Brazil Presidential Race Headed for Runoff as Flávio Bolsonaro Stuns Lula in First Round news malayalam 24x7
WORLD

ലാറ്റിനമേരിക്കയില്‍ ഇടത് കാറ്റ് അവസാനിക്കുന്നോ?: ബ്രസീല്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഒന്നാംഘട്ടത്തില്‍ ലുല പിന്നില്‍; വലതുപക്ഷ മുന്നേറ്റം

വന്‍ വിലക്കയറ്റവും സുരക്ഷാ പ്രശ്നങ്ങളുമാണ് തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരത്തിന് ആക്കം കൂട്ടിയത് എന്നാണ് ആദ്യഘട്ട വിലയിരുത്തല്‍.

Author : ന്യൂസ് ഡെസ്ക്

റിയോ ഡി ജനീറോ: ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിൽ നിലവിലെ പ്രസിഡന്റ് ലൂയിസ് ലുല ഡ സിൽവ പിന്നില്‍. തീവ്ര വലതുപക്ഷ സ്ഥാനാർത്ഥി ഫ്ലാവിയോ ബോൾസൊനാരോയാണ് മുന്നില്‍ എത്തിയത്. ആദ്യഘട്ടത്തിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന്പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒക്ടോബർ 25-ന് നടക്കുന്ന നിർണായകമായ രണ്ടാം ഘട്ടത്തിലേക്ക് (റൺ-ഓഫ്) കടന്നു. മുൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോയുടെ മകനാണ് ലിബറൽ പാർട്ടി നേതാവായ ഫ്ലാവിയോ ബോൾസൊനാരോ.

എക്സിറ്റ് പോളുകളെയും സർവേ ഫലങ്ങളെയും അപ്രസക്തമാക്കിക്കൊണ്ട് ഫ്ലാവിയോ ബോൾസൊനാരോ 47 ശതമാനത്തിലധികം വോട്ടുകൾ നേടിയപ്പോൾ, നാലാം വട്ടവും അധികാരം തേടിയിറങ്ങിയ ലുലയ്ക്ക് 45 ശതമാനത്തിനടുത്ത് വോട്ടുകൾ നേടാനേ സാധിച്ചുള്ളൂ. ആദ്യഘട്ടത്തിൽ തന്നെ അനായാസ വിജയം പ്രതീക്ഷിച്ചിരുന്ന ലുലയുടെ വർക്കേഴ്സ് പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് ഈ ഫലം. ഫലം അപ്രതീക്ഷിതമാണെന്നും എന്നാൽ ബ്രസീലിയൻ ജനാധിപത്യം നൽകിയ പാഠം ഉൾക്കൊണ്ട് രണ്ടാം ഘട്ടത്തിൽ ശക്തമായി തിരിച്ചുവരുമെന്നും ലൂല പ്രതികരിച്ചു. ലുലയുടെ ഭരണകാലം അവസാനിക്കാൻ പോകുകയാണെന്നായിരുന്നു വോട്ടെടുപ്പിന് ശേഷം ഫ്ലാവിയോ ബോൾസൊനാരോയുടെ പ്രതികരണം.

വന്‍ വിലക്കയറ്റവും സുരക്ഷാ പ്രശ്നങ്ങളുമാണ് തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരത്തിന് ആക്കം കൂട്ടിയത് എന്നാണ് ആദ്യഘട്ട വിലയിരുത്തല്‍. കൂടാതെ, സെനറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും ബോൾസൊനാരോയുടെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ പാർട്ടികൾ വലിയ ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്. ലാറ്റിനമേരിക്കയിലെ പല രാജ്യങ്ങളിലും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുകൂല വലതുപക്ഷ ശക്തികൾ അധികാരത്തിലേക്ക് തിരിച്ചെത്തുന്ന രാഷ്ട്രീയ തരംഗം ബ്രസീലിലും ആവർത്തിക്കപ്പെടുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. വരും ആഴ്ചകളിൽ ഇരുപക്ഷവും അടുത്തഘട്ട തെരഞ്ഞെടുപ്പിനായി കടുത്ത പ്രചാരണ പോരാട്ടത്തിനാകും രാജ്യം സാക്ഷ്യം വഹിക്കുക.

2002-ൽ ബ്രസീലിന്റെ ചരിത്രത്തിലെ ആദ്യ തൊഴിലാളിവർഗ്ഗ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും തുടർന്ന് 2006-ലും 2022-ലും വീണ്ടും അധികാരത്തിലെത്തുകയും ചെയ്ത ലുല, ഇത്തവണത്തെ തെരഞ്ഞെടുപ്പിലൂടെ തുടർച്ചയായല്ലാത്ത നാലാമത്തെ ഭരണനേട്ടം സ്വന്തമാക്കി ചരിത്രം കുറിക്കാമെന്ന പ്രതീക്ഷയിലാണ്.

അതേസമയം, 2022-ലെ തെരഞ്ഞെടുപ്പിൽ അന്നത്തെ പ്രസിഡന്റ് ജെയർ ബോൾസൊനാരോയെ ലുല പരാജയപ്പെടുത്തിയപ്പോൾ, തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങൾ നടത്തിയ പരാജയപ്പെട്ട നീക്കവും നാല് വർഷങ്ങൾക്ക് മുൻപ് തലസ്ഥാനമായ ബ്രസീലിയയിൽ അവർ സൃഷ്ടിച്ച അക്രമസംഭവങ്ങളും ഓർമ്മിപ്പിച്ചുകൊണ്ട്, ആ തീവ്ര വലതുപക്ഷത്തിനെതിരായ പോരാട്ടത്തിലെ ഏറ്റവും നിർണായകമായ യുദ്ധമായാണ് ലൂലയുടെ സഖ്യകക്ഷികൾ ഈ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്.

SCROLL FOR NEXT