WORLD

പുടിനൊപ്പം സെൽഫിയെടുത്ത് വൈറലായി മലയാളി പയ്യൻ; പോക്കറ്റ് മണിക്ക് പകരം അച്ഛന് 2 ലക്ഷം ശമ്പളം നൽകുന്ന എഐ കിഡ് ഓഫ് ഇന്ത്യ.

മോസ്കോയിൽ നടന്ന അന്താരാഷ്ട്ര എഐ സമ്മേളനമായ 'എഐ ജേർണി 2026'-ലാണ് റൗളിന് പുടിനെ നേരിൽ കാണാനും സെൽഫിയെടുക്കാനും അവസരം ലഭിച്ചത്. നവംബർ 26-ന് ആരംഭിച്ച മൂന്ന് ദിവസത്തെ സമ്മേളനത്തിൽ നടന്ന പ്ലീനറി സെഷനു ശേഷമായിരുന്നു കൂടിക്കാഴ്ച.

Author : ന്യൂസ് ഡെസ്ക്

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനൊപ്പം സെൽഫിയെടുത്തിരിക്കുകയാണ് കേരളത്തിൽ നിന്നുള്ള 17-കാരനായ സംരംഭകൻ റൗൾ ജോൺ അജു. മോസ്കോയിൽ നടന്ന അന്താരാഷ്ട്ര എഐ സമ്മേളനമായ 'എഐ ജേർണി 2026'-ലാണ് റൗളിന് പുടിനെ നേരിൽ കാണാനും സെൽഫിയെടുക്കാനും അവസരം ലഭിച്ചത്. നവംബർ 26-ന് ആരംഭിച്ച മൂന്ന് ദിവസത്തെ സമ്മേളനത്തിൽ നടന്ന പ്ലീനറി സെഷനു ശേഷമായിരുന്നു കൂടിക്കാഴ്ച. ഈ അപൂർവ നിമിഷം റൗൾ ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്.

"ഇപ്പോഴും ഈ അനുഭവം വിശ്വസിക്കാൻ കഴിയുന്നില്ല. വിനോദത്തിനായി വീഡിയോകൾ ചെയ്തിരുന്ന ഒരു കൊച്ചുകുട്ടിയിൽ നിന്ന് 17-ാം വയസ്സിൽ പ്രസിഡന്റ് പുടിനെ കാണുന്ന നിലയിലേക്ക് ജീവിതം എന്നെ എത്തിച്ചിരിക്കുന്നു. സ്വപ്നം കാണാൻ പോലും അറിയാത്ത അവസരങ്ങളാണ് ജീവിതം എനിക്ക് നൽകിയത്" എന്നായിരുന്നു റൗളിന്റെ കുറിപ്പ്. റഷ്യൻ എംബസിയും റൗളിന്റെ നേട്ടത്തെക്കുറിച്ച് പരാമർശിച്ചു. 'തിങ്ക് ക്രാഫ്റ്റ്' എന്ന പ്ലാറ്റ്ഫോം വികസിപ്പിച്ച സ്കൂൾ വിദ്യാർഥിയെന്നാണ് എംബസി റൗളിനെ വിശേഷിപ്പിച്ചത്. കസാഖിസ്ഥാൻ പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവുമായും കൂടിക്കാഴ്ച നടത്തിയ യുവ എഐ പ്രതിഭകളിൽ റൗളും ഉൾപ്പെട്ടിരുന്നു.

എന്നാൽ റൗളിന്റെ നേട്ടങ്ങൾ ഇവിടെയൊന്നും അവസാനിക്കുന്നില്ല. വെറും ഒൻപതാം വയസ്സിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോട് താൽപര്യം തോന്നിയ റൗൾ സ്വയം പഠിച്ചാണ് ഈ രംഗത്ത് വളർന്നത്. പിന്നീട് എഐ റെൽം ടെക്നോളജീസ് എന്ന സ്റ്റാർട്ടപ്പിന് തുടക്കമിട്ടു. ഇന്ന് 15 ജീവനക്കാരുള്ള ഈ സംരംഭം ലോകമെമ്പാടുമായി ഏകദേശം അഞ്ച് ലക്ഷം വിദ്യാർഥികൾക്ക് എഐ പരിശീലനം നൽകിയിട്ടുണ്ട്. സ്കൂൾ സയൻസ് പ്രോജക്ടിന്റെ ഭാഗമായി 'മീബോട്ട്' എന്ന റോബോട്ടും റൗൾ വികസിപ്പിച്ചിരുന്നു.

റൗളിന്റെ ജീവിതത്തിലെ മറ്റൊരു കൗതുകകരമായ കാര്യം കൂടിയുണ്ട്. സാധാരണ കൗമാരക്കാർ മാതാപിതാക്കളോട് പോക്കറ്റ് മണി ചോദിക്കുമ്പോൾ റൗളിന്റെ അച്ഛൻ മകന് കീഴിൽ ജോലി ചെയ്യുകയാണ്! അതും മാസം രണ്ട് ലക്ഷം രൂപ ശമ്പളം വാങ്ങി. അച്ഛന് ജോലി ലഭിച്ച അഡോബിയുടെ പ്രീമിയം സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാൻ അവസരം ലഭിച്ചതാണ് സാങ്കേതികവിദ്യയിലേക്കുള്ള തന്റെ യാത്രയ്ക്ക് തുടക്കമിട്ടതെന്ന് റൗൾ നേരത്തെ പറഞ്ഞിരുന്നു. ഒൻപതാം വയസ്സിൽ തുടങ്ങിയ കൗതുകം ഇന്ന് അന്താരാഷ്ട്ര വേദിയിൽ ഇന്ത്യൻ യുവപ്രതിഭയുടെ അടയാളമായി മാറിയിരിക്കുകയാണ്. 17-ാം വയസ്സിൽ പുടിനൊപ്പം സെൽഫി വരെ എത്തിയ ഈ മലയാളി മിടുക്കന്റെ അടുത്ത ലക്ഷ്യം എന്തായിരിക്കുമെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.

SCROLL FOR NEXT