മെക്‌സിക്കന്‍ മയക്കുമരുന്ന് മാഫിയ തലവന്‍ നെമെസിയോ 'എല്‍ മെഞ്ചോ' ഒസെഗ്വേരയെ വധിച്ചതായി മെക്‌സിക്കന്‍ സൈന്യം. നെമെസിയോയെ പിടികൂടാനായി നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ മെക്‌സിക്കോയുടെ വിവിധ ഭാഗങ്ങളില്‍ വലിയ രീതിയിലുള്ള അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു.
മെക്‌സിക്കോയിലെ ഏറ്റവും അപകടകാരികളായ 'ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍' (CJNG) സംഘത്തിന്റെ തലവനായാണ് എല്‍ മെഞ്ചോയെ വിശേഷിപ്പിക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് എല്‍ മെഞ്ചോ കൊല്ലപ്പെട്ടതെന്നാണ് സൈന്യം നല്‍കുന്ന വിശദീകരണം.
എല്‍ മെഞ്ചോ കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ കാര്‍ട്ടല്‍ അംഗങ്ങള്‍ വിവിധയിടങ്ങളില്‍ പൊലീസുമായി ഏറ്റുമുട്ടി.
ജാലിസ്‌കോ സ്‌റ്റേറ്റിലെ തപാല്‍പ പട്ടണത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ 59 കാരനായ എല്‍ മെഞ്ചോയ്ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും വിദഗ്ധ ചികിത്സയ്ക്കായി സിറ്റിയിലേക്ക് വിമാനമാര്‍ഗ്ഗം കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചതെന്നുമാണ് സൈന്യം പുറത്തുവിട്ട കുറിപ്പിൽ പറയുന്നത്.
യുഎസ് 15 ദശലക്ഷം ഡോളര്‍ (ഏകദേശം 125 കോടിയിലധികം) തലയ്ക്കു വിലയിട്ട മയക്കുമരുന്ന് രാജാവാണ് കൊല്ലപ്പെട്ടത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിമിനല്‍ വേട്ടയെന്നാണ് മെക്‌സിക്കന്‍ സൈന്യം ഏറ്റുമുട്ടലിനെ വിശേഷിപ്പിച്ചത്.
എല്‍ മാഞ്ചോയുടെ കൊലപാതകത്തിനു പിന്നാലെ മെക്‌സിക്കോയില്‍ വലിയ സംഘര്‍ഷാവസ്ഥയാണുള്ളത്. സൈനിക നടപടിയില്‍ പ്രത്യാഘാതമെന്നോണം ജാലിസ്‌കോ സംസ്ഥാനത്തെ 20-ലധികം റോഡുകള്‍ സായുധ സംഘം ഉപരോധിച്ചു. തപാല്‍പ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കാറുകള്‍ക്കും ട്രക്കുകള്‍ക്കും തീയിട്ടായിരുന്നു പ്രതിഷേധം.
മറ്റിടങ്ങളിലേക്കും അക്രമങ്ങള്‍ വ്യാപിക്കുന്നുണ്ട്. ജനങ്ങള്‍ ശാന്തരായി ഇരിക്കണമെന്ന് പ്രസിഡന്റ് ക്ലോഡിയ ഷീന്‍ബോം അഭ്യര്‍ത്ഥിച്ചു.
സിനാലോവ കാര്‍ട്ടല്‍ സ്ഥാപകരായ ജോവാക്വിന്‍ 'എല്‍ ചാപ്പോ' ഗുസ്മാന്‍, ഇസ്മായില്‍ സാംബാദ എന്നിവര്‍ക്ക് ശേഷം പിടിയിലാകുന്ന ഏറ്റവും വലിയ മയക്കുമരുന്ന് രാജാവാണ് എല്‍ മെഞ്ചോ എന്നറിയപ്പെടുന്ന ഒസെഗ്വേര. ഗുസ്മാനും സാംബാദയും നിലവില്‍ യുഎസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്.
ഞായറാഴ്ചയാണ് സൈനിക നടപടിയുണ്ടായത്. മെക്‌സിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റേയും യുഎസിന്റെയും വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സൈനിക നടപടി. എല്‍ മെഞ്ചോയ്‌ക്കൊപ്പം ആറ് സംഘാംഗങ്ങള്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
വന്‍ ആയുധശേഖരം പിടികൂടിയതായും മെക്‌സിക്കന്‍ സൈന്യം അവകാശപ്പെടുന്നുണ്ട്. വിമാനങ്ങളെ വെടിവെച്ചിടാനും കവചിത വാഹനങ്ങള്‍ തകര്‍ക്കാനും ശേഷിയുള്ള റോക്കറ്റ് ലോഞ്ചറുകള്‍ ഉള്‍പ്പെടെയുള്ള വന്‍ ആയുധശേഖരം പിടിച്ചെടുത്തുവെന്നാണ് വിവരം.
2009 ലാണ് എല്‍ മെഞ്ചോ ജാലിസ്‌കോ കാര്‍ട്ടല്‍ രൂപീകരിച്ചത്. യുഎസ് ഭീകര സംഘടനയായി പ്രഖ്യാപിച്ച സംഘടനയാണിത്. എല്‍ മെഞ്ചോയുടെ മരണം മെക്‌സിക്കോയ്ക്കും അമേരിക്കയ്ക്കും ലോകത്തിനും വലിയ നേട്ടമാണെന്ന് യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ക്രിസ്റ്റഫര്‍ ലാന്‍ഡൗ പ്രതികരിച്ചു.