
പട്ടിണിയാണ്. ദിവസങ്ങളോ മാസങ്ങളോ ഒക്കെയായി അത് അങ്ങനെ തുടരുകയാണ്. തലയ്ക്കുമീതെ പാറിപ്പറക്കുന്ന മിസൈലുകളുടെയും ഡ്രോണുകളുടെയും ഹുങ്കാരശബ്ദം പകരുന്ന ഭയത്തേക്കാള്‍, വിശപ്പാണ് ഇപ്പോള്‍ വീഴ്ത്തിക്കളയുന്നത്. ഒരു മിസൈലോ ബോംബോ വീണാല്‍ അതോടെ എല്ലാം അവസാനിക്കും. അതുപോലെയല്ലല്ലോ വിശപ്പ്. ജീവിതവും മരണവും തമ്മിലൊരു ഒളിച്ചുകളിയുണ്ട് അതില്‍. കുഞ്ഞു ജീവിതങ്ങളിലേക്ക് മരണം പതുക്കെ പതുക്കെയാവും പടര്‍ന്നേറുക. നിസഹായതയുടെ അവസാനതുരുത്തില്‍ വെച്ച് ജീവനെടുക്കുംവരെ വിശപ്പ് അനുഭവിക്കേണ്ടിവരും. അതുകൊണ്ടാണ് തലങ്ങും വിലങ്ങും മിസൈലുകളും ഡ്രോണുകളും പായുന്ന, അധിനിവേശക്കാരുടെ സൈന്യം തോക്കുമായി റോന്ത് ചുറ്റുന്ന തെരുവുകളില്‍ അവര്‍ നീണ്ട വരിയില്‍ സ്ഥാനം പിടിക്കുന്നത്.
കാത്തുനിന്നാല്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ കുപ്പി വെള്ളം കിട്ടും. ഭാഗ്യമുണ്ടെങ്കില്‍ ബ്രഡോ, റൊട്ടിയോ, പയറോ കിട്ടും. വീണ്ടും കിട്ടുന്നതുവരെ അതുകൊണ്ട് ജീവിക്കണം. ചിലപ്പോള്‍ ഒന്നിലധികം പേര്‍, അല്ലെങ്കില്‍ ഒരു വലിയ കുടുംബം തന്നെയുണ്ടാകും ഭാഗം പറ്റാന്‍. പക്ഷേ, അതിനും ഭാഗ്യം വേണം. വരിയില്‍ നില്‍ക്കുമ്പോള്‍ ഒരു മിസൈല്‍ പാഞ്ഞുവന്ന് ജീവനെടുത്തേക്കാം. അധിനിവേശ സേനയുടെ തോക്കുകള്‍ അങ്ങുമിങ്ങും വെടിയുതിര്‍ത്തേക്കാം. എല്ലാ കനവുകളും അവിടെ മാഞ്ഞുപോകാം. പലസ്തീനിലെ, ഗാസയിലെ കുഞ്ഞുജീവിതങ്ങളുടെ ജീവചരിത്രത്തിന് അത്രയേ ആയുസുള്ളൂ.
ഗാസയിലെമ്പാടും ഇസ്രയേല്‍ സേന ആക്രമണം തുടരുകയാണ്. ജനവാസ കെട്ടിടങ്ങളും, ആശുപത്രികളും, സ്കുളുകളുമൊക്കെ നിര്‍ദാക്ഷിണ്യം തകര്‍ക്കപ്പെടുന്നതിന്റെ ഒട്ടനവധി നേരനുഭവങ്ങള്‍ ലോകം കേട്ടു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവര്‍, വീടും സമ്പാദ്യവുമൊക്കെ നഷ്ടപ്പെട്ടവര്‍, പരിക്കേറ്റവര്‍... അശരണര്‍ക്ക് അത്താണി ക്യാംപുകളും സഹായ വിതരണ കേന്ദ്രങ്ങളുമാണ്. മണിക്കൂറുകളോളം വരി നിന്നാണ് കുട്ടികള്‍ ഉള്‍പ്പെടെ കുടിവെള്ളം വാങ്ങുന്നത്. പക്ഷേ, രക്ഷയില്ല. ജീവന്‍ നിലനിര്‍ത്താനുള്ള അവസാനശ്രമങ്ങള്‍ക്കുനേരെയും ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. ജനവാസ കെട്ടിടങ്ങളും ക്യാംപുകളും സഹായവിതരണ കേന്ദ്രങ്ങളുമൊക്കെയാണ് ഇസ്രയേല്‍ സേനയുടെ ഇപ്പോഴത്തെ ലക്ഷ്യം. ഡ്രോണുകള്‍ എപ്പോള്‍ വേണമെങ്കിലും ചീറിയെത്താം. ഇരച്ചെത്തുന്ന ഇസ്രയേല്‍ അധിനിവേശ സേന വെടിയുതിര്‍ക്കാം. ഗാസയില്‍ അതിപ്പോള്‍ സാധാരണ കാഴ്ച മാത്രമായിരിക്കുന്നു.
