യുഎസിലെ ലോസ് ആഞ്ചലസിലുള്ള ഈസ്റ്റ് ഹോളിവുഡിൽ ആൾക്കൂട്ടത്തിനിടയിലേക്ക് അജ്ഞാത വാഹനം പാഞ്ഞുകയറി നിരവധി പേർക്ക് പരിക്കേറ്റു. നിലവിൽ 30 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇതിൽ ഏഴ് പേരുടെ നില അതീവ ഗുരുതരമാണെന്നും ലോസ് ആഞ്ചലസ് അഗ്നിശമന സേനാ വിഭാഗം അറിയിച്ചു. അതേസമയം, കോപാകുലരായ ആൾക്കൂട്ടം ഡ്രൈവറെ ആൾക്കൂട്ട വിചാരണയ്ക്ക് ശേഷം വെടിവെച്ചു കൊന്നു.
വാഹനത്തിൽ തകർന്ന കാറിൻ്റെ ചിത്രങ്ങൾ സിഎൻഎൻ ന്യൂസ് പുറത്തുവിട്ടു. ആരാണ് വാഹനം ഓടിച്ചിരുന്നതെന്ന് വ്യക്തമല്ല. വെസ്റ്റ് സാന്താ മോണിക്ക ബൊളിവാർഡ് എന്ന സംഗീത പരിപാടി നടക്കുന്ന പ്രദേശത്താണ് അപകടം ഉണ്ടായത്.
അപകട വീഡിയോയും മാധ്യമങ്ങളിലൂടെ പുറത്തുവന്നു. പരിക്കേറ്റ നിരവധി പേരെയും ദൃശ്യങ്ങളിൽ കാണാം. പൊലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. യുഎസിൽ പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം വിവരം അറിഞ്ഞതെന്ന് ലോസ് ആഞ്ചലസ് അഗ്നിശമന സേനാ വിഭാഗം അറിയിച്ചു.
കാർ നിർത്തിയ ഉടനെ ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്തെടുത്ത് സമീപത്തുണ്ടായിരുന്നവർ ആക്രമിച്ചതായി ലോസ് ആഞ്ചലസ് പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ജെഫ് ലീ പറഞ്ഞു. സംഘർഷത്തിനിടെ, സമീപത്തുണ്ടായിരുന്നവരിൽ ഒരാൾ ഡ്രൈവറെ വെടിവെച്ചതായി ലീ പറഞ്ഞു.
ഡ്രൈവറുടെ മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് സംശയം പ്രകടിപ്പിച്ചു. അക്രമിക്ക് മറ്റെന്തെങ്കിലും ക്രിമിനൽ ഉദ്ദേശ്യമോ തീവ്രവാദ ബന്ധമോ ഉണ്ടായിരുന്നതായി സൂചനയില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.