എയര്‍ഹോസ്റ്റസിനെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയ പാകിസ്ഥാനി യുവാവിനെ പിന്തുണച്ച് ഇന്‍ഫ്ളുവന്‍സറായ ഭാര്യ. മുൻ ബ്രിട്ടീഷ് എക്സിക്യൂട്ടീവ് സല്‍മാന്‍ ഇഫ്‌തിഖറിനെ ന്യായീകരിച്ച് ഒന്നിലധികം പോസ്റ്റുകളാണ് ഭാര്യ അബീര്‍ റിസ്വി കഴിഞ്ഞ ദിവസം പങ്കുവച്ചത്. മാനസിക അസ്വാസ്ഥ്യം ഉള്ളയാളാണ് തന്റെ ഭർത്താവെന്നാണ് അബീര്‍ റിസ്വിയുടെ വീശദീകരണം.
"മാനസിക ആരോഗ്യം ഒരു തമാശയല്ല. എല്ലാ കഥകള്‍ക്ക് പിന്നിലും നിങ്ങള്‍ കാണാത്ത വേദനയുണ്ടാവും. വിധി കല്‍പ്പിക്കുന്നതിന് മുന്‍പ് മനസിലാക്കാന്‍ ശ്രമിക്കൂ, ദയവുണ്ടാകൂ, മനുഷ്യനാകൂ" എന്നാണ് ഭാര്യയുടെ കുറിപ്പ്. 2023 ഫെബ്രുവരി ഏഴിന് ലണ്ടനിൽ നിന്ന് ലാഹോറിലേക്കുള്ള വിർജിൻ അറ്റ്ലാന്റിക് വിമാനത്തിലെ യാത്രക്കിടെയാണ് ഇഫ്‌തിഖര്‍ എയര്‍ ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയത്. മൂന്ന് കുട്ടികളോടൊപ്പം ഫസ്റ്റ് ക്ലാസിലായിരുന്നു യുവാവിന്‍റെ യാത്ര. വിമാനയാത്രയ്ക്കിടെ അമിതമായി മദ്യപിച്ചതിനു ശേഷമാണ് ക്യാബിൻ ക്രൂ അംഗം ആൻജി വാൽഷിനെതിരെ ഇയാള്‍ അധിക്ഷേപം നടത്തിയത്.
എന്തുചെയ്യണമെന്ന് എന്നോട് പറയരുതെന്നും നിങ്ങൾ എവിടെ നിന്നാണെന്ന് എനിക്കറിയാമെന്നും ഇഫ്‌തിഖര്‍ പറഞ്ഞു. മറ്റ് ക്രൂ അംഗങ്ങളെ ഇയാള്‍ ആക്രമിക്കാനും ശ്രമിച്ചു. യുവതി താമസിക്കുന്ന ഹോട്ടലില്‍ അവര്‍ മരിച്ചു കിടക്കുമെന്നും മുടി പിടിച്ചു വലിച്ചിഴച്ച് കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തുമെന്നും ഇഫ്‌തിഖര്‍ ഭീഷണി മുഴക്കി. എയര്‍ ഹോസ്റ്റസിന്‍റെ പരാതി പ്രകാരം 2024 മാർച്ച് 16 ന് ഇംഗ്ലണ്ടിലെ ഐവറിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ബ്രിട്ടീഷ് പൊലീസ് ഇഫ്‌തിഖറിനെ കസ്റ്റഡിയിലെടുത്തു. പിന്നീട് 15 മാസത്തേക്ക് തടവ് ശിക്ഷയ്ക്ക് വിധിച്ചു.
പാകിസ്ഥാനില്‍ താമസിക്കുന്ന റിസ്വിക്ക് ഇന്‍സ്റ്റഗ്രാമിലും ടിക്ടോക്കിലുമായി അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. റിക്രൂട്ട്‌മെന്റ് സ്ഥാപനമായ സ്റ്റാഫിംഗ് മാച്ചിന്റെ സ്ഥാപകനായ ഇഫ്തിഖർ, റിസ്‌വിയെയും എറം സൽമാൻ എന്ന മറ്റൊരു സ്ത്രീയെയും വിവാഹം കഴിച്ചിട്ടുണ്ട്.