
പാരീസ്: ഒൻപത് മാസത്തെ ഭരണത്തിന് ശേഷം ഫ്രാൻസ് പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്‌റൂ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ ഫ്രഞ്ച് സർക്കാർ താഴെ വീണു. ചൊവ്വാഴ്ച രാവിലെ പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിന് പ്രധാനമന്ത്രി രാജി സമർപ്പിക്കുമെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
രണ്ട് പൊതു അവധി ദിനങ്ങൾ റദ്ദാക്കാനും സർക്കാർ ചെലവുകൾ മരവിപ്പിക്കുകയും ചെയ്യുന്നതുൾപ്പെടെ ജനദ്രോഹപരമായ 44 ബില്യൺ യൂറോയുടെ (51 ബില്യൺ ഡോളർ) സമ്പാദ്യ പദ്ധതി നടപ്പിലാക്കുന്നതിനായി ശ്രമിച്ചതാണ് ബെയ്‌റൂവിനും സർക്കാരിനും തിരിച്ചടിയായത്.
തിങ്കളാഴ്ച പാർലമെൻ്റിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ 364 എംപിമാർ എതിർത്തും 194 എംപിമാർ അദ്ദേഹത്തിന് അനുകൂലമായും വോട്ട് ചെയ്തിരുന്നു. അവിശ്വാസം പാസാകുന്നതിനും സർക്കാരിനെ അട്ടിമറിക്കാനും വേണ്ട 280 വോട്ടുകളേക്കാൾ കൂടുതലായിരുന്നു ഇത്.
"നിങ്ങൾക്ക് സർക്കാരിനെ അട്ടിമറിക്കാൻ അധികാരമുണ്ട്. പക്ഷേ യാഥാർത്ഥ്യത്തെ ഇല്ലാതാക്കാൻ നിങ്ങൾക്ക് അധികാരമില്ല. യാഥാർത്ഥ്യം ഒഴിച്ചുകൂടാനാവാത്തതായി തുടരും. ചെലവ് വർധിച്ചു കൊണ്ടിരിക്കും. കൂടാതെ കടബാധ്യത ഇതിനോടകം താങ്ങാനാവാത്തതാണ്. അത് ഇനിയും വർധിക്കും," വിശ്വാസ വോട്ടെടുപ്പിന് മുമ്പ് ദേശീയ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ ബെയ്‌റൂ പറഞ്ഞു.