യൂറോപ്പിൽ ശൈത്യകാലം പിടിമുറുക്കുകയാണ്. പാരിസ് മുതൽ പോളണ്ട് വരെ മഞ്ഞിൽ കുളിച്ചങ്ങനെ നിൽക്കുന്നു. യൂറോപ്പിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് സ്ലൊവേനിയയിലെ ലേക്ക് ബ്ലെഡ് തടാകവും മഞ്ഞുമൂടി കിടക്കുകയാണ്.
ജൂലിയൻ ആൽപ്‌സിൻ്റെ താഴ്‌വരയിൽ രത്നം പോലെ തിളങ്ങുകയാണ് ലേക്ക് ബ്ലഡ്. ഋതുക്കൾ തോറും മുഖം മിനുക്കുന്ന തടാകം. കണ്ണാടി പോലെയുള്ള ഉപരിതലം അതിനെ ചുറ്റിപ്പറ്റിയുള്ള സമൃദ്ധമായ വനത്തെയും മഞ്ഞുമൂടിയ കൊടുമുടികളെയും പ്രതിഫലിപ്പിക്കുന്നു. പഴയ സ്ലാവിക് ഭാഷയിൽ ബ്ലെഡ് എന്ന വാക്കിന് വിളറിയത് അല്ലെങ്കിൽ വെളുത്തത് എന്നാണ് അർത്ഥം. തടാകത്തിൻ്റെ നിറം കാരണമായിരിക്കാം ഈ പേര് വന്നതെന്നാണ് വിശ്വാസം. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ ലേക്ക് ബ്ലെഡും സമീപ പ്രദേശങ്ങളും മഞ്ഞുമൂടും. -10 ഡിഗ്രി സെൽഷ്യസാവും ശരാശരി താപനില.
തടാകത്തിൻ്റെ മധ്യഭാഗത്ത് മനോഹരമായ ഒരു ചെറിയ ദ്വീപുണ്ട്. പരമ്പരാഗത തടി ബോട്ടുകളായ പ്ലെറ്റ്‌നയിൽ കേറി ഇവിടേക്കെത്താം. ദ്വീപിൽ പാശ്ചാത്യ പഴങ്കഥകളിൽ കണ്ടുമറന്ന പോലൊരു പള്ളി. അതിന് അഭിമുഖമായി നിൽക്കുന്ന ബ്ലെഡ് കോട്ട. തടാകത്തിന് ചുറ്റുമുള്ള പാതകൾ ഫോട്ടോഷൂട്ടിൻ്റെയും സൈക്കിൾ സവാരിയുടെയും കേന്ദ്രമാണ്. ബോട്ട് സവാരിയും സൈക്കിളിംഗും കഴിഞ്ഞാൽ പ്രശസ്തമായ ബ്ലെഡ് ക്രീം കേക്ക് ആസ്വദിച്ച് പ്രാദേശിക കഫേകളില്‍ പോയിരിക്കാം.
വർഷത്തിൽ എപ്പോഴും മനോഹരമാണെങ്കിലും, മഞ്ഞുമൂടിയ പർവതങ്ങളും ക്രിസ്മസ് ലൈറ്റുകളും ശൈത്യകാലത്തിവിടെ സ്വപ്നദൃശ്യങ്ങൾ തീർക്കുന്നു.