പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന പലസ്തീനിലെ ഒരു വിദ്യാര്‍ഥി  Source: middleeasteye.net/
WORLD

പരീക്ഷ ജയിക്കാന്‍ യുദ്ധത്തെക്കുറിച്ച് എഴുതുന്നവരും, യുദ്ധത്തിനിടെ പരീക്ഷ എഴുതുന്നവരും; പലസ്തീനിലെ കുട്ടികള്‍

ജീവനും മരണത്തിനുമിടയില്‍ പഠനവും ജോലിയുമൊക്കെ എത്ര വേഗമാണ് അവരുടെ സ്വപ്നങ്ങളില്‍നിന്ന് ഇറങ്ങിപ്പോകുന്നത്.

Author : എസ്. ഷാനവാസ്

തലങ്ങും വിലങ്ങും ബോംബുകള്‍ ലക്ഷ്യംതേടി പായുന്നതിനിടെ, തുന്നിക്കെട്ടിയ മുറിവും തിരിച്ചുകിട്ടിയ പ്രാണനുമായി ചോദ്യക്കടലാസിലേക്ക് മനസ് പറിച്ചുനടേണ്ടിവന്നവര്‍. യുദ്ധം ബാക്കിവെച്ച മണ്ണിലിരുന്നാണ് ഗാസയിലെ കുട്ടികള്‍ പരീക്ഷയെഴുതിയത്, അതും 2023ലെ വാര്‍ഷിക പരീക്ഷ. ഇക്കാലത്ത് പഠിച്ച, ലോകത്തിന്റെ മറ്റെവിടെയും ഉള്ളവര്‍ പരീക്ഷയും കഴിഞ്ഞ് ഉപരിപഠനം തുടരുമ്പോഴാണ് ഒരു വിദ്യാര്‍ഥി സമൂഹം രണ്ട് വര്‍ഷത്തിനിപ്പുറം ഫൈനല്‍ പരീക്ഷ എഴുതിയത്. ലോകത്തൊരിടത്തും ഇങ്ങനെയൊരു വാര്‍ഷിക പരീക്ഷ നടന്നിട്ടുണ്ടാകില്ല.

ഹൈസ്കൂള്‍ ഫൈനല്‍ പരീക്ഷയുടെ ദിവസം, രാവിലെ തൗഫീഖ് അബ്ദു ദലാലിന് സുഹൃത്തിന്റെ ഫോണ്‍ വിളിയെത്തി. ഗാസ സിറ്റിയിലെ അല്‍ സെയ്ത്തൗനില്‍ ആന്റിയെ കാണാന്‍ പോയ ദലാലിന്റെ സഹോദരനും കസിനും ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റിരിക്കുന്നു. മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് ദലാല്‍ ഓടി. പരിക്കേറ്റ ഇരുവരെയും കണ്ടു, ജീവനോടെ. പിന്നാലെ പരീക്ഷയെഴുതാനായി ഓടി. അപ്പോഴേക്കും അര മണിക്കൂര്‍ വൈകിയിരുന്നു. ചോദ്യപേപ്പറിലും ഉത്തരങ്ങളിലേക്കുമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ദലാലിന് കഴിയുമായിരുന്നില്ല. എത്രയും വേഗം എഴുതിത്തീര്‍ത്തിട്ട്, പരിക്കേറ്റ സഹോദരങ്ങളുടെ അടുത്തേക്ക് മടങ്ങണം എന്നതു മാത്രമായിരുന്നു ദലാലിന്റെ ചിന്ത. ജീവനും മരണത്തിനുമിടയില്‍ പഠനവും ജോലിയുമൊക്കെ എത്ര വേഗമാണ് സ്വപ്നങ്ങളില്‍നിന്ന് ഇറങ്ങിപ്പോകുന്നത്. ഇത് 19കാരന്‍ ദലാലിന്റെ മാത്രം അവസ്ഥയല്ല. ഗാസയിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ അവസ്ഥയാണ്. ദലാല്‍ അവരുടെ പ്രതിനിധി മാത്രമാകുന്നു.

