ഇന്ത്യൻ തീരത്ത് നിന്ന് മടങ്ങിയ ചരക്കുകപ്പലിന് ഒമാൻ ഉൾക്കടലിൽ വെച്ച് തീപിടിച്ചു. ഗുജറാത്തിലെ കണ്ട്‌ലയില്‍ നിന്ന് ഒമാനിലെ ഷിനാസ് തീരത്തേക്ക് പുറപ്പെട്ട 'എംടി യി ചെങ് 6' കപ്പലാണിത്. ഗള്‍ഫ് ഓഫ് ഒമാനിലൂടെ സഞ്ചരിക്കവെ കപ്പലിൻ്റെ എണ്ണ ടാങ്കറിന്‍റെ എന്‍ജിന്‍ റൂമിലടക്കം തീപടര്‍ന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.
കപ്പല്‍ ജീവനക്കാരില്‍ 14 പേര്‍ ഇന്ത്യക്കാരാണ്. 13 നാവികസേനാംഗങ്ങളും അഞ്ച് കപ്പൽ ജീവനക്കാരും ചേർന്ന് എണ്ണ ടാങ്കറില്‍ തീയണയ്ക്കാൻ ശ്രമം തുടരുകയാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഞായറാഴ്ചയാണ് കപ്പലിൽ തീപടർന്നുവെന്ന അപകടവിവരം ഇന്ത്യൻ നാവികസേനയ്ക്ക് ലഭിച്ചത്.
ഐഎന്‍എസ് തബാറെന്ന ഇന്ത്യൻ പടക്കപ്പല്‍ തീപിടിച്ച എണ്ണ ടാങ്കറിന് സമീപമെത്തിയിട്ടുണ്ട്. തൽവാർ ക്ലാസ് ഫ്രിഗേറ്റ് വിഭാഗത്തിൽപ്പെടുന്ന ഈ കപ്പലില്‍ നിന്ന് ഹെലികോപ്റ്ററിലും സ്പീഡ് ബോട്ടുകളിലുമായാണ് നാവികസേനയുടെ രക്ഷാസംഘം എണ്ണക്കപ്പലില്‍ ഇറങ്ങിയത്.
നാവികസേനയുടെ 13 അംഗങ്ങള്‍ എണ്ണക്കപ്പലില്‍ ഇറങ്ങി തീ അണയ്ക്കുന്ന ദൗത്യത്തില്‍ പങ്കെടുക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.