യുഎൻ പൊതുസഭാ സമ്മേളന വേദിയിലേക്ക് യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോയപ്പോൾ വഴിയിൽ കുടുങ്ങി ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാന്യുവേൽ മക്രോൺ. ട്രംപിന്റെ വാഹനം കടന്നുപോകാതെ മക്രോയെയും സംഘത്തെയും റോഡ് ക്രോസ് ചെയ്യാൻ അനുവദിക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചപ്പോൾ മക്രോ നേരിട്ട് ട്രംപിനെ ഫോണിൽ വിളിച്ചു . വഴി തടയപ്പെട്ടത് അറിയിക്കാൻ വിളിച്ച കോളിൽ മക്രോയും ട്രംപും ചർച്ച ചെയ്തത് അന്താരാഷ്ട്ര വിഷയങ്ങൾ
തിങ്കളാഴ്ച വൈകീട്ട് ഫ്രെഞ്ച് പ്രസിഡന്റും പത്തുപേരുടെ പ്രതിനിധി സംഘവും മിഡ്ടൗൺ മൻഹാട്ടനിലൂടെ നടക്കുമ്പോഴാണ് വഴിയിൽ കുടുങ്ങിയത്. റോഡ് മുറിച്ച് കടക്കാനൊരുങ്ങുമ്പോഴാണ് ന്യൂയോർക്ക് പൊലീസ് വഴി അടച്ചിരിക്കുന്നതായി കണ്ടത്. പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിന്റെ വാഹനവ്യൂഹം ആ വഴി വരാൻ പോകുന്നതുകൊണ്ട് വഴി അടച്ചിരിക്കുകയാണെന്നും കടന്നുപോകാൻ അനുവദിക്കാനാവില്ലെന്നും വിനയത്തോടെ ഒരു പൊലീസുദ്യോഗസ്ഥൻ മാക്രോണിനെ അറിയിച്ചു.
''എന്‍റെ കൂടെ പത്ത് ആളുകളുണ്ട്. എനിക്ക് ഫ്രെഞ്ച് കോൺസുലേറ്റിലേക്ക് പോകണം..'' എന്ന് മാക്രോൺ പൊലീസുദ്യോഗസ്ഥനോട് പറഞ്ഞു. നിങ്ങളൊന്ന് കണ്ണടച്ചാൽ, എനിക്ക് കടന്ന് പോകാമെന്നും തമാശരൂപത്തിൽ മാക്രോൺ പറഞ്ഞു. ''ബഹുമാനപ്പെട്ട പ്രസിഡന്റ് എന്നോട് ക്ഷമിക്കണം എനിക്ക് അതിന് അനുവദിക്കാനാവില്ല'' എന്നായിരുന്നു പൊലീസുകാരന്‍റെ മറുപടി. ഇതോടെ ഇമ്മാന്യുവേൽ മാക്രോൺ ഫോണെടുത്ത് നേരിട്ട് ട്രംപിനെ വിളിച്ചു. സുഖമാണോ എന്ന ചോദ്യത്തോടെ ഇങ്ങനെ പറഞ്ഞു, ''നിങ്ങളറിഞ്ഞോ ഞാൻ റോഡിൽ കുടുങ്ങിയിരിക്കുകയാണ്. നിങ്ങൾക്ക് വേണ്ടി എല്ലാം തടഞ്ഞുവെച്ചിരിക്കുകയാണ്''.
ഏറ്റവും ശ്രദ്ധേയമായ കാര്യം ഏതാനും മിനിറ്റുകൾ നീണ്ടു നിന്ന ആ ഫോൺകോളിൽ ഗാസയടക്കമുള്ള അന്താരാഷ്ട്ര വിഷയങ്ങൾ മാക്രോൺ ട്രംപുമായി ചർച്ച ചെയ്തു എന്നതാണ്. ഫോൺ കോൾ അവസാനിച്ച് അൽപം കഴിഞ്ഞപ്പോൾ ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോയി. ബാക്കി ദൂരം നടക്കാൻ തന്നെ മക്രോ തീരുമാനിച്ചു. മൻഹാട്ടനിലെ തിരക്കുള്ള തെരുവുകളിലൂടെ മാക്രോണും സംഘവും നടന്നു. ആളുകൾ മാക്രോണിനൊപ്പം സെൽഫിയെടുക്കാൻ തിരക്കു കൂട്ടി. ഇതിനിടയിൽ ഒരാൾ മാക്രോണിനെ ഉമ്മവെച്ചു. ''ഒരു ഉമ്മയല്ലേ...വലിയ പ്രശ്നമൊന്നുമല്ല'' ...എന്ന് പറഞ്ഞുകൊണ്ട് മാക്രോൺ നടന്നു നീങ്ങി.