ഖ്വാജ മുഹമ്മദ് ആസിഫ് ഫയൽ ചിത്രം
WORLD

"അവർ ഞങ്ങളുടെ സഹോദരങ്ങൾ, സാധ്യമായ എല്ലാ വഴികളിലും പാകിസ്ഥാൻ ഇറാനോടൊപ്പം നിൽക്കും"; ഖ്വാജ മുഹമ്മദ് ആസിഫ്

പാകിസ്ഥാൻ്റെ ദേശീയ അസംബ്ലിയിലാണ് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഇറാന് പിന്തുണ പ്രഖ്യാപിച്ചത്

Author : ന്യൂസ് ഡെസ്ക്

ഇസ്രയേൽ ആക്രമണങ്ങൾക്കിടയിൽ ഇറാന് പൂർണ പിന്തുണ നൽകുമെന്ന് പാകിസ്ഥാൻ. ഈ പ്രതിസന്ധിയിൽ സാധ്യമായ എല്ലാ വഴികളിലും പാകിസ്ഥാൻ ഇറാനോടൊപ്പം നിൽക്കുമെന്നും ഇറാന്റെ താൽപ്പര്യങ്ങൾ ഞങ്ങൾ സംരക്ഷിക്കുമെന്നും പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. പാകിസ്ഥാൻ്റെ ദേശീയ അസംബ്ലിയിലാണ് ഖ്വാജ മുഹമ്മദ് ആസിഫ് ഇറാന് പിന്തുണ പ്രഖ്യാപിച്ചത്.

ഇസ്രായേലുമായി നയതന്ത്രബന്ധം പുലർത്തുന്ന മുസ്ലീം രാജ്യങ്ങൾ ഉടൻ ബന്ധം വിച്ഛേദിക്കണം. ഇസ്രയേലിനെതിരെ മുസ്ലീം ഐക്യം വേണമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ഇറാൻ, യെമൻ, പലസ്തീൻ എന്നീ രാജ്യങ്ങളെയാണ് ഇസ്രയേൽ ലക്ഷ്യം വച്ചിരിക്കുന്നത്. മുസ്ലീം രാഷ്ട്രങ്ങൾ ഇപ്പോൾ ഒന്നിച്ചില്ലെങ്കിൽ, ഓരോന്നിനും ഒരേ വിധി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

"ഇറാനുമായി പാകിസ്ഥാന് ആഴത്തിലുള്ള ബന്ധമുണ്ട്. ഈ പ്രതിസന്ധിയിൽ, ഇസ്ലാമാബാദ് ടെഹ്‌റാനൊപ്പം നിലകൊള്ളും. ഇറാനികൾ ഞങ്ങളുടെ സഹോദരങ്ങളാണ്, സാധ്യമായ എല്ലാ വഴികളിലും ഞങ്ങൾ ഇറാനോടൊപ്പം നിൽക്കും. അവരുടെ വേദനയും കഷ്ടപ്പാടും ഞങ്ങളുടെ പൊതുവായ വേദനയാണ്. അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി എല്ലാ അന്താരാഷ്ട്ര വേദികളിലും ഇറാനെ പിന്തുണയ്ക്കും" പ്രതിരോധ മന്ത്രി പറഞ്ഞു.

അതേസമയം, ഇസ്രയേൽ ആക്രമണം ഇറാന്റെ പരമാധികാരത്തിന്റെ ലംഘനമാണെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ പറഞ്ഞു. മേഖലയിൽ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനായി ഇറാൻ സർക്കാരിനും ജനങ്ങൾക്കും പാകിസ്ഥാൻ ശക്തമായ പിന്തുണ പ്രഖ്യാപിക്കുന്നതായും ഇഷാഖ് ദാർ വ്യക്തമാക്കി. കഴിഞ്ഞദിവസം, പുലർച്ചെയും രാത്രിയുമായാണ് ഇറാനിലെ ഫോർദോ ആണവകേന്ദ്രത്തിലും ഇസ്ഫഹാൻ ആണവകേന്ദ്രത്തിലും ഇസ്രയേൽ ആക്രമണം നടത്തിയത്. പിന്നാലെ ഇസ്രയേലിലേക്ക് മിസൈൽ വർഷം നടത്തി ഇറാൻ തിരിച്ചടിച്ചു.

SCROLL FOR NEXT