ചാരബന്ധ ആരോപണങ്ങളെത്തുടർന്ന് ജെൻസൻ ഹുവാങ്ങിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ച് എൻവിഡിയ 
WORLD

ചൈനീസ് യുവതിയുമായി പ്രണയം; എന്‍വിഡിയ സിഇഒയെ ലക്ഷ്യമിട്ടത് ചാരസംഘടനയോ?

ഭാര്യയെയും മക്കളെയും വഞ്ചിച്ച് മറ്റൊരു സ്ത്രീയുമായി ബന്ധത്തിലായിരുന്നു എന്ന് സമ്മതിച്ച് ഹുവാങ്

Author : ന്യൂസ് ഡെസ്ക്

സാന്‍ഫ്രാന്‍സിസ്‌കോ: സിഇഒ ജെന്‍സന്‍ ഹുവാങ്ങിനെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ അന്വേഷണം പ്രഖ്യാപിച്ച് പ്രമുഖ എഐ ചിപ്പ് നിര്‍മ്മാണ കമ്പനിയായ എന്‍വിഡിയ. ചൈനീസ് ചാരയെന്ന് സംശയിക്കുന്ന സ്ത്രീയുമായി ഹുവാങിന് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'മെഗാസ്പീഡ് ഇന്റര്‍നാഷണല്‍' എന്ന ഡാറ്റാ സെന്റര്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവായ ആലീസ് ഹുവാങ് ആണ് സംശയ നിഴലിലുള്ള ചാര വനിത.

ഇവര്‍ ചൈനയുടെ പ്രധാന ചാരസംഘടനയായ 'മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി'ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതായാണ് സിഐഎയുടെ കണ്ടെത്തല്‍. എന്‍വിഡിയയുടെ ചിപ്പുകളെക്കുറിച്ചുള്ള വിവരശേഖരണമടക്കമായിരുന്നു ഇവരുടെ ലക്ഷ്യമെന്നും യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.

സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഹുവാങ് കമ്പനി ബോര്‍ഡ് ഡയറക്ടര്‍മാര്‍ക്ക് മുന്നില്‍ സമ്മതിച്ചിരുന്നു. കഴിഞ്ഞദിവസം, ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ താന്‍ ഭാര്യയെയും മക്കളെയും വഞ്ചിച്ച് മറ്റൊരു സ്ത്രീയുമായി ബന്ധത്തിലായിരുന്നു എന്ന് ഹുവാങ് തുറന്നു പറഞ്ഞു.

ഭാര്യയോടും കുടുംബത്തോടുമുള്ള വിശ്വാസ്യത കാത്ത് സൂക്ഷിക്കാന്‍ തനിക്കായില്ല. തന്റെ പ്രവര്‍ത്തികള്‍ ഭാര്യയേും മക്കളേയും വേദനിപ്പിച്ചു. ചെയ്ത കാര്യങ്ങള്‍ക്ക് ന്യായീകരണമില്ലെന്നും ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു ഇ-മെയില്‍ സന്ദേശില്‍ ഹുവാങ് പറഞ്ഞിരുന്നത്.

അതേസമയം, ചാര വനിതയുമായുള്ള സിഇഒയുടെ അടുപ്പം കമ്പനിയുടേയും ദേശീയ സുരക്ഷയെ ബാധിച്ചിട്ടില്ലെന്നാണ് എന്‍വിഡിയ. എങ്കിലും ലഭ്യമായ എല്ലാ വിവരങ്ങളും പരിശോധിച്ചുകൊണ്ട് അന്വേഷണം നടത്തുമെന്ന് ബോര്‍ഡ് അറിയിച്ചു. ജെന്‍സന്‍ ഹുവാങ് അന്വേഷണത്തെ പൂര്‍ണ്ണമായി പിന്തുണയ്ക്കുകയും സഹകരിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ടെന്നും ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.

അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ 63 കാരനായ ഹുവാങ് എന്‍വിഡിയയുടെ സിഇഒ ആയി തുടരും.

എഐ വികസനത്തില്‍ ആഗോളതലത്തില്‍ ഏറ്റവും നിര്‍ണായകമായ പങ്കുവഹിക്കുന്ന കമ്പനിയാണ് എന്‍വിഡിയ. എഐ മോഡലുകള്‍ പരിശീലിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും ആവശ്യമായ ഡാറ്റാ സെന്ററുകളിലും കമ്പ്യൂട്ടിങ് സിസ്റ്റങ്ങളിലും ഉപയോഗിക്കുന്നത് ഇവരുടെ ചിപ്പുകളാണ്.

ചൈനയ്ക്ക് അത്യാധുനിക സെമികണ്ടക്ടര്‍ സാങ്കേതികവിദ്യ ലഭിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ യുഎസ് ഏര്‍പ്പെടുത്തിയിട്ടുള്ള കയറ്റുമതി നിയന്ത്രണങ്ങളുടെ പ്രധാന കേന്ദ്രം കൂടിയാണ് എന്‍വിഡിയയുടെഉന്നത നിലവാരത്തിലുള്ള പ്രൊസസ്സറുകള്‍.

കഴിഞ്ഞ മാസമാണ് എന്‍വിഡിയയുടെ സിഇഒയ്ക്ക് ചൈനീസ് വനിതയുമായുള്ള അടുപ്പം യുഎസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'മെഗാസ്പീഡ് ഇന്റര്‍നാഷണല്‍' എന്ന ഡാറ്റാ സെന്റര്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവായ ആലീസ് ഹുവാങ് ചൈനയ്ക്ക് വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണമെന്നാണ് റിപ്പോർട്ടുകൾ.

മെഗാസ്പീഡ് ഇന്റര്‍നാഷണലിലെ ജോലിക്ക് മുമ്പ് ചൈനയിലെ ടെലിവിഷന്‍ റിപ്പോര്‍ട്ടറായിരുന്നു ആലീസ്. തെക്കുകിഴക്കന്‍ ഏഷ്യയില്‍ എന്‍വിഡിയയുടെ ഏറ്റവും വലിയ ഉപഭോക്താക്കളില്‍ ഒന്നാണ് മെഗാസ്പീഡ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 4.8 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ചിപ്പുകള്‍ എന്‍വിഡിയയില്‍ നിന്ന് കമ്പനി വാങ്ങിയിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനായുള്ള മികച്ച ചിപ്പുകളുടെ ഉല്‍പ്പാദനത്തിലൂടെ ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് എന്‍വിഡിയ.

SCROLL FOR NEXT