WORLD

മിയാമി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; അന്വേഷണം ആരംഭിച്ചു

സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്

Author : ന്യൂസ് ഡെസ്ക്

അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കോപ എയര്‍ലൈന്‍സിന്റെ യാത്രാവിമാനവും യു.പി.എസിന്റെ കാര്‍ഗോ വിമാനവുമാണ് ടാക്‌സിവേയില്‍ കൂട്ടിയിടിച്ചത്.

പനാമ സിറ്റിയില്‍ നിന്ന് 166 യാത്രക്കാരും ആറ് ജീവനക്കാരുമായി എത്തിയ കോപ എയര്‍ലൈന്‍സ് വിമാനത്തിലെ രണ്ട് യാത്രക്കാര്‍ക്ക് അപകടത്തില്‍ നിസ്സാര പരുക്കേറ്റു.

പനാമയില്‍ നിന്ന് എത്തിയ കോപ വിമാനം ടാക്‌സിവേയിലൂടെ പാര്‍ക്കിങ് ഗേറ്റിലേക്ക് നീങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അതേസമയം, കൊളംബിയയിലെ ബൊഗോട്ടയിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലായിരുന്നു യു.പി.എസ് കാര്‍ഗോ വിമാനം.

കോപ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനത്തിന്റെ ഇടത് ചിറകിന്റെ അറ്റം യു.പി.എസിന്റെ ബോയിങ് 767 കാര്‍ഗോ വിമാനത്തിന്റെ മുന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു.

കോപ വിമാനത്തിന് വഴിമാറിക്കൊടുക്കാന്‍ യു.പി.എസ് വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എ.ടി.സി) നിര്‍ദേശം നല്‍കിയിരുന്നതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്.എ.എ) അറിയിച്ചു. അപകടത്തിന്റെ കൃത്യമായ സാഹചര്യം കണ്ടെത്താന്‍ എഫ്.എ.എ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

SCROLL FOR NEXT