WORLD

"സിന്ധു നദീജല കരാർ പുനരാരംഭിക്കണം"; ഇന്ത്യക്കെതിരായ യുദ്ധ ഭീഷണിക്ക് പിന്നാലെ അഭ്യർഥനയുമായി പാകിസ്ഥാന്‍

തിങ്കളാഴ്ചയാണ് പാകിസ്ഥാൻ പ്രസ്താവന പുറത്തിറക്കിയത്

Author : ന്യൂസ് ഡെസ്ക്

സിന്ധു നദീജല കരാറിന്റെ സാധാരണ പ്രവർത്തനം ഉടൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍. കരാർ പൂർണമായി നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഈ വിഷയത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 8-ന്, ആർബിട്രേഷൻ കോടതി സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് നൽകിയ വ്യാഖ്യാനത്തെ സ്വാഗതം ചെയ്യുന്നതായും പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് പാകിസ്ഥാൻ പ്രസ്താവന പുറത്തിറക്കിയത്.

സിന്ധു നദീജല കരാറിലെ വ്യവസ്ഥകൾ പ്രകാരം രണ്ട് പദ്ധതികളുടെ ചില രൂപകൽപ്പനകളെക്കുറിച്ച് പാകിസ്ഥാൻ എതിർപ്പ് ഉന്നയിച്ചപ്പോൾ, പെർമനെന്റ് കോർട്ട് ഓഫ് ആർബിട്രേഷൻ നടപടികളെ ഇന്ത്യ അംഗീകരിച്ചിരുന്നില്ല. ഇന്ത്യ പടിഞ്ഞാറൻ നദികളിൽ നിർമിക്കുന്ന പുതിയ റൺ-ഓഫ്-റിവർ ജലവൈദ്യുത പദ്ധതികൾക്കുള്ള രൂപകൽപ്പന മാനദണ്ഡങ്ങൾ കോടതി വ്യാഖ്യാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചു.

പാകിസ്ഥാൻ്റെ തടസമില്ലാത്ത ഉപയോഗത്തിനായി പടിഞ്ഞാറൻ നദികളിലെ വെള്ളം ഒഴുകാൻ അനുവദിക്കണം എന്ന് കോടതി പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച്, ജലവൈദ്യുത നിലയങ്ങളുടെ ഉൽപാദനത്തിനുള്ള പ്രത്യേക ഇളവുകൾ ഉടമ്പടിയിൽ പറഞ്ഞിട്ടുള്ള ആവശ്യകതകൾ കർശനമായി പാലിക്കണമെന്നും അല്ലാതെ ഇന്ത്യ മികച്ചതെന്ന് എന്ന് കരുതുന്ന സമീപനത്തിന് അനുസരിച്ചായിരിക്കരുതെന്നും ഒരു സുപ്രധാന കണ്ടെത്തലിൽ കോടതി പറഞ്ഞിരുന്നു. ഇന്ത്യ അടുത്തിടെ സിന്ധു നദീജല കരാർ നിർത്തിവെച്ചതും, നേരത്തെ ആർബിട്രേഷൻ കോടതിയുടെ നടപടികൾ ബഹിഷ്കരിക്കാനുള്ള തീരുമാനവും കണക്കിലെടുക്കുമ്പോൾ ഈ വിധിക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നും വിദേശകാര്യ ഓഫീസ് കൂട്ടിച്ചേർത്തു.

സിന്ധു നദിയിൽ അണക്കെട്ട് നിർമിച്ചാൽ തകർക്കുമെന്ന പാകിസ്ഥാന്‍ കരസേനാ മേധാവി ഫീല്‍ഡ് മാർഷല്‍ അസിം മുനീർ ഭീഷണി മുഴക്കിയതിന് തൊട്ടുപിന്നാലെയാണ് നദീജല കരാർ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ രം​ഗത്തെത്തുന്നത്. സിന്ധു നദീജല കരാർ ലംഘിച്ചാൽ ഇന്ത്യക്കെതിരെ യുദ്ധം നടത്തുമെന്ന് പാകിസ്ഥാൻ മുൻ വിദേശകാര്യ ബിലാവൽ ഭൂട്ടോ സർദാരിയും ഭീഷണി മുഴക്കിയിരുന്നു. ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു 1960-ലെ സിന്ധു നദീജല കരാർ ഇന്ത്യ നിർത്തിവെച്ചത്.

SCROLL FOR NEXT