അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയില്‍ പാകിസ്ഥാന്‍ നടത്തിയ ബോംബാക്രമണത്തില്‍ ഒന്‍പത് കുട്ടികളും സ്ത്രീയുമടക്കം 10 പേര്‍ കൊല്ലപ്പെട്ടു. ഖോസ്റ്റ് പ്രവിശ്യയിലെ ഗുര്‍ബുസ് ജില്ലയില്‍ അര്‍ഥരാത്രിയോടെയാണ് ആക്രമണമുണ്ടായതെന്ന് താലിബാന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക വക്താവായ സബിനുള്ള മുജാഹിദ് പറഞ്ഞു.
ഉറങ്ങിക്കിടന്നവര്‍ക്ക് മുകളിലാണ് ബോംബുകള്‍ വന്ന് പതിച്ചത്. അതേസമയം ആക്രമണത്തില്‍ ഇതുവരെ പാകിസ്ഥാന്‍ പ്രതികരണം നടത്തിയിട്ടില്ല. കിഴക്കന്‍ പക്തിക പ്രവിശ്യയിലും കുനാറിലും പാകിസ്ഥാന്‍ ആക്രമണം നടത്തിയിട്ടുണ്ടെന്നും ഔദ്യോഗിക വക്താവ് പറഞ്ഞു. നാലോളം പേർക്ക് പരിക്കേറ്റതായും മുജാഹിദ് പറഞ്ഞു.
പാകിസ്ഥാനിലെ പെഷവാറില്‍ അര്‍ധ സൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേറാക്രമണം നടന്ന് തൊട്ടടുത്ത ദിവസാമാണ് അഫ്ഗാനിസ്ഥാനിലും ആക്രമണം നടന്നിരിക്കുന്നത്. പാകിസ്ഥാനിലേത് ഭീകരാക്രമണമാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ആക്രമിച്ചവര്‍ അഫ്ഗാന്‍ പൗരന്മാരാണെന്ന് പാകിസ്ഥാന്‍ മാധ്യമമായ പിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണത്തില്‍ വിദേശ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഫിത്ത്‌ന അല്‍ ഖവാരിജ് (ടിടിപി) ആണെന്നും പ്രസിഡന്റ് ആസിഫ് സര്‍ദാരി പറഞ്ഞിരുന്നു.
ഇസ്ലാമാബാദില്‍ ഈ മാസം ആദ്യം നടന്ന ചാവേറാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാനിലെ താലിബാന്‍ ഘടകമാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചു. ഭീകരവാദികളായ ടിടിപിക്ക് താലിബാന്‍ സര്‍ക്കാര്‍ അഭയം നല്‍കുന്നുണ്ടെന്നും ഈ വര്‍ഷം മാത്രം 685 പേരെ ടിടിപി ഭീകരര്‍ കൊലപ്പെടുത്തിയെന്നുമാണ് പാകിസ്ഥാന്റെ കണക്ക്.
2021ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരത്തില്‍ എത്തിയതിന് ശേഷം പാകിസ്ഥാനുമായി നിരന്തരം സംഘര്‍ഷമുണ്ടാകുന്നുണ്ട്. ഇന്നത്തെ ആക്രമണത്തോടെ സാഹചര്യങ്ങള്‍ വീണ്ടും വഷളാവുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.