Image: X
WORLD

3,300 കോടി രൂപ വിലയുള്ള അപൂര്‍വ രത്‌നം; 'പര്‍പ്പിള്‍ സ്റ്റാര്‍ സഫയര്‍' വാങ്ങാന്‍ ആളെ അന്വേഷിച്ച് ഉടമകള്‍

സുരക്ഷാ കാരണങ്ങളാല്‍ ഉടമകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല

Author : ന്യൂസ് ഡെസ്ക്

ലോകത്തിലെ ഏറ്റവും വലിയതെന്ന് അവകാശപ്പെടുന്ന അപൂര്‍വ രത്‌നമായ 'പര്‍പ്പിള്‍ സ്റ്റാര്‍ സഫയര്‍' ശ്രീലങ്കയില്‍ അനാച്ഛാദനം ചെയ്തു. ശനിയാഴ്ചയാണ് കൊളംബോയില്‍ 3,563 കാരറ്റ് ഭാരമുള്ള രത്‌നം പുറത്തിറക്കിയത്.

300 ദശലക്ഷം മുതല്‍ 400 ദശലക്ഷം ഡോളര്‍ വരെ (ഏകദേശം 2,500 മുതല്‍ 3,300 കോടി രൂപ)യാണ് ഈ അമൂല്യ രത്‌നത്തിന്റെ വില. രത്‌നം വില്‍ക്കാന്‍ തയ്യാറാണെന്നാണ് ഉടമകള്‍ അറിയിച്ചിരിക്കുന്നത്. ഇത്രയും മൂല്യമുള്ള രത്‌നം ആര് വാങ്ങുമെന്നതാണ് ചോദ്യം.

വൃത്താകൃതിയിലുള്ള രത്‌നത്തിന് 'സ്റ്റാര്‍ ഓഫ് പ്യുവര്‍ ലാന്‍ഡ്' എന്നാണ് പേരിട്ടിരിക്കുന്നത്. ആറ് രശ്മികളുള്ള ഒരു നക്ഷത്ര രൂപം രത്‌നത്തില്‍ കാണാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. സ്വാഭാവികമായ പര്‍പ്പിള്‍ സ്റ്റാര്‍ സഫയറുകളില്‍ ഇത്രയും വലിപ്പമുള്ള മറ്റൊന്ന് കണ്ടെത്തിയിട്ടില്ല.

2023 ല്‍ ദക്ഷിണ ശ്രീലങ്കയിലെ രത്‌നപുരയിലെ ഖനിയില്‍ നിന്നാണ് അപൂര്‍വ രത്‌നം കണ്ടെത്തിയത്. വിലകൂടിയ വജ്രങ്ങളും രത്‌നങ്ങളും ഇവിടെനിന്നും ഖനനം ചെയ്യുന്നതിന് പേര് കേട്ട സ്ഥലമാണ് രത്‌നഗരം എന്നറിയപ്പെടുന്ന രത്‌നപുര.

സ്റ്റാര്‍ ഓഫ് പ്യുവര്‍ ലാന്‍ഡ് ടീം ആണ് രത്‌നത്തിന്റെ ഉടമസ്ഥര്‍. സുരക്ഷാ കാരണങ്ങളാല്‍ ഉടമകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2023 ല്‍ മറ്റ് രത്‌നങ്ങള്‍ക്കൊപ്പമാണ് ഈ രത്‌നവും വാങ്ങുന്നത്. രണ്ട് വര്‍ഷത്തെ മിനുക്കുപണികള്‍ക്ക് ശേഷമാണ് ഇത്രയും വിലപിടിപ്പുള്ള രത്‌നമാണിതെന്ന് ഉടമകള്‍ തിരിച്ചറിഞ്ഞത്.

ശ്രീലങ്കന്‍ നീലക്കല്ലുകള്‍ അവയുടെ തെളിച്ചത്തിനും തിളക്കത്തിനും ലോകപ്രശസ്തമാണ്. പുതിയ കണ്ടെത്തല്‍ ആഗോള രത്‌ന വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. സാധാരണയായി നക്ഷത്ര രൂപമുള്ള കല്ലുകള്‍ ചെറിയ അളവിലായിരിക്കും ലഭിക്കുക. എന്നാല്‍ 3,563 കാരറ്റ് വലിപ്പമുള്ള കല്ലില്‍ ഇത്രയും വ്യക്തമായ നക്ഷത്രം ലഭിക്കുന്നത് അത്ഭുതകരമാണ്.

SCROLL FOR NEXT