WORLD

പാരീസില്‍ പള്ളിക്ക് മുന്നില്‍ പന്നിത്തലകള്‍, ചിലതില്‍ മാക്രോണിന്റെ പേരും; അന്വേഷണം ആരംഭിച്ച് പൊലീസ്

ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പാരിസ് പള്ളിയുടെ പ്രിസഡന്റ് അലിം ബുരാഹീ പന്നിത്തല കണ്ടത്.

Author : ന്യൂസ് ഡെസ്ക്

പാരിസില്‍ ഒന്‍പതോളം മുസ്ലീം പള്ളികള്‍ക്ക് പുറത്ത് പന്നിത്തലകള്‍. ചിലതിന് മുകളില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പേരുണ്ട്. അഞ്ചോളം പന്നിത്തലകളിലാണ് മാക്രോണിന്റെ പേരുള്ളത്.

അതേസമയം ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ച് ഇതുവരെ അധികൃതര്‍ മറുപടി നല്‍കിയിട്ടില്ല. ആഗോള തലത്തില്‍ ഇസ്ലാം വിരുദ്ധ വികാരം വര്‍ധിക്കുന്നതിനിടെ ഫ്രാന്‍സിന്റെ മുസ്ലീം അനുകൂല നിലപാടും പലസ്തീന്‍ അനുകൂല നിലപാടുമാണ് ഇത്തരം ഒരു ആക്രമണത്തിന് പിന്നിലെന്ന സൂചനകളുണ്ട്.

മുസ്ലീം സഹോദരന്മാര്‍ക്ക് സമാധാനത്തോടെ അവരുടെ പ്രാര്‍ഥനകള്‍ നടത്താനുള്ള അവകാശമുണ്ടെന്ന് സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി ബ്രൂണോ റീട്ടെയ്‌ലൂ പറഞ്ഞു.

മുന്‍കാല നടപടികള്‍ക്ക് സമാന്തരമായി നടപടികളെ വരച്ചു വെക്കാന്‍ കഴിയില്ല. രാത്രി നടന്ന ഈ കൃത്യത്തിന് പിന്നില്‍ വിദേശ ഇടപെടലുകളും ഉണ്ടായേക്കാം എന്നും ബ്രൂണോ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

നാല് പന്നിത്തലകള്‍ പാരിസ് പള്ളികളുടെ പുറത്ത് നിന്നും അഞ്ച് പന്നിത്തലകള്‍ തലസ്ഥാന നഗരത്തിന് പുറത്തുള്ള പള്ളികളിൽ നിന്നുമായാണ് ലഭിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പാരിസ് പള്ളിയുടെ പ്രിസഡന്റ് അലിം ബുരാഹീ പന്നിത്തല കണ്ടത്. 2024ലെ ഫ്രാന്‍സിലെ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം പാരീസില്‍ വംശീയത വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2025 ജനുവരിക്കും ജൂണിനുമിടയില്‍ 181 മുസ്ലീം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നതായാണ് വിവരം. 2024ലും സമാന കാലയളവില്‍ വംശീയ പ്രവൃത്തികളില്‍ 81 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്

SCROLL FOR NEXT