ഗാസയിലെ കൂട്ടക്കൊല ഇസ്രയേലിന്‍റെ ഭാവിക്ക് അനിവാര്യമാണെന്ന് ഇസ്രയേലി സൈനിക ഇന്റലിജൻസ് മുൻ മേധാവി. മേജർ ജനറൽ (റിട്ട.) അഹരോൺ ഹലിവയുടെ ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ഓക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓരോ ഇസ്രയേലിക്കും പകരം, 50 പലസ്തീനികള്‍ കൊല്ലപ്പെടണം എന്നാണ് ജനറല്‍ അഹരോൺ ഹലിവ പറയുന്നത്. കൊല്ലപ്പെടുന്നത് കുട്ടികളായാലും പ്രശ്നമില്ലെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു.
ഇസ്രായേലി ചാനലായ 12 ന്യൂസാണ് ഓഡിയോ ക്ലിപ് പുറത്തുവിട്ടത്. എപ്പോഴാണ് സംഭാഷണം നടന്നതെന്ന് വ്യക്തമല്ലെങ്കിലും ഗാസയില്‍ 50,000 മരണങ്ങള്‍ പിന്നിട്ടെന്ന കാര്യം സന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്. ഈ വർഷം മാർച്ചിലാണ് ഗാസയിലെ മരണസംഖ്യ 50,000 പിന്നിട്ടത്. കൂട്ടക്കൊലകൾ 'പ്രതികാരമല്ല', മറിച്ച് ഒരു പ്രതിരോധം മാത്രമാണെന്ന് തറപ്പിച്ചു പറയുകയാണ് സൈനിക ഇന്റലിജൻസ് മുൻ മേധാവി.
"ഒക്ടോബർ 7 ന് കൊല്ലപ്പെട്ട ഓരോ വ്യക്തിക്കും പകരം 50 പലസ്തീനികൾ മരിക്കണം. അവർ കുട്ടികളാണോ എന്നത് ഇപ്പോൾ പ്രശ്നമല്ല. ഗാസയിൽ ഇതിനകം 50,000 പേർ മരിച്ചിട്ടുണ്ടെന്ന വസ്തുത ഭാവിതലമുറയ്ക്ക് അനിവാര്യവും ആവശ്യവുമാണ്," അഹരോൺ ഹലിവ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണ സമയത്ത് ഐഡിഎഫിന്‍റെ ഇന്റലിജൻസ് വിഭാഗം മേധാവിയായിരുന്നു അഹരോൺ ഹലിവ. 2024 ഏപ്രിലില്‍ ആക്രമണം മുന്‍കൂട്ടി കാണാൻ പരാജയപ്പെട്ടതിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇയാൾ രാജിവെക്കുകയായിരുന്നു.
അതേസമയം ഗാസ നഗരവാസികളെ തെക്കന്‍ ഗാസയിലേക്ക് കുടിയൊഴിപ്പിക്കാനുള്ള ഇസ്രയേലിന്‍റെ പദ്ധതി തള്ളിയിരിക്കുകയാണ് ഹമാസ്. പോരാട്ടമേഖലകളില്‍ നിന്ന് മാറ്റിപ്പാർപ്പിക്കുന്നവർക്കായി ടെന്റുകളും ഷെൽട്ടർ ഉപകരണങ്ങളും വിതരണം ചെയ്യുമെന്നാണ് ഇസ്രയേല്‍ സൈന്യം അറിയിച്ചിരിക്കുന്നത്.
നിർബന്ധിത കുടിയൊഴിപ്പിക്കലിനും വംശഹത്യയ്ക്കുമുള്ള പുതിയ നീക്കമെന്ന് ഉത്തരവിനെ വിശേഷിപ്പിച്ച ഹമാസ്, ഒരു ദശലക്ഷത്തോളം ജനസംഖ്യയുള്ള ഗാസ നഗരത്തെ പിടിച്ചടക്കാനുള്ള തന്ത്രമാണ് ഇസ്രയേലിന്‍റേതെന്നും ആരോപിച്ചു. ഇതിനിടെ, ഞായറാഴ്ച ഇസ്രയേലിന്‍റെ ആക്രമണത്തില്‍ 57 പേർ ഗാസയില്‍ കൊല്ലപ്പെട്ടു. ഏഴുപേർ കൂടി വിശന്നുമരിച്ചതോടെ ഗാസയിലെ പട്ടിണി മരണങ്ങള്‍ 258 ആയി ഉയർന്നു. ഇതില്‍ 110 കുട്ടികളും ഉള്‍പ്പെടുന്നു.