WORLD

ഒത്തുതീര്‍പ്പിനോ കീഴടങ്ങാനോ ഇല്ല, സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം: ജയിലില്‍ നിന്നും ഇമ്രാന്‍ ഖാന്റെ സന്ദേശം

ബുഷ്റ ബീബിയെ പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ് താമസിപ്പിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പിടിഐ സ്ഥാപകനുമായ ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിയും ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് സഹോദരി. ഇരുവരും ഏകാന്ത തടവിലാണെന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ സഹോദരി അലീമ ഖാനം പറയുന്നു.

സഹോദരന്റേയും ഭാര്യയുടേയും ജാമ്യാപേക്ഷ പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് വിസമ്മതിക്കുകയാണെന്നും ഇതാണ് മോചനം നീണ്ടു പോകാന്‍ കാരണമെന്നും പോസ്റ്റില്‍ പറയുന്നു. ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെയാണ് ആരോപണം. നീതിന്യായ വ്യവസ്ഥ സര്‍ക്കാരിന്റെ ഉപകരണമായി പ്രവര്‍ത്തിക്കുകയാണെന്നും ഖാനം ആരോപിച്ചു.

അദ്ദേഹത്തിന്റെ കേസ് പരിഗണിക്കേണ്ട ജഡ്ജിമാര്‍ നീതി പൂര്‍വമല്ല ഇടപെടുന്നത്. വിചാരണ ഒരിക്കലും നടക്കാതിരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. കേസ് വിചാരണയ്‌ക്കെടുത്താല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് സഹോദരനെതിരെ കെട്ടിച്ചമച്ചതെന്ന് വ്യക്തമാകുകയും ജാമ്യം നല്‍കേണ്ടിയും വരും. ഈ സാഹചര്യം ഒഴിവാക്കാനാണ് ശ്രമം.

ഇമ്രാന്‍ ഖാന്റെ അഭിഭാഷകന്‍ സല്‍മാന്‍ സഫ്ദറില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം, ബുഷ്റ ബീബിയെ പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ് താമസിപ്പിച്ചിരിക്കുന്നത്. അവരെ മാനസികമായി തളര്‍ത്തി, അതിലൂടെ ഇമ്രാന്‍ ഖാനെ നീതിന്യായ വ്യവസ്ഥയ്ക്ക് മുന്നില്‍ കീഴടങ്ങാന്‍ സമ്മര്‍ദത്തിലാക്കുകയാണ്.

ഇമ്രാന്‍ ഖാനെ ഇല്ലാതാക്കാന്‍ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും ചേര്‍ന്ന് മാരകമായ ഗൂഢാലോചന നടത്തുകയാണെന്ന് നേരത്തേ മറ്റൊരു സഹോദരിയായ ഉസ്മ ഖാന്‍ ആരോപിച്ചിരുന്നു.

തന്റെ ഭാര്യ ദീര്‍ഘകാലമായുള്ള ഏകാന്ത തടവ് കാരണം തളരുകയാണെന്ന് അഭിഭാഷകന്‍ മുഖേന നല്‍കിയ സന്ദേശത്തില്‍ ഇമ്രാന്‍ ഖാന്‍ പറയുന്നു. പീഡനം സഹിക്കാന്‍ തനിക്ക് കഴിയും. എന്നാല്‍, തന്നെ കീഴ്‌പ്പെടുത്താന്‍ വേണ്ടിയാണ് ഭാര്യയെ ഇഞ്ചിഞ്ചായി ദ്രോഹിക്കുന്നത്. ബോധപൂര്‍വം ആസൂത്രണം ചെയ്ത മനുഷ്യത്വഹീനമായ സമ്മര്‍ദമാണിത്. ഒത്തുതീര്‍പ്പില്ല, കീഴടങ്ങാനില്ല, സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം എന്നാണ് സന്ദേശത്തില്‍ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയത്.

SCROLL FOR NEXT