യുഎസ് പ്രസിഡൻ്റിനെ പരിഹസിച്ച് നൊബേൽ പുരസ്കാരം ജേതാവ് നവീ പിള്ള 
WORLD

"കൂടുതൽ കയ്യടിച്ചാൽ പുരസ്കാരം ട്രംപുമായി പങ്കുവയ്ക്കാം"; യുഎസ് പ്രസിഡൻ്റിനെ പരിഹസിച്ച് നൊബേൽ പുരസ്കാര ജേതാവ് നവീ പിള്ള

നവീ പിള്ളയുടെ പ്രതികരണം പുരസ്കാര വാർത്തയ്ക്ക് പിന്നാലെയാണ്.

Author : ന്യൂസ് ഡെസ്ക്

ബെർലിൻ: 2026-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയതിന് പിന്നാലെ, യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിനെ പരോക്ഷമായി പരിഹസിച്ച് ദക്ഷിണാഫ്രിക്കൻ മനുഷ്യാവകാശ പ്രവർത്തകയും നീതിന്യായ വിദഗ്ധയുമായ നവി പിള്ള രംഗത്തെത്തി. ജർമനിയിലെ ന്യൂറംബർഗിൽ നടന്ന മനുഷ്യാവകാശ അഭിഭാഷകരുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കവെയാണ് തനിക്ക് നൊബേൽ സമ്മാനം ലഭിച്ച വിവരം നവി പിള്ള അറിയുന്നത്.

വാർത്ത കേട്ട ഉടൻ തന്നെ സഹപ്രവർത്തകർ കയ്യടിച്ചപ്പോൾ, നൊബേൽ പുരസ്കാരം സ്വന്തമാക്കാൻ ആഗ്രഹിച്ച ട്രംപിനെ ട്രോളി നവീ പിള്ള രംഗത്തെത്തി. നിങ്ങൾ ഇനിയും കുറച്ചുകൂടി ഉച്ചത്തിൽ കയ്യടിക്കുകയാണെങ്കിൽ ഞാൻ ഈ പുരസ്കാരം ട്രംപുമായി പങ്കുവെച്ചേക്കാമെന്ന് നവീ പിള്ള പറഞ്ഞു.

തനിക്ക് പുരസ്കാരം ലഭിച്ചെന്ന വാർത്ത ആദ്യം തമാശയാണെന്നാണ് കരുതിയതെന്നും, ഒരു ജഡ്ജിയും അഭിഭാഷകയും ആയതുകൊണ്ട് തന്നെ ഇതിൻ്റെ സത്യാവസ്ഥ ബോധ്യപ്പെടാൻ ബിബിസി ഉൾപ്പെടെയുള്ള മാധ്യമ വാർത്തകൾ പരിശോധിക്കേണ്ടി വന്നുവെന്നും നവി പിള്ള കൂട്ടിച്ചേർത്തു. തൻ്റെ ഭരണകാലത്ത് ലോകത്തിലെ എട്ടോളം യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചുവെന്നും അതിനാൽ ഇത്തവണത്തെ സമാധാന നൊബേൽ പുരസ്കാരത്തിന് താനാണ് ഏറ്റവും അർഹനെന്നും പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഡൊണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.

എന്നാൽ ട്രംപിൻ്റെ ഈ കടുത്ത നൊബേൽ മോഹങ്ങളെയും അവകാശവാദങ്ങളെയും പാടെ തള്ളിക്കൊണ്ടാണ് നൊബേൽ കമ്മിറ്റി മനുഷ്യാവകാശ സംരക്ഷണത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് തമിഴ് വംശജയായ നവി പിള്ളയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.

SCROLL FOR NEXT