

വാഷിങ്ടണ്‍: ഇടക്കാല തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇറാന്‍ യുദ്ധത്തില്‍നിന്ന് പിന്‍മാറുന്നുവെന്ന സൂചനയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനില്‍ പുതിയ ആക്രമണങ്ങള്‍ക്ക് ഉത്തരവിടാനുള്ള സാധ്യതയില്ലെന്ന് സിഎന്‍എന്നുമായുള്ള അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ആക്രമണത്തിന്റെ ആവശ്യം വരില്ലെന്നാണ് ട്രംപിന്റെ പുതിയ നിലപാട്. ഇറാന്‍ കരാറിലെത്താന്‍ തയ്യാറാകുമോ എന്നതിന് അനുസരിച്ചായിരിക്കും അന്തിമതീരുമാനമെന്നും ട്രംപ് പറഞ്ഞു.
ഇറാന്‍ സാമ്പത്തികമായി തകര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം 301% പണപ്പെരുപ്പമാണ് അവിടെ ഉണ്ടായത്. ശക്തമായ ആക്രമണമാണ് യുഎസ് ഇറാനു നേരെ നടത്തിയത്. ഇനി വീണ്ടും ചെയ്യേണ്ടി വരാന്‍ സാധ്യത കുറവാണ്. ഇറാനെ സാമ്പത്തികമായി മാത്രമല്ല, സൈനികമായും തകര്‍ത്തുവെന്നാണ് ട്രംപിന്റെ വാദം. വേണമെങ്കില്‍ ഇറാനെ പൂര്‍ണമായി ഇല്ലാതാക്കാനും യുഎസ്സിന് കഴിയുമെന്നും അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
ഞായറാഴ്ച സിഎന്‍എന്‍-ന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നിടത്തോളം കാലം ഇറാനുമേല്‍ പുതിയ ആക്രമണങ്ങള്‍ നടത്താന്‍ താന്‍ സാധ്യത കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, യുഎസ് ആക്രമണം പുനരാരംഭിച്ചാല്‍ നരകം പെയ്യുമെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ മുന്നറിയിപ്പ്. ഒന്നുകില്‍ എല്ലാ യുദ്ധമുഖങ്ങളിലും ആക്രമണം നിര്‍ത്തിവെയ്ക്കുന്നതടക്കം ഇറാന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാം, അല്ലെങ്കില്‍ ഇറാനിയന്‍ സൈനികരുടെ പോരാട്ടവീര്യത്തിന് ഇരയാകാം എന്നും അരാഗ്ചി എക്‌സില്‍ കുറിച്ചു. ഇതിന് രണ്ട് ദിവസത്തെ സമയം നല്‍കുന്നു എന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
ഇതിനിടെ ഇറാനിലേക്ക് കരയും കടലും വഴിയുള്ള ആയുധകടത്ത് തടയുന്നതിന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് 'ടാസ്‌ക് ഫോഴ്സ് അയണ്‍ ഗേറ്റ്' എന്ന പേരില്‍ പുതിയ ദൗത്യം ആരംഭിച്ചിട്ടുണ്ട്.