കുകയും ചെയ്തു. എന്നാല്‍, മെറ്റാ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്), ആൽഫബെറ്റ് (യൂട്യൂബ്), എക്സ്, റെഡ്ഡിറ്റ്, ലിങ്ക്ഡ്ഇൻ എന്നിങ്ങനെയുള്ള പ്രമുഖ പ്ലാറ്റ്‌ഫോമുകള്‍ രജിസ്റ്റർ ചെയ്തിരുന്നില്ല. സമയപരിധി ബുധനാഴ്ച രാത്രി അവസാനിച്ചതോടെയാണ് ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ നിരോധിക്കുന്നതിലേക്ക് നേപ്പാൾ ടെലികമ്മ്യൂണിക്കേഷൻസ് അതോറിറ്റി കടന്നത്.

സമൂഹമാധ്യമങ്ങള്‍ക്ക് ഏർപ്പെടുത്തിയ നിരോധനം മാത്രമല്ല ജെന്‍സികളെ നേപ്പാളിന്റെ തെരുവുകളിലേക്ക് ഇറക്കിയത്. സർക്കാരിലുള്ള നിരാശയും ഒരു പ്രധാന കാരണമാണ്. അഴിമതി, സ്വേച്ഛാധിപത്യം, നേതൃത്വത്തിലെ ഉത്തരവാദിത്തമില്ലായ്മ എന്നിവയാണ് യുവാക്കളുടെ മുദ്രാവാക്യങ്ങളില്‍ പ്രധാനമായും മുഴങ്ങിക്കേള്‍ക്കുന്നത്. അഴിമതിയും വർധിച്ചുവരുന്ന സാമ്പത്തിക അസമത്വം മൂലമുള്ള നിരാശയുമാണ് ജെന്‍സി കലാപത്തിന് കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

SCROLL FOR NEXT