ട്രംപ്-നെതന്യാഹു കൂടിക്കാഴ്ചയ്ക്കിടെ  Source: x/ The White House
WORLD

"നെതന്യാഹു ഒരു ഭ്രാന്തനെപ്പോലെ... എപ്പോഴും എല്ലായിടത്തും ബോംബിടുന്നു"; അനിഷ്ടം പരസ്യമാക്കി യുഎസ് ഉദ്യോഗസ്ഥര്‍

ട്രംപ് ഭരണകൂടത്തിനുള്ളില്‍ നെതന്യാഹുവുമായി ബന്ധപ്പെട്ട സംശയം വളര്‍ന്നുവരുന്നുണ്ടെന്നാണ് മറ്റൊരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്

Author : ന്യൂസ് ഡെസ്ക്

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരു ഭ്രാന്തനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍. നെതന്യാഹു എപ്പോഴും എല്ലായിടത്തും ബോംബിടുകയാണെന്നും ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. സിറിയയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തെ പരാമര്‍ശിച്ച് ആക്സിയോസ് ഡോട്ട് കോമിനോടായിരുന്നു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

ബീബി ഒരു ഭ്രാന്തനെപ്പോലെയാണ് പ്രവര്‍ത്തിച്ചത്. അദ്ദേഹം എപ്പോഴും എല്ലായിടത്തും ബോംബിടുകയാണ്. ഇത് യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രവൃത്തികളെ ദുര്‍ബലപ്പെടുത്തിയേക്കും - ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദമാസ്കസിൽ ഇസ്രയേൽ വ്യോമാക്രമണങ്ങൾ നടത്തുകയും, തെക്കൻ പ്രദേശങ്ങളിലെ സർക്കാർ സേനയെ ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്റെ പരാമർശം.

ഗാസയിലെ ഏക കത്തോലിക്കാ ദേവാലയം ആക്രമിക്കപ്പെട്ടതിനു പിന്നാലെ, പ്രസിഡന്റ് ട്രംപ് നെതന്യാഹുവിനെ വിളിച്ചിരുന്നു. ആക്രമണത്തില്‍ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും മറ്റൊരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'എല്ലാ ദിവസവും എന്തെങ്കിലും പുതിയതായി ഉണ്ടാകുന്നു എന്നതാണ് തോന്നല്‍. വാട്ട് ദി ....?' -ഉദ്യോഗസ്ഥന്‍ പറയുന്നു. നെതന്യാഹു മൂന്നാം തവണയും യുഎസ് സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ഈ പരാമര്‍ശം. വൈറ്റ് ഹൗസില്‍ അത്താഴവിരുന്ന് ഉള്‍പ്പെടെ ട്രംപുമായി നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. എന്നിട്ടും, ഗാസയിലെ യുദ്ധത്തിന്റെ കാര്യത്തില്‍ ഒരു മാറ്റവും ഉണ്ടായില്ല.

ട്രംപ് ഭരണകൂടത്തിനുള്ളില്‍ നെതന്യാഹുവുമായി ബന്ധപ്പെട്ട സംശയം വളര്‍ന്നുവരുന്നുണ്ടെന്നാണ് മൂന്നാമത്തെ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. 'വല്ലാത്ത ചൊറിച്ചിലും അസ്വസ്ഥതയും' ഉണ്ടാക്കുന്ന ആളെന്നാണ് ഉദ്യോഗസ്ഥന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. 'നെതന്യാഹു ചിലപ്പോഴൊക്കെ നന്നായി പെരുമാറാൻ മടിക്കുന്ന കുട്ടിയെപ്പോലെയാണെന്ന്' മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, ഇത്തരം പ്രസ്താവനകളോട് ഇസ്രയേലിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല.

സിറിയയിലെ ഇസ്രയേല്‍ ആക്രമണത്തെത്തുടർന്ന്, സംഘര്‍ഷം അവസാനിപ്പിക്കാന്‍ യഎസ് ഇടപെട്ടിരുന്നു. തുര്‍ക്കിയിലെ യുഎസ് അംബാസഡര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തു. സംഘര്‍ഷം അവസാനിപ്പിക്കാനും വെടിനിര്‍ത്തലിനുമായി യുഎസ് ആണ് മധ്യസ്ഥത വഹിച്ചതെങ്കിലും, നെതന്യാഹുവിലും അദ്ദേഹത്തിന്റെ മേഖലാ നയങ്ങളിലും ട്രംപ് ഭരണകൂടം കൂടുതല്‍ ആശങ്കാകുലരാണെന്ന് ആറ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ട്രംപ് നെതന്യാഹുവിനെ പരസ്യമായി വിമര്‍ശിക്കുകയോ, ഉദ്യോഗസ്ഥരുടെ അതേ നിരാശകള്‍ പങ്കുവയ്ക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല, യുഎസ് സന്ദർശന വേളയിൽ പുറത്തിറക്കിയ വീഡിയോയിൽ, നെതന്യാഹു ഇരു രാജ്യങ്ങളും തമ്മിലുള്ള അചഞ്ചലമായ സഖ്യത്തെക്കുറിച്ച് എടുത്തുപറയുകയും, ട്രംപിനെ ആവര്‍ത്തിച്ച് പ്രശംസിക്കുകയും ചെയ്തിരുന്നു.

'മിഡിൽ ഈസ്റ്റിനെയും മറ്റും സമൃദ്ധിയുടെയും സമാധാനത്തിന്റെയും ഭാവിയിലേക്ക് നയിക്കാൻ സഹായിക്കുന്ന ചരിത്രത്തിന്റെ ഒരു നാഴികക്കല്ലാണ് അദ്ദേഹത്തിന്റെ നേതൃത്വം ഇന്ന് സൃഷ്ടിച്ചിരിക്കുന്നത്' - എന്നായിരുന്നു ട്രംപിനെ ഒപ്പമിരുത്തി നെതന്യാഹു പറഞ്ഞത്. മാത്രമല്ല, ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്തതായി പ്രഖ്യാപിക്കുന്ന ഒരു കത്തും നെതന്യാഹു മാധ്യമപ്രവർത്തകർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു.

SCROLL FOR NEXT