WORLD

നേപ്പാൾ പ്രസിഡൻ്റും രാജിവച്ചു; പ്രതിഷേധം ഭയന്ന് രാജ്യം വിട്ട് പ്രധാനമന്ത്രി ഒലി; മുൻ പ്രധാനമന്ത്രിമാരെ ജനക്കൂട്ടം ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

പ്രതിഷേധക്കാർ മന്ത്രിമാരെ ഉൾപ്പടെ ആക്രമിച്ച സാഹചര്യത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയ ശേഷം രാജ്യം വിട്ടത്.

Author : ന്യൂസ് ഡെസ്ക്

കാഠ്‌മണ്ഡു: ജെൻ സി പ്രതിഷേധം രാജ്യവ്യാപകമായി പടരുന്നതിനിടെ നേപ്പാൾ പ്രസിഡന്‍റ് രാം ചന്ദ്ര പൗഡേൽ രാജിവച്ചു. ഇതോടെ നേപ്പാൾ സർക്കാരും താഴെ വീണുവെന്നാണ് സൂചന. ഉച്ചയോടെ രാജിവച്ച നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി ജനകീയ പ്രതിഷേധം ഭയന്ന് രാജ്യം വിട്ടു. സൈന്യത്തിൻ്റെ പ്രത്യേക ഹെലികോപ്റ്ററിലാണ് അദ്ദേഹം രാജ്യം വിട്ടത്. പ്രതിഷേധക്കാർ മന്ത്രിമാരെ ഉൾപ്പടെ ആക്രമിച്ച സാഹചര്യത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയ ശേഷം രാജ്യം വിട്ടത്.

നേപ്പാൾ മുൻ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദേവൂബയെ ജനക്കൂട്ടം ആക്രമിക്കുന്ന നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്രതിഷേധക്കാരിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ രക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. നേപ്പാളി കോൺഗ്രസ് പ്രസിഡന്‍റും മുൻ പ്രധാനമന്ത്രിയുമാണ് ദേവൂബ.

നേപ്പാൾ ധനമന്ത്രി വിഷ്ണുപ്രസാദ് പൗഡേലിനും മർദനമേറ്റു. പ്രതിഷേധക്കാർ പൗഡേലിനെ തെരുവിലൂടെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. പൗഡേലിൻ്റെ ഭാര്യയ്ക്കും മർദനമേറ്റതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ ഷേർ ബഹാദൂർ ദേവൂബയുടെ ഭാര്യയ്ക്കും വിദേശകാര്യ മന്ത്രിയായ അർസു റാണ ദേവൂബയ്ക്കും പരിക്കേറ്റിട്ടുണ്ട്.

നേരത്തെ പ്രസിഡൻ്റ് രാം ചന്ദ്ര പൗഡലിൻ്റെയും പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെയും സ്വകാര്യ വസതികൾക്ക് പ്രതിഷേധക്കാർ തീയിട്ടിരുന്നു. പ്രതിഷേധക്കാർ നേപ്പാളി പാർലമെൻ്റ് മന്ദിരത്തിൽ അതിക്രമിച്ചു കയറി കെട്ടിടത്തിനും തീയിട്ടു. പ്രസിഡൻ്റിൻ്റെ വസതിക്ക് പുറത്തുകൂടി ജനങ്ങൾ ചുറ്റിനടന്ന് അത് നശിപ്പിക്കുന്നതിൻ്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു.

മുൻ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ എന്ന പ്രചണ്ഡ, ഊർജ്ജ മന്ത്രി ദീപക് ഖഡ്ക എന്നിവരുടെ വീടുകളും പ്രതിഷേധക്കാർ നശിപ്പിച്ചു.

SCROLL FOR NEXT