'Do not grant parole' — petition signed by 10,000 people submitted to court; Susan, who murdered her two children, back in jail. 
WORLD

'ഇവർക്ക് പരോൾ നൽകരുത്..' 10000 പേർ ഒപ്പിട്ട നിവേദനം കോടതിയിൽ; രണ്ട് മക്കളെ കൊലപ്പെടുത്തിയ സൂസൻ വീണ്ടും ജയിലിൽ

1995 ൽ കോടതി 30 വർഷങ്ങൾക്ക് ശേഷം മാത്രം പരോൾ അനുവദിക്കുന്ന ശിക്ഷ വിധിച്ചു. 2024 ലെ ഇവരുടെ ആദ്യ പരോൾ അപേക്ഷയും. ബോർഡ് തള്ളുകയായിരുന്നു.

Author : Drishya Divakaran

ന്യൂയോർക്ക്: 32 വർഷം മുമ്പ് തൻ്റെ രണ്ട് ആൺ മക്കളെയും കാറിലിരുത്തി താടകത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്ന അമേരിക്കൻ വനിത സൂസൻ സ്മിത്തിൻ്റെ പരോൾ അപേക്ഷ സൗത്ത് കാരൊലൈന പരോൾ ബോർഡ് വീണ്ടും തള്ളി. വ്യാഴാഴ്ച നടന്ന ഹിയറിംഗിൽ യാതൊരു ചർച്ചയുമില്ലാതെയാണ് ബോർഡ് അപേക്ഷ നിരസിച്ചത്.

ഇവർക്ക് പരോൾ നൽകരുതെന്ന് ആവിശ്യപ്പെട്ട് 10,845 പേർ ഒപ്പിട്ട നിവേദനമാണ് ബോർഡിന് ലഭിച്ചത്. പ്രോസിക്യൂട്ടർമാർ ഉൾപ്പെടെ മറ്റ് 12 പേരും സൂസൻ്റെ പരോളിനെതിരെ മൊഴി നൽകി.

1994 ഒക്ടോബർ 25-നാണ് അമേരിക്കയെ നടുക്കിയ ഈ സംഭവം നടക്കുന്നത്. തൻ്റെ മൂന്ന് വയസ്സുകാരൻ മൈക്കലിനെയും 14 മാസം പ്രായമുള്ള അലക്സിനെയും കാറിന്റെ സീറ്റിൽ ബെൽറ്റിട്ട് ഇരുത്തിയ ശേഷം സൂസൻ കാർ ജോൺ ഡി ലോംഗ് തടാകത്തിലേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന്, കറുത്തവർഗ്ഗക്കാരനായ ഒരാൾ തോക്കുചൂണ്ടി തന്റെ കാർ തട്ടിക്കൊണ്ടുപോയെന്ന് ഇവർ പോലീസിനോടും മാധ്യമങ്ങളോടും കള്ളം പറഞ്ഞു.

ഒമ്പത് ദിവസത്തോളം രാജ്യം മുഴുവൻ കുട്ടികൾക്കായി തിരച്ചിൽ നടത്തി. എന്നാൽ സൂസൻ്റെ മൊഴികളിലെ വൈരുദ്ധ്യങ്ങളും നുണപരിശോധനാ ഫലവും പോലീസിൽ സംശയമുണ്ടാക്കി. ഒടുവിൽ ചോദ്യം ചെയ്തപ്പോൾ സൂസൻ കുറ്റസമ്മതം നടത്തുകയായിരുന്നു. സൂസന് മറ്റൊരു വ്യക്തിയുമായി അടുപ്പമുണ്ടായിരുന്നു. കാമുകനായ ടോം ഫിൻഡ്‌ലേയ്ക്ക് കുട്ടികളുള്ള ബന്ധം താൽപ്പര്യമില്ലാത്തതിനാൽ പുതിയൊരു ജീവിതം തുടങ്ങാനാണ് ഇവർ മക്കളെ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. 1995 ൽ കോടതി 30 വർഷങ്ങൾക്ക് ശേഷം മാത്രം പരോൾ അനുവദിക്കുന്ന ശിക്ഷ വിധിച്ചു. 2024 ലെ ഇവരുടെ ആദ്യ പരോൾ അപേക്ഷയും. ബോർഡ് തള്ളുകയായിരുന്നു. ഇനി 2028 ലാണ് ഇവർക്ക് പരോൾ അപേക്ഷിക്കാൻ സാധിക്കുക.

നിലവിലെ ഹിയറിങ്ങിൽ 32 വർഷം മുമ്പ് കുറ്റകൃത്യം ചെയ്ത വ്യക്തിയല്ല താനിപ്പോഴെന്നും, ചെയ്ത തെറ്റിൽ അതിയായ പശ്ചാത്താപമുണ്ടെന്നും സൂസൻ പറഞ്ഞു. മക്കളെ നഷ്ടപ്പെട്ട മുൻ ഭർത്താവ് ഡേവിഡ് സ്മിത്തിനോട് അവർ ക്ഷമ ചോദിക്കുകയും സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ ജീവിക്കാൻ ഒരു അവസരം നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഒരു ഫോറൻസിക് സൈക്യാട്രിസ്റ്റും ജയിൽ ഉദ്യോഗസ്ഥനും സഹോദരങ്ങളും സൂസന് അനുകൂലമായി സംസാരിച്ചു.

എന്നാൽ, മക്കളുടെ പിതാവ് ഡേവിഡ് സ്മിത്തും അദ്ദേഹത്തിന്റെ ഭാര്യ ടിഫാനിയും പരോളിനെ ശക്തമായി എതിർത്തു. അവർക്ക് പരോൾ നൽകുന്നത് മരിച്ചുപോയ എന്റെ മക്കളായ മൈക്കലിനോടും അലക്സിനോടും ചെയ്യുന്ന വലിയ അനീതിയാണ് എന്ന് ഡേവിഡ് ബോർഡിന് മുന്നിൽ വ്യക്തമാക്കി. ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ തന്റെ കഥ മാധ്യമങ്ങൾക്കും ഡോക്യുമെന്ററി നിർമ്മാതാക്കൾക്കും വിറ്റ് അവർ പണമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

നിലവിൽ ചലചിത്ര നിർമ്മാതക്കളിൽ നിന്നും സൂസൻ തൻ്റെ ജയിൽ അകൗണ്ടിലേക്ക് പണം കൈപ്പറ്റിയതായതും പറയുന്നു. കൂടതെ, ഇവർക്ക് രണ്ട് ജയിൽ ഗാർഡുകളുമായി ലൈംഗികബന്ധമുണ്ടായിരുന്നതായി കണ്ടെത്തുകയും തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനും ഇവർ അച്ചടക്കനടപടി നേരിട്ടിട്ടുണ്ട്.

SCROLL FOR NEXT