ഡൽഹി: ബഹുരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയ പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മസൂദ് മാലിക്കിന് ആഗ്രയിലെ താജ് മഹൽ ഉൾപ്പെടെ നാല് പ്രമുഖ വിനോദസഞ്ചാര-ചരിത്ര കേന്ദ്രങ്ങൾ സന്ദർശിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. എന്നാൽ, ഡൽഹിയിലെ പ്രശസ്തമായ ഹസ്രത്ത് നിസാമുദ്ദീൻ ദർഗ സന്ദർശിക്കാനുള്ള അപേക്ഷ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ നിരസിച്ചു.
നവംബർ 20 മുതൽ 22 വരെ ഡൽഹിയിൽ നടക്കുന്ന പ്രഥമ ഷാങ്ഹായ് സഹകരണ സംഘടനയുടെ പ്രഥമ സാംസ്കാരിക സംവാദ ഫോറത്തിൽ പങ്കെടുക്കാനാണ് പാക് മന്ത്രി ഇന്ത്യയിലെത്തിയത്. മുസാദിക് മാലിക്കിന് അഞ്ച് പ്രധാന സ്ഥലങ്ങൾ സന്ദർശിക്കാൻ അനുമതി തേടിക്കൊണ്ടാണ് ഡൽഹിയിലെ പാകിസ്ഥാൻ ഹൈകമീഷൻ ഇന്ത്യൻ അധികൃതരെ സമീപിച്ചത്.
ആഗ്രയിലെ താജ്മഹൽ, ഡൽഹി ഹാട്ട്, ഹുമയൂണിൻ്റെ ശവകുടീരം, ഖില റായ് പിത്തോറ, ഹസ്രത്ത് നിസാമുദ്ദീൻ ദർഗ എന്നിവയായിരുന്നു പട്ടികയിലുണ്ടായിരുന്നത്. എന്നാൽ, നിസാമുദ്ദീൻ ദർഗയിലെ തിരക്കും മറ്റ് സുരക്ഷാ സാഹചര്യങ്ങളും കണക്കിലെടുത്ത് അവിടേക്കുള്ള സന്ദർശനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.