തദ്ദേശീയ വന്യജീവികളെ സംരക്ഷിക്കാന്‍ പുതിയ പദ്ധതിയുമായി ന്യൂസിലന്‍ഡ് സര്‍ക്കാര്‍. 2050 ഓടെ രാജ്യത്തുള്ള കാട്ടുപൂച്ചകളെ ഇല്ലാതാക്കാനാണ് പദ്ധതി. 'കരുണയില്ലാത്ത കൊലയാളികള്‍' (stone cold killers) എന്നാണ് കാട്ടുപൂച്ചകളെ കണ്‍സര്‍വേഷന്‍ മന്ത്രിയായ തമ പൊട്ടക വിശേഷിപ്പിച്ചത്.
ന്യൂസിലന്‍ഡിലെ തദ്ദേശീയരായ പക്ഷികള്‍, വവ്വാലുകള്‍, പല്ലികള്‍, പ്രാണികള്‍ എന്നിവയ്ക്ക് ഭീഷണിയാകുന്ന അധിനിവേശ ജീവിവര്‍ഗങ്ങളെ ലക്ഷ്യമിട്ട് 2016-ല്‍ ആരംഭിച്ച പ്രെഡേറ്റര്‍ ഫ്രീ 2050 പട്ടികയില്‍ കാട്ടുപൂച്ചകളേയും ഉള്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂസിലന്‍ഡിലെ തദ്ദേശീയ ജീവിവര്‍ഗ്ഗങ്ങള്‍ കരയിലെ സസ്തനികളായ വേട്ടക്കാര്‍ ഇല്ലാത്ത ഒരു പരിതസ്ഥിതിയിലാണ് പരിണമിച്ചത്. അതിനാല്‍, പൂച്ചകളെപ്പോലെയുള്ള വേട്ടക്കാര്‍ക്ക് ഇവയെ എളുപ്പത്തില്‍ ഇരയാക്കാന്‍ കഴിയും. കാട്ടുപൂച്ചകള്‍ തദ്ദേശീയരായ പക്ഷികള്‍, വവ്വാലുകള്‍ പ്രാണികള്‍ എന്നിവയെ വന്‍തോതില്‍ വേട്ടയാടി ഇല്ലാതാക്കുന്നു. ബ്ലാക്ക് സ്റ്റില്‍സ് പോലുള്ള വംശനാശഭീഷണി നേരിടുന്ന പക്ഷികള്‍ക്ക് കാട്ടുപൂച്ചകള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
ന്യൂസിലന്‍ഡിലെ ആവാസവ്യവസ്ഥയില്‍ കാട്ടുപൂച്ചകള്‍ വലിയ നാശഷ്ടങ്ങൾ വരുത്തുന്നതായാണ് വിലയിരുത്തല്‍. പൂച്ചകള്‍ പരത്തുന്ന 'ടോക്‌സോപ്ലാസ്‌മോസിസ്' എന്ന രോഗം ഡോള്‍ഫിനുകള്‍ പോലുള്ള മറ്റ് ജീവിവര്‍ഗ്ഗങ്ങള്‍ക്കും ഭീഷണിയാണ്.
വീടുകളില്‍ വളര്‍ത്തുന്ന പൂച്ചകളെ പ്രെഡേറ്റര്‍ ഫ്രീ 2050 പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും അവയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചും ശക്തമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ട്. വളര്‍ത്തു പൂച്ചകളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യരുടെ സഹായമില്ലാതെ വേട്ടയാടിയാണ് കാട്ടുപൂച്ചകള്‍ ജീവിക്കുന്നത്. ഭൂമിയില്‍ മറ്റൊരിടത്തും കാണാത്ത ജീവിവര്‍ഗങ്ങളുടെ ആവാസകേന്ദ്രമാണ് ന്യൂസിലന്‍ഡ്. ഈ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിന് കാട്ടുപൂച്ചകളുടെ എണ്ണം നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്ന് തമ പൊട്ടക വിശദീകരിച്ചു.
ന്യൂസിലന്‍ഡിലെ വനങ്ങളിലും ദ്വീപുകളിലുമായി 2.5 ദശലക്ഷത്തിലധികം കാട്ടുപൂച്ചകള്‍ ഉണ്ടെന്നാണ് കരതുന്നത്. ഒരു മീറ്റര്‍ വരെ നീളവും 7 കിലോഗ്രാം ഭാരവുമുള്ളവയാണ് ഈ കാട്ടുപൂച്ചകള്‍.
യൂറോപ്യന്‍ കപ്പല്‍ യാത്രക്കാര്‍ എലികളെയും മറ്റും നിയന്ത്രിക്കുന്നതിനായി പൂച്ചകളെ കപ്പലുകളില്‍ കൊണ്ടുപോയിരുന്നു. 1769-ല്‍ യൂറോപ്യന്‍ വംശജര്‍ എത്തിയതിന് ശേഷം ന്യൂസിലന്‍ഡിലുടനീളം പൂച്ചകള്‍ ക്രമേണ വര്‍ധിച്ചു. യൂറോപ്യന്‍സ് എത്തി അമ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ആദ്യത്തെ കാട്ടുപൂച്ചകളുടെ കൂട്ടം രൂപപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. കാട്ടുപൂച്ചകള്‍ കാരണം ആറ് തദ്ദേശീയ പക്ഷി വര്‍ഗ്ഗങ്ങള്‍ക്കും 70-ലധികം പ്രാദേശിക ഉപവര്‍ഗ്ഗങ്ങള്‍ക്കും വംശനാശം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു.