WORLD

"പാക് സൈന്യവുമായുള്ളത് അടുത്ത ബന്ധം"; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരനായ ലഷ്കർ ഭീകരൻ

ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദ സഞ്ചാരികളെ കൊലപ്പെടുത്തിയ തീവ്രവാദ സംഘടനയായ ലഷ്കർ ഇ ത്വയ്ബയുടെ ഡെപ്യൂട്ടി ചീഫാണ് കസൂരി.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ലാഹോർ: പാകിസ്ഥാൻ സൈന്യവുമായി അടുത്ത ബന്ധമുണ്ടെന്ന വെളിപ്പെടുത്തൽ നടത്തി ഭീകര സംഘടനയായ ലഷ്കർ ഇ ത്വയ്ബയുടെ തലവൻമാരിൽ ഒരാളായ സൈഫുള്ള കസൂരി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരന്മാരിൽ ഒരാളാണ് ഇയാൾ. ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ തീവ്രവാദ സംഘടനയായ ലഷ്കർ ഇ ത്വയ്ബയുടെ ഡെപ്യൂട്ടി ചീഫാണ് കസൂരി.

പാകിസ്ഥാനിലെ ഒരു സ്കൂളിൽ നടന്ന ഒരു പൊതു പരിപാടിയിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴാണ് കസൂരി ഇക്കാര്യം സ്ഥിരീകരിച്ചത്. ഏത് ദിവസം നടത്തിയ പ്രസംഗമാണെന്ന് വ്യക്തമല്ലെങ്കിലും കസൂരിയുടെ വെളിപ്പെടുത്തൽ പ്രസംഗത്തിൻ്റെ വീഡിയോ യഥാർത്ഥമാണെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

"പാകിസ്ഥാൻ സൈന്യം എന്നെ ഖബറക്ക പ്രാർത്ഥനകൾക്ക് നേതൃത്വം നൽകാനൊക്കെ ക്ഷണിക്കാറുണ്ട്. ഇന്ത്യയും എന്നെ ഭയപ്പെടുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ?" സൈഫുള്ള കസൂരി വീഡിയോയിൽ പറഞ്ഞു.

ഒരു തീവ്രവാദ സംഘടനയുടെ നേതാവ് ഒരു സ്കൂളിൽ പ്രസംഗിക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിനും ചിന്തിക്കാൻ പോലും കഴിയില്ല. എന്നിരുന്നാലും, പാകിസ്ഥാനിൽ ഇങ്ങനെയൊക്കെയാണ് ശീലങ്ങൾ. ലഷ്കർ ഇ ത്വയ്ബയുടെ ഡെപ്യൂട്ടി ചീഫുമാരിൽ ഒരാൾക്ക് കുരുന്നു മനസുകളെ തീവ്രവാദ ചിന്തകൾ കുത്തിവയ്ക്കാൻ സഹായിക്കുന്ന സമീപനമാണ് അവിടുത്തെ സർക്കാരും പാക് സൈന്യവും ഒരുക്കിനൽകുന്നത്.

SCROLL FOR NEXT