പ്രതീകാത്മക ചിത്രം Source: ANI
WORLD

ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അടച്ചു; രണ്ട് മാസത്തിൽ പാകിസ്ഥാന് നഷ്ടം 127 കോടി

ഏപ്രിൽ 23ന് ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അടച്ചത്.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അടച്ചതോടെ രണ്ട് മാസത്തിൽ പാകിസ്ഥാന് നഷ്ടം 127 കോടിയെന്ന് റിപ്പോർട്ട്. ഏപ്രിൽ 23ന് ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അടച്ചത്. ഇതുമൂലം, രണ്ട് മാസത്തിനുള്ളിൽ പാകിസ്ഥാന് 4.10 ബില്യൺ പാക്കിസ്ഥാൻ രൂപയുടെ നഷ്ടം ഉണ്ടായതായി പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ പങ്കുവെച്ച കണക്കുകൾ വ്യക്തമാക്കുന്നു.

പാകിസ്ഥാൻ പ്രതിരോധ മന്ത്രാലയം പറയുന്നതനുസരിച്ച്, ഈ വർഷം ഏപ്രിൽ 24നും ജൂൺ 30നും ഇടയിൽ ഇന്ത്യൻ വിമാനക്കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ കരാറിൽ ഏർപ്പെട്ടതോ ആയ ഇന്ത്യൻ വിമാനങ്ങളുടെ വ്യോമപാത അടച്ചതിന് ശേഷമാണ് ഈ വൻ നഷ്ടം സംഭവിച്ചത്. ഈ നീക്കം ഏകദേശം 100-150 ഇന്ത്യൻ വിമാനങ്ങളെ ബാധിച്ചിരുന്നു.

എന്നാൽ, ഈ നഷ്ടത്തിനിടയിലും പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റിയുടെ മൊത്ത വരുമാനം 2019ൽ $508,000 ആയിരുന്നത് 2025ൽ $760,000 ആയി വർധിച്ചു. വ്യോമപാത നിയന്ത്രണങ്ങൾ ഫെഡറൽ സർക്കാരിന്റെ അധികാരപരിധിയിൽ വരുമെന്ന് പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി. 2019ൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ കാരണം വ്യോമാതിർത്തി അടച്ചപ്പോൾ പാകിസ്ഥാന് 54 മില്യൺ ഡോളർ നഷ്ടം നേരിട്ടിരുന്നു.

ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമപാത ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഈ മാസം മുഴുവൻ ഇത് തുടർന്നേക്കും. സമാനമായ നീക്കത്തിൽ, ഇന്ത്യൻ വ്യോമാതിർത്തിയും പാകിസ്ഥാൻ വിമാനങ്ങൾക്ക് അടച്ചുപൂട്ടൽ തുടരും.

SCROLL FOR NEXT