WORLD

പാകിസ്ഥാനിലെ സ്‌ഫോടനം: ഇന്ത്യയെ കുറ്റപ്പെടുത്തി പാക് പ്രധാനമന്ത്രി

പാകിസ്ഥാനെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യം വച്ചുള്ള ആക്രമണമാണ് ഇപ്പോൾ ഉണ്ടായതെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഇസ്ലാമാബാദ്: കോടതി സമുച്ചയത്തിന് സമീപത്ത് ഉണ്ടായ സ്‌ഫോടനത്തിന് പിന്നാലെ ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പാകിസ്ഥാനിൽ ഉണ്ടായ സ്ഫോടനം ഇന്ത്യയാണ് സ്‌പോൺസർ ചെയ്തത് എന്നായിരുന്നു ഷെഹ്ബാസ് ഷെരീഫിൻ്റെ പ്രതികരണം.

പാക് സർക്കാരിൻ്റെ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് ഓഫ് പാകിസ്ഥാനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. പാകിസ്ഥാനെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യം വച്ചുള്ള ആക്രമണമാണ് ഇപ്പോൾ ഉണ്ടായതെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തത്.

ഇസ്ലാമാബാദ് ജില്ലാ കോടതിയുടെ പ്രവേശന കവാടത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സ്ഫോടനം. പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിലായിരുന്നു സ്ഫോടനം നടന്നത്. ഗതാഗത കുരുക്കും, കോടതിക്ക് സമീപം ധാരാളം ആളുകളും ഉള്ള സമയത്തായിരുന്നു സ്ഫോടനമുണ്ടായത്. ചാവേർ ആക്രമണമാണെന്ന് സംശയമുള്ളതായും എന്നാൽ ഫോറൻസിക് റിപ്പോർട്ടിന് ശേഷമേ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളുവെന്നും പാക് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്.

പാകിസ്ഥാൻ പ്രസിഡൻ്റ് ആസിഫ് അലി സർദാരി ചാവേർ സ്ഫോടനത്തെ ശക്തമായി അപലപിക്കുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ടിടിപി സൗത്ത് വസിരിസ്ഥാനിലെ കോളേജിൽ നടത്തിയ ആക്രമണം പാകിസ്ഥാൻ സുരക്ഷാസേന പരാജയപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു സ്ഫോടനം നടന്നത്.

SCROLL FOR NEXT