യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് Source: X/ buzzview BK
WORLD

ഇന്ത്യ-പാക് സംഘർഷത്തില്‍ 'ഇടപെട്ട' ട്രംപിന് സമാധാന നൊബേല്‍ നല്‍കണമെന്ന് പാകിസ്ഥാന്‍; അർഹനാണ്, പക്ഷേ കിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ്

നൊബേലിനായി ട്രംപിന്‍റെ പേര് മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് അസിം മുനീറിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്തകള്‍ വന്നിരുന്നു

Author : ന്യൂസ് ഡെസ്ക്

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേലിന് നാമനിർദേശം ചെയ്ത് പാകിസ്ഥാന്‍. ഇന്ത്യ-പാക് സംഘർഷത്തിലെ നിർണായക നയതന്ത്ര ഇടപെടല്‍ കണക്കിലെടുത്താണ് ട്രംപിനെ നാമനിർദേശം ചെയ്യുന്നതെന്ന് പാക് സർക്കാർ അറിയിച്ചു. കഴിഞ്ഞദിവസം പാക് സൈനിക മേധാവി ജനറൽ അസിം മുനീർ ട്രംപുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

എക്സിലൂടെയാണ് ട്രംപിനെ സമാധാന നൊബേലിന് നാമനിർദേശം ചെയ്യുന്നതായി പാകിസ്ഥാന്‍ സർക്കാർ അറിയിച്ചത്. "2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപിനെ പാകിസ്ഥാൻ സർക്കാർ ശുപാർശ ചെയ്യുന്നു. സമീപകാല ഇന്ത്യ-പാകിസ്ഥാൻ പ്രതിസന്ധിയിൽ അദ്ദേഹം നടത്തിയ നിർണായക നയതന്ത്ര ഇടപെടലിനും നിർണായക നേതൃത്വത്തിനും അംഗീകാരമായി, 2026ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപിനെ ഔദ്യോഗികമായി ശുപാർശ ചെയ്യാൻ പാകിസ്ഥാൻ സർക്കാർ തീരുമാനിച്ചു," പാക് സർക്കാർ എക്സില്‍ കുറിച്ചു.

നാമനിർദേശത്തിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണവും വന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ഇടപെട്ടതിനുള്‍പ്പെടെ നിരവധി സമാധാന ശ്രമങ്ങൾക്ക് താൻ നൊബേല്‍ പുരസ്കാരത്തിന് അർഹനാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍ നൊബേല്‍ സമ്മാനം തനിക്ക് തരില്ലെന്നും അതവർ ലിബറലുകള്‍ക്ക് മാത്രമേ നല്‍കുകയുള്ളുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.

2026ലെ സമാധാന നൊബേലിനായി ട്രംപിന്റെ പേര് മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് അസിം മുനീറിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തതിരുന്നു. ജിയോ ന്യൂസ് പ്രകാരം, ട്രംപിനൊപ്പം അസിം മുനീർ ഉച്ചഭക്ഷണത്തിലും പങ്കുചേർന്നു. ഇരുവരും തമ്മിലുണ്ടായ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഫീൽഡ് മാർഷൽ പദവി വഹിക്കുന്ന മുനീർ, നേരത്തെ ട്രംപിനെ നൊബേലിന് നാമനിർദേശം ചെയ്യണമെന്ന് വാദിച്ചിരുന്നു.

കരസേനാ മേധാവി അസിം മുനീറിനും ട്രംപുമായുള്ള കൂടിക്കാഴ്ചയെ ഒരു വലിയ നയതന്ത്ര വിജയമായിട്ടാണ് പാകിസ്ഥാൻ അവതരിപ്പിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനെ വിശദീകരിച്ച് യുഎസ് സന്ദർശിച്ച ഇന്ത്യയില്‍ നിന്നുള്ള നയതന്ത്രസംഘവുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നില്ല. ഇതുമായി താരതമ്യപ്പെടുത്തിയാണ് അസിം മുനീറിന്റെ വൈറ്റ് ഹൗസ് സന്ദർശനത്തെ പാക് സർക്കാർ നയതന്ത്ര വിജയമായി എടുത്തുകാട്ടുന്നത്.

2025 മെയ് ഏഴിനാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയത്. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടി. തുടർന്ന് അതിർത്തിയിലും ജനവാസയിലും പാകിസ്ഥാന്‍ നടത്തിയ വ്യമോക്രമങ്ങള്‍ നടത്തുകയും ഇന്ത്യ അതേ നാണയത്തില്‍ മറുപടി നല്‍കുകയും ചെയ്തു. പിന്നാലെ, പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യ സൈനികതല ചര്‍ച്ചകള്‍ ആരംഭിച്ചതും സൈനിക നടപടി അവസാനിപ്പിച്ചതും. എന്നാല്‍ ഇന്ത്യ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുന്നതിനു മുന്‍പേ ട്രംപ് ട്രൂത്ത് സോഷ്യലില്‍ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇന്ത്യ അന്നു തന്നെ ട്രംപിന്റെ അവകാശവാദം തള്ളിയിരുന്നു.

SCROLL FOR NEXT