മസ്‌കത്ത്: ഒമാന്‍ തീരത്ത് കപ്പലിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. കപ്പലിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്.
മസ്‌കത്തിലെ പോര്‍ട്ട് സുല്‍ത്താന്‍ ഖബൂസിന് 52 നോട്ടിക്കല്‍ മൈല്‍ വടക്ക് പടിഞ്ഞാറായാണ് ആക്രമണം നടന്നത്. റിപ്പബ്ലിക് ഓഫ് മാര്‍ഷല്‍ ദ്വീപുകളുടെ പതാക വഹിച്ചിരുന്ന MKD VYOM എന്ന ടാങ്കറിലാണ് ആളില്ലാ ഡ്രോണ്‍ ബോട്ട് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ടാങ്കറിന് തീപിടിക്കുകയായിരുന്നു.
21 പേരാണ് ടാങ്കറില്‍ ആകെയുണ്ടായിരുന്നത്. ഇതില്‍ 16 ഇന്ത്യക്കാരും നാല് ബംഗ്ലാദേശികളുമാണ് ഉണ്ടായിരുന്നത്. ശേഷിക്കുന്നവരെ ടാങ്കറില്‍ നിന്ന് ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തത വന്നിട്ടില്ല.
കേടുപാടുകള്‍ സംഭവിച്ച ടാങ്കറിനെ നിരീക്ഷിക്കുന്നതിനായി റോയല്‍ നേവി ഓഫ് ഒമാന്‍ കപ്പലിനെ നിയോഗിച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന എണ്ണ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ പറഞ്ഞിരുന്നു. ഹോര്‍മുസ് കടലിടുക്ക് വഴി സഞ്ചരിക്കുകായിരുന്ന കപ്പലിനു നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒമാനില്‍ എണ്ണ ടാങ്കറിന് നേരെ വീണ്ടും ആക്രമണം നടക്കുന്നത്.