ഹമാസിനെതിരെയാണ് ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ചത്. പക്ഷേ, ഒരു രാജ്യം പതിറ്റാണ്ടുകള്‍കൊണ്ട് ആര്‍ജിച്ചെടുത്ത വികസനങ്ങളെയെല്ലാം പടിപടിയായി തകര്‍ത്തെറിഞ്ഞു. വീടുകള്‍, ഫ്ലാറ്റുകള്‍, സ്കൂളുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ആരോഗ്യ സംവിധാനങ്ങള്‍, ഊര്‍ജ സംവിധാനങ്ങള്‍... എന്നിങ്ങനെ എല്ലാം തച്ചുടച്ചു. മരിച്ചവരുടെ എണ്ണം 59,000 അടുക്കുന്നു. ലക്ഷങ്ങള്‍ ചിതറിയോടി. മരണത്തില്‍നിന്ന് എങ്ങനെയോ രക്ഷപ്പെട്ടവരാകട്ടെ, അംഗഭംഗം സംഭവിച്ച ശരീരവുമായി ജീവിതം തള്ളിനീക്കുന്നു. എങ്ങും ഓടിപ്പോകാനാകാതെ ക്യാംപുകളില്‍ കഴിയുന്നവരാണ് ഇപ്പോഴത്തെ ഇസ്രയേലിന്റെ ഇരകള്‍. എല്ലാത്തിനും പറയാന്‍ ഇസ്രയേലിന് അലക്കിത്തേച്ചുവച്ചൊരു മറുപടിയുണ്ട്: 'ഹമാസ് ജനങ്ങളെ മറയാക്കുന്നു', 'അത് ഹമാസിന്റെ ഒളിത്താവളമാണ് അല്ലെങ്കില്‍ ആയുധപ്പുരയാണ്'.
യുഎന്‍ ഉള്‍പ്പെടെ രാജ്യാന്തര സംഘടനകളും വേദികളും, ആഗോള ലോകക്രമം കാല്‍ക്കീഴിലാണെന്ന് വീമ്പുപറയുന്ന ലോക നേതാക്കളുമൊക്കെ പഞ്ചപുച്ഛമടക്കി നില്‍ക്കുമ്പോള്‍, ഒരു ജനതയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. തലമുറയെയാണ് ഇസ്രയേല്‍ തീമഴയില്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. അതിനാണല്ലോ, കുട്ടികളുടെ ആശുപത്രികള്‍ പോലും ആക്രമിക്കുന്നത്. 21 മാസത്തിനിടെ കൊല്ലപ്പെട്ട 59,000ഓളം പലസ്തീനികളില്‍ 17,000ലധികം പേര്‍ കുട്ടികളാണെന്നാണ് യുണിസെഫിന്റെ റിപ്പോര്‍ട്ട്. കുട്ടികളെന്ന് പറഞ്ഞാല്‍, പിറവിയെടുത്ത് ഒന്നു കരയാനുള്ള അവസരം പോലും കിട്ടാത്തവരുമുണ്ട്.
