ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടെന്ന് സ്ഥിരീകരിച്ച് ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ സെയ്ഫുള്ള കസൂരി. ഭീകര കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് നടത്തിയ ആക്രമണം ഇന്ത്യ ചെയ്ത വലിയ തെറ്റാണ്. കശ്മീര്‍ ദൗത്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കസൂരി പറഞ്ഞു. ആയിരക്കണക്കിന് ലഷ്‌കര്‍ ഇ ത്വയ്യിബ അനുകൂലികള്‍ പങ്കെടുത്ത പൊതുപരിപാടിയിലാണ് പരാമര്‍ശം.
ഇതാദ്യമായാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ തിരിച്ചടി നേരിട്ടെന്ന് ഒരു ലഷ്‌കര്‍ നേതാവ് പരസ്യമായി സമ്മതിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് എന്‍ഐഎ കരുതുന്ന ലഷ്‌കര്‍ നേതാവാണ് കസൂരി. എന്നാല്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല .
ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനിലെ ഭീകരരുടെ ഒളിത്താവളങ്ങള്‍ മാത്രം ലക്ഷ്യമിട്ടത് തെറ്റായിപ്പോയി എന്നാണ് വീഡിയോയില്‍ പറയുന്നത്. ഇന്ത്യയുടെ ആക്രമണം ശരിവെക്കുന്ന തരത്തിലാണ് ഈ പ്രസ്താവന. അതേസമയം സെയ്ഫുള്ള കസൂരി പറയുന്നതെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഇന്ത്യക്കെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്.
2025 ഏപ്രിലില്‍ കശ്മീരിലെ പഹല്‍ഗാമില്‍ പാക് ഭീകരരുടെ ആക്രമണത്തിന് മറുപടിയായാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തിരിച്ചടി നല്‍കിയത്. ഭീകരരുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ആക്രമണം. ഒന്‍പതോളം കേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തതെന്ന് സൈന്യം പറഞ്ഞിരുന്നു