കാഠ്‌മണ്ഡു: ജെൻ സി പ്രക്ഷോഭം ആളി പടർന്നതോടെ, സമൂഹ മാധ്യമ വിലക്ക് നീക്കി നേപ്പാൾ സർക്കാർ. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ നിരോധിക്കാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചത്. നേപ്പാൾ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ മന്ത്രി പൃഥ്വി സുബ്ബ ഗുരുങ്ങാണ് വിലക്ക് നീക്കിയതായി അറിയിച്ചത്. പ്രക്ഷോഭം അന്വേഷിക്കാൻ പ്രത്യേക സമിതിയെയും നിയോഗിച്ചു. 15 ദിവസത്തിനകം റിപ്പോർട്ട് കൈമാറാനാണ് നിർദേശം.
നിരോധനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയും 19 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് സമൂഹ മാധ്യമ വിലക്ക് സർക്കാർ നീക്കിയത്. ഈ മാസം നാലിനാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ്, യൂട്യൂബ് തുടങ്ങി 26 സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകള്‍ നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചത്. പുതിയ സോഷ്യല്‍ മീഡിയ നിയമങ്ങള്‍ പ്രകാരം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാത്ത എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും അടിയന്തരമായി രജിസ്ട്രേഷന്‍ നടപടികള്‍ പൂർത്തീകരിക്കണമെന്ന് സർക്കാർ നിർദേശം നല്‍കിയിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെയാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ഇതിനെതിരെയാണ് നേപ്പാളില്‍ പ്രതിഷേധം ഉണ്ടായത്.
പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏർപ്പെടുത്തിയതോടെ നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം ആളിക്കത്തി. പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധം ശക്തമായതോടെ നേപ്പാൾ ആഭ്യന്തര വകുപ്പ് മന്ത്രി രമേഷ് ലഖാക് രാജിവച്ചു. ജെൻ സി പ്രതിഷേധത്തിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാജി.