
കാഠ്‌മണ്ഡു: ജെൻ സി പ്രതിഷേധം രൂക്ഷമായതോടെ രാജിവച്ച് തലയൂരി നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി. പ്രധാനമന്ത്രി ഒലിയുടെയും പ്രസിഡൻ്റിൻ്റെയും ഔദ്യോഗിക വസതികളും പാർലമെൻ്റ് മന്ദിരവും ആക്രമിച്ച ജനകീയ പ്രക്ഷോഭകാരികൾ ഇവിടം തീയിട്ട് നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ജെൻ സി പ്രതിഷേധങ്ങൾക്കിടെ 25 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച ഉച്ചയോടെ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചത്. പ്രതിഷേധക്കാരുടെ പ്രധാന ആവശ്യമായിരുന്നു ഒലിയുടെ രാജി വേണമെന്നത്.
രാജ്യവ്യാപകമായി ഉടൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി രാജിവച്ചെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളിൻ്റെയും (സിപിഎൻ) നേപ്പാളി കോൺഗ്രസിൻ്റെയും നേതൃത്വത്തിലുള്ള സഖ്യസർക്കാർ ഇതുവരെ വീണിട്ടില്ലെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. നേപ്പാൾ പ്രസിഡൻ്റ് രാം ചന്ദ്ര പൗഡൽ കൂടി വൈകാതെ രാജിവച്ചേക്കുമെന്നും റിപ്പോർട്ട് വരുന്നുണ്ട്.
ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടിയിട്ടുണ്ട്. എല്ലാ വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. നേപ്പാളിൽ പുതിയ പ്രധാനമന്ത്രിയെ വൈകിട്ട് പ്രഖ്യാപിച്ചേക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സെപ്തംബർ നാലിനാണ് 24 സമൂഹമാധ്യമ ആപ്പുകൾ രാജ്യത്ത് നിരോധിച്ച് പ്രധാനമന്ത്രി ഉത്തരവിട്ടത്. ഇതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം അണപൊട്ടുകയായിരുന്നു. നേപ്പാൾ പാർലമെൻ്റിൽ കടന്നുകയറിയ പ്രക്ഷോഭകാരികൾ പാർലമെൻ്റിൻ്റെ മതിൽ തകർത്ത് പാർലമെൻ്റ് അങ്കണത്തിൽ തീയിട്ടിരുന്നു.
2024 ജൂലൈ മുതലാണ് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാളിൻ്റെയും (സിപിഎൻ) നേപ്പാളി കോൺഗ്രസിൻ്റെയും നേതൃത്വത്തിലുള്ള സഖ്യസർക്കാർ അധികാരത്തിൽ വന്നത്. ഭൂരിപക്ഷത്തിൻ്റെ അടിസ്ഥാനത്തിൽ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കെ.പി. ശർമ ഒലി പ്രധാനമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ മാവോയിസ്റ്റ് സെൻ്റർ-കോൺഗ്രസ് സഖ്യ സർക്കാരിൻ്റെ തകർച്ചയെ തുടർന്നാണ് പുതിയ സർക്കാർ അധികാരത്തിലെത്തിയത്.