തൗഫീഖ് അബ്ദു ദലാല്‍

ഇന്റര്‍നെറ്റ് ഹബ്ബുകള്‍ തകര്‍ക്കപ്പെട്ടതോടെ, ഇ-സിം അക്സസ് ചെയ്യുന്നതിനായി കിലോമീറ്ററോളം നടന്ന് പഠന കേന്ദ്രങ്ങളില്‍ എത്തണമായിരുന്നു. പഠിച്ച് മാധ്യമപ്രവര്‍ത്തകന്‍ ആകണം, കുടുംബത്തെ സഹായിക്കണം എന്നൊക്കെയായിരുന്നു ആഗ്രഹം. 2023 ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണം എല്ലാം തെറ്റിച്ചു. കുടിവെള്ളം കണ്ടെത്തിയും, ഭക്ഷണത്തിനായി സഹായവിതരണ കേന്ദ്രങ്ങളിലെ വലിയ വരിയില്‍ നിന്നും, ഉള്ളതെല്ലാം കെട്ടിപ്പെറുക്കി താമസസ്ഥലം മാറിയുമെല്ലാം ദലാലിന്റെ പഠന സമയമത്രയും കടന്നുപോയി. കടുത്ത ആക്രമങ്ങളെയും, പട്ടിണിയെയുമൊക്കെ കുടുംബം എങ്ങനെയോ അതിജീവിക്കുകയായിരുന്നു.

പഠനത്തിനായുള്ള പോക്കും വരവുമൊക്കെ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ആശങ്കയുടെ നിമിഷങ്ങള്‍ കൂടിയാണ്. 19കാരി മലാക് അല്‍ ഖിശാവിയുടെ കാര്യം തന്നെ നോക്കാം. പുറത്തേക്കിറങ്ങും മുമ്പേ, മാതാപിതാക്കള്‍ കടുത്ത നിര്‍ദേശങ്ങള്‍ നല്‍കും, അതിജീവനത്തിനുള്ള ഉപദേശങ്ങള്‍. തെരുവുകള്‍ വിജനമാണെങ്കില്‍ വഴി മാറ്റണം, ഒരേ വഴിയില്‍ തന്നെ സ്ഥിരമായി സഞ്ചരിക്കരുത്, ഏത് വഴി പോകുമ്പോഴും അവിടം സുരക്ഷിതമാണോ എന്ന് ആളുകളോട് ചോദിച്ച് ഉറപ്പാക്കണം, പ്രധാന ഇടങ്ങളില്‍ എത്തുമ്പോള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കണം, അടുത്തുള്ള കെട്ടിടത്തിനുനേരെ ബോംബാക്രമണം കണ്ടാല്‍ നിലത്തു കിടക്കണം, കരസേന വളയുന്നത് കണ്ടാല്‍, എവിടെയാണോ എത്തിയത് അവിടെ തന്നെ തുടരണം, അവിടെ തന്നെ കിടന്നുറങ്ങണം... എന്നിങ്ങനെ നിരവധി നിര്‍ദേശങ്ങള്‍. ഇതൊക്കെ പറയുമ്പോഴും ആരുടെയും ഭയം മാറിയിട്ടുണ്ടാവില്ല. കാരണം, ഇത്തരം നിര്‍ദേശങ്ങളുടെ മറപറ്റി പോയ അവളുടെ കൂട്ടുകാരി ഹനീന്‍ പരീക്ഷാ തയ്യാറെടുപ്പിനായി ഇന്റര്‍നെറ്റ് സ്പോട്ടിലേക്ക് നടക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.

രണ്ട് വര്‍ഷം കഴിഞ്ഞിട്ടെങ്കിലും വാര്‍ഷിക പരീക്ഷ എഴുതാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അല്‍ സബ്‌റയിലെ പതിനെട്ടുകാരി അയ ഡ്രെയ്‌മിലി. എപ്പോഴും ക്ലാസില്‍ ഒന്നാമതാണ് അയ. യുദ്ധം ബാക്കിവച്ച മണ്ണിലിരുന്ന് ഡോക്ടറാകുന്നത് സ്വപ്നം കാണുകയാണ് അയ. പക്ഷേ, അവള്‍ക്കറിയാം ആ യാത്ര അത്ര സുഗമമായിരിക്കില്ല. 2023 നവംബറില്‍ ഇസ്രയേല്‍ ആക്രമണം കനത്തപ്പോള്‍ പുസ്തകമോ, വസ്ത്രമോ, സമ്പാദ്യങ്ങളോ ഒന്നുമില്ലാതെ ഗാസ സിറ്റി വിട്ട് ഓടിപ്പോകേണ്ടിവന്നിരുന്നു അയയുടെ കുടുംബത്തിന്. യുദ്ധം എത്രയും വേഗം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നു. പക്ഷേ, ഒരു മാറ്റവും കണ്ടില്ല. അങ്ങനെ മൂന്ന് മാസത്തെ കാത്തിരിപ്പിനുശേഷം, പഠനം പുനരാരംഭിക്കാന്‍ അയ തീരുമാനിക്കുകയായിരുന്നു. പുതിയ പുസ്തകം എന്നത് അപ്രാപ്യമാണ്. അതുകൊണ്ട് കൂട്ടുകാരുടെ പുസ്തകം കടം വാങ്ങിയും, നോട്ടുകള്‍ പകര്‍ത്തിയെടുത്തുമായിരുന്നു അയയുടെ പഠനം.

ഓണ്‍ലൈന്‍ പരീക്ഷക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍

ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയിലെ 97 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടെന്നാണ് യുഎന്‍ കണക്ക്. സ്കൂള്‍ പഠന പ്രായത്തിലുള്ള 15,000ഓളം കുട്ടികള്‍ കൊല്ലപ്പെടുകയും ചെയ്തു. ഇസ്രയേല്‍ വംശഹത്യ തുടരുന്നതിനിടെ രണ്ട് തവണ വാര്‍ഷിക പരീക്ഷ മാറ്റിവയ്ക്കുകയും ചെയ്തു. ഏറ്റവും ഒടുവില്‍ സെപ്റ്റംബര്‍ ആറ് മുതല്‍ ഓണ്‍ലൈന്‍ പരീക്ഷ തീരുമാനിച്ചു. പലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തത് 27,000ഓളം വിദ്യാര്‍ഥികളാണ്. പക്ഷെ, ഇസ്രയേല്‍ ആക്രമണം തുടര്‍ന്നു, കരയുദ്ധം രൂക്ഷമായി. പാഞ്ഞെത്തുന്ന ബോംബുകളെയും, പട്ടിണിയെയും അതിജീവിച്ച് ആവര്‍ത്തിച്ച് താമസം മാറുന്നതിന്റെ ബുദ്ധിമുട്ടുകളും മറികടന്ന് ദലാലിനെയും ഖിശാവിയെയും അയയെയും പോലെ പലരും പരീക്ഷയെഴുതാനെത്തി. ഇന്റര്‍നെറ്റ് ലഭ്യത നോക്കി, ഒറ്റയ്ക്കും കൂട്ടമായും ഇരുന്ന്, മൊബൈലിലും ലാപ്ടോപ്പിലുമായി അവര്‍ പരീക്ഷ പൂര്‍ത്തിയാക്കി.

മതിയായ സുരക്ഷയില്ലാത്ത, വെളിച്ചമില്ലാത്ത ടെന്റുകളിലിരുന്നാണ് പലരും പഠിച്ചിരുന്നത്. വേനലില്‍ ചൂട് തിളച്ചുമറിയും, തണുപ്പില്‍ മരവിച്ച് കോച്ചും... പുറത്തെ ചെറിയ ശബ്ദം പോലും ഭയപ്പെടുത്തുന്ന വിധം മുഴങ്ങിക്കേള്‍ക്കും. പരീക്ഷ ജയിക്കാന്‍ യുദ്ധത്തെക്കുറിച്ചും അത് മാനവരാശിക്കുണ്ടാക്കുന്ന നാശത്തെക്കുറിച്ചും ഇരുപുറത്തില്‍ കവിയാതെ ഉപന്യസിക്കുന്നവരുടെ ലോകത്ത്, യുദ്ധത്തെയും വംശീയ തുടച്ചുനീക്കലിനെയും അതിജീവിച്ചാണ് ഗാസയിലെ കുട്ടികള്‍ ജീവിതത്തില്‍ പുതുവഴി തേടുന്നത്. ഇല്ല, ലോകത്തൊരിടത്തും കാണില്ല, ഇങ്ങനെ പഠിക്കുന്നവരും പരീക്ഷയെഴുതുന്നവരും.

SCROLL FOR NEXT