പ്രതിദിനം 28 കുട്ടികള്‍, അതായത് ഒരു ക്ലാസ് മുറിയിലെ കുട്ടികള്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് യുണിസെഫ് കണക്ക്. 33,000ഓളം കുട്ടികള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അവരില്‍ ഏറെപ്പേരും അംഗഭംഗം സംഭവിച്ചവരാണ്. ആരുടെയെങ്കിലും തുണയില്ലാതെ ശിഷ്ടകാലം ജീവിക്കാന്‍ കഴിയാത്തവര്‍. മാതാപിതാക്കളും ബന്ധുക്കളുമൊക്കെ നഷ്ടപ്പെട്ട കുട്ടികളും ഏറെയാണ്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ യുണിസെഫ് പുറത്തുവിട്ട കണക്ക് പ്രകാരം 17,000 കുട്ടികളെയാണ് ആരുമില്ലാതെയോ കുടുംബങ്ങളിൽ നിന്ന് വേർപിരിഞ്ഞു പോയവരോ ആയി തിരിച്ചറിഞ്ഞിട്ടുള്ളത്.
ഒരു രാജ്യത്തെ ഒരു പ്രത്യേക പ്രദേശമോ അവിടുത്തെ മുഴുവന്‍ ജനതയോ ക്ഷാമം നേരിടുന്ന ഒരേയൊരു സ്ഥലം ഗാസയാണെന്നാണ് യുഎന്‍ ഓഫീസിലെ ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് വക്താവ് ജെന്‍സ് ലാര്‍ക്ക് അടുത്തിടെ പറഞ്ഞത്. അവിടെ അവശേഷിക്കുന്ന ജനം ക്ഷാമത്തിനിരയാകുന്നു. ഭൂമിയില്‍ ഏറ്റവും വിശക്കുന്ന, വിശപ്പുള്ള ജനത വസിക്കുന്ന ഇടം കൂടിയാണ് ഗാസയെന്ന് ലാര്‍ക്ക് പറയുന്നു. അടിയന്തരമായി സഹായം ലഭിച്ചില്ലെങ്കില്‍, പതിനായിരത്തിലധികം കുഞ്ഞുങ്ങള്‍ കൂടി മരിച്ചുവീഴുമെന്ന് യുഎന്നിലെ ഹ്യുമാനിറ്റേറിയന്‍ ചീഫ് ടോം ഫ്ലെച്ചര്‍ മുന്നറിയിപ്പ് നല്‍കിയത് കഴിഞ്ഞമാസമാണ്. അതിന് ഇനിയും മാറ്റം വന്നിട്ടില്ല. ലോകരാജ്യങ്ങളും സന്നദ്ധ സംഘടനകളുമൊക്കെ ഗാസയെ ചേര്‍ത്തുപിടിക്കുന്നുണ്ട്. എന്നാല്‍, സഹായങ്ങളുമായെത്തുന്ന ട്രക്കുകള്‍ അത്രയും ഇസ്രയേല്‍ കടത്തിവിടുന്നില്ല. അതിര്‍ത്തികളിലെത്തി അനുവാദം കിട്ടാതെ കാത്തുകിടക്കുന്ന, ഭക്ഷ്യസാമഗ്രികളുമായെത്തിയ ട്രക്കുകളുടെ നീണ്ടനിരയുടെ ചിത്രം ലോകം എത്ര തവണ കണ്ടിരിക്കുന്നു.
ഒരു നേരത്തെയെങ്കിലും ആഹാരം ഇല്ലാതെ, ഒരു തുള്ളി മരുന്ന് ഒഴിവാക്കി, ഒരു പുതപ്പിന്റെ ചൂടെങ്കിലും പറ്റാതെ ജീവിച്ചിരിക്കാന്‍ സാധിക്കാത്ത ഒരു വലിയകൂട്ടം കുട്ടികള്‍. അവര്‍ക്കെതിരെ തോക്കും ബോംബും കൊണ്ടുമാത്രമല്ല, അവരിലേക്കെത്തുന്ന സഹായങ്ങളും ഭക്ഷണസാമഗ്രികളുമൊക്കെ മുടക്കിക്കൊണ്ട് കൂടിയാണ് ഇസ്രയേല്‍ യുദ്ധം ചെയ്യുന്നത്. വെള്ളം, ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, കളിയിടം, പ്രതീക്ഷ, സന്തോഷം, നല്ലൊരു ജീവിതം... ഇത്തരം അവകാശങ്ങളൊക്കെ ഗാസയിലെ കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുകയാണ്. ഒരു തലമുറയെ, ഒരു വംശത്തെ ഇല്ലായ്മ ചെയ്യുകയാണ് ഇസ്രയേല്‍.