പാകിസ്ഥാന്‍ കരസേനാ മേധാവി ഫീല്‍ഡ് മാർഷല്‍ അസിം മുനീർ Source: x
WORLD

"ഞങ്ങള്‍ ആണവരാഷ്ട്രമാണ്. മുങ്ങിത്താഴുകയാണെന്ന് തോന്നിയാല്‍, ലോകത്തിന്റെ പകുതിയേയും ഞങ്ങള്‍ കൂടെ കൊണ്ടുപോകും"; യുഎസില്‍നിന്ന് പാകിസ്ഥാന്റെ ആണവ ഭീഷണി

ആദ്യമായാണ് യുഎസിന്റെ മണ്ണില്‍ ഒരു മൂന്നാം രാജ്യം ആണവഭീഷണി മുഴക്കുന്നത്

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്ഥാന്‍ കരസേനാ മേധാവി ഫീല്‍ഡ് മാർഷല്‍ അസിം മുനീർ. സിന്ധു നദി ഇന്ത്യയുടെ സ്വത്തല്ലെന്നും അണക്കെട്ട് നിർമിച്ചാൽ തകർക്കുമെന്നുമാണ് ഭീഷണി. പാകിസ്ഥാന്‍ മുങ്ങിത്താഴുകയാണെന്ന് തോന്നിയാൽ, ലോകത്തിൻ്റെ പകുതിയും നശിപ്പിക്കുമെന്നും അസിം മുന്നറിയിപ്പ് നല്‍കി.

വ്യവസായിയും ഓണററി കോൺസുലുമായ അദ്‌നാൻ അസദ്, യുഎസിലെ ടാമ്പയിൽ നടത്തിയ അത്താഴവിരുന്നിലായിരുന്നു അസിം മുനീറിന്റെ പരാമർശം. "ഞങ്ങള്‍ ഒരു ആണവരാഷ്ട്രമാണ്. ഞങ്ങള്‍ മുങ്ങിത്താഴുകയാണെന്ന് തോന്നിയാല്‍, ലോകത്തിന്റെ പകുതിയും ഞങ്ങള്‍ കൂടെ കൊണ്ടുപോകും," പാക് കരസേനാ മേധാവി പറഞ്ഞു. ആദ്യമായാണ് യുഎസിന്റെ മണ്ണില്‍ ഒരു മൂന്നാം രാജ്യം ആണവഭീഷണി മുഴക്കുന്നത്.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനിലേക്കുള്ള നീരൊഴുക്ക് തടഞ്ഞുകൊണ്ട് സന്ധുനദി ജലക്കരാറില്‍ നിന്ന് പിന്‍മാറിയിരുന്നു. ഇത് പരമാർശിച്ചും പാക് കരസേനാ മേധാവിയുടെ ഭാഗത്തു നിന്നും പ്രസ്താവനയുണ്ടായി. "ഇന്ത്യ ഒരു അണക്കെട്ട് പണിയുന്നത് വരെ ഞങ്ങള്‍ കാത്തിരിക്കും. പണിത് കഴിയുമ്പോള്‍ പത്ത് മിസൈലുകൾ ഉപയോഗിച്ച് ഞങ്ങള്‍ അത് നശിപ്പിക്കും," അസിം പറഞ്ഞു. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തല്ലെന്നും പാകിസ്ഥാന് മിസൈലുകൾക്ക് ഒരു കുറവുമില്ലെന്നും അസിം മുനീർ പറഞ്ഞതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു.

ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തില്‍ ഭീകര പ്രവർത്തനങ്ങളുണ്ടെന്ന് സ്ഥാപിക്കാനും അസിം മുനീർ ശ്രമിച്ചു. കാനഡയിലെ ഖലിസ്ഥാന്‍ നേതാവിന്റെ കൊലപാതകം, ഖത്തറിലെ എട്ട് ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ അറസ്റ്റ്, കുൽഭൂഷൺ ജാദവ് കേസ് എന്നിവയെക്കുറിച്ച് പരമാർശിച്ചാണ് അന്താരാഷ്ട്ര തലത്തിൽ ഭീകരതയിൽ ഇന്ത്യ പങ്കാളിയാണെന്ന് അസിം മുനീർ ആരോപിച്ചത്.

മുനീറിന്റെ രണ്ടാം യുഎസ് സന്ദർശനമാണിത്. മുതിർന്ന യുഎസ് രാഷ്ട്രീയ, സൈനിക വ്യക്തികളുമായും പാകിസ്ഥാൻ പ്രവാസി സമൂഹത്തിലെ അംഗങ്ങളുമായും മുനീർ കൂടിക്കാഴ്ച നടത്തി. ഓപ്പറേഷന്‍ സന്ദൂറില്‍ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകർത്തതിന് പിന്നാലെയായിരുന്നു അസിം മുനീറിന്റെ ആദ്യ യുഎസ് സന്ദർശനം.

SCROLL FOR NEXT