പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് Source: X
WORLD

"ഇത് ദൈവാനുഗ്രഹം, അധികമുള്ള വെള്ളം ഒഴുക്കിവിടാതെ സംഭരിച്ചുവെക്കൂ"; വെള്ളപ്പൊക്കത്തെക്കുറിച്ച് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്

വെള്ളപ്പൊക്കം വരുമ്പോൾ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന പാകിസ്ഥാനികൾ വെള്ളം അഴുക്കുചാലുകളിലേക്ക് വിടുന്നതിനുപകരം പാത്രങ്ങളിൽ സംഭരിക്കണമെന്നാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന

Author : ന്യൂസ് ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാൻ അടുത്തിടെ കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു 2025ലെ വെള്ളപ്പൊക്കം. ഏകദേശം 850ലധികം ആളുകൾക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. എന്നാൽ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് അതി വിചിത്രമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. വെള്ളം ദൈവാനുഗ്രഹമാണെന്നും, അധികമുണ്ടെങ്കിൽ സംഭരിച്ചുവെക്കൂ എന്നുമായിരുന്നു ഖവാജ ആസിഫിൻ്റെ പ്രസ്താവന.

വെള്ളപ്പൊക്കം വരുമ്പോൾ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന പാകിസ്ഥാനികൾ വെള്ളം അഴുക്കുചാലുകളിലേക്ക് വിടുന്നതിനുപകരം പാത്രങ്ങളിൽ സംഭരിക്കണമെന്നാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന. വെള്ളപ്പൊക്കത്തെ ഒരു "അനുഗ്രഹമായി" കാണാനും മന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. ഏകദേശം ഇരുപത് ലക്ഷത്തിലധികം ആളുകളെ ബാധിച്ച വെള്ളപ്പൊക്കത്തെയാണ് ഖവാജ ആസിഫ് നിസാര വത്കരിച്ചിരിക്കുന്നത്. ആയിരത്തിലധികം ഗ്രാമങ്ങൾ വെള്ളത്തിനടിയിലായിരുന്നു.

പാക് മാധ്യമമായ ദുനിയ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഖവാജ ആസിഫിൻ്റെ പ്രസ്താവന. "വെള്ളപ്പൊക്ക സമാനമായ സാഹചര്യത്തിനെതിരെ പ്രതിഷേധിക്കുന്ന ആളുകൾ വെള്ളപ്പൊക്കം വീട്ടിലേക്ക് കൊണ്ടുപോകണം. ഈ വെള്ളം അവരുടെ വീടുകളിലും, ടബ്ബുകളിലും, പാത്രങ്ങളിലും സൂക്ഷിക്കണം. ഈ വെള്ളത്തെ ഒരു അനുഗ്രഹമായി കണ്ട്, അത് സംഭരിക്കണം" ഖവാജ പറഞ്ഞു.

വൻകിട പദ്ധതികൾക്കായി 10-15 വർഷം കാത്തിരിക്കുന്നതിനുപകരം, വേഗത്തിൽ പൂർത്തിയാകുന്ന ചെറിയ അണക്കെട്ടുകൾ പാകിസ്ഥാൻ നിർമിക്കണമെന്നും ആസിഫ് നിർദേശിച്ചു. "നമ്മൾ വെള്ളം അഴുക്കുചാലിലേക്ക് വിടുകയാണ്. അത് നിർത്തി ഡാമുകൾ നിർമിച്ച് വെള്ളം സംഭരിക്കണം," മന്ത്രി പറഞ്ഞു.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ട് ദശലക്ഷത്തിലധികം ആളുകൾ ദുരിതത്തിലായെ്നാണ് പഞ്ചാബ് ഇൻഫർമേഷൻ മന്ത്രി അസ്മ ബൊഖാരിയുടെ പ്രസ്താവന. പാകിസ്ഥാന്റെ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എൻ‌ഡി‌എം‌എ) കണക്കുകൾ പ്രകാരം, ജൂൺ 26 മുതൽ ഓഗസ്റ്റ് 31 വരെ, വെള്ളപ്പൊക്കത്തിൽ 854 പാകിസ്ഥാനികൾ മരിക്കുകയും 1,100 ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT