ഇറാന് ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. പാര്‍ലമെന്റില്‍ ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തെക്കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
"നമ്മള്‍ ആണവായുധങ്ങള്‍ ആഗ്രഹിക്കുന്നില്ല. പശ്ചാത്യലോകം പറയുന്നത് ഇറാന്‍ അത്തരം ആയുധങ്ങള്‍ ഉണ്ടാക്കരുതെന്നാണ്. എന്നാല്‍ നമുക്ക് ഈ ആയുധങ്ങള്‍ വികസിപ്പിക്കാന്‍ ഒരു ഉദ്ദേശ്യവും ഇല്ല," പെസഷ്‌കിയാന്‍ പറഞ്ഞു.
"കൊന്നും പ്രഹരിച്ചു നമ്മളെയും നമ്മുടെ രാജ്യത്തെയും ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ ശത്രുക്കള്‍ക്കാകില്ല. കാരണം ഓരോ നായകന്റെ കൊടി താഴെ വീഴുമ്പോഴും പകരം ആ പതാക ഏറ്റെടുത്ത് ഈ ഭീരുക്കളുടെ ക്രൂരതയും അനീതിയും ചതിയും എതിർക്കാന്‍ നൂറുകണക്കിന് നായകർ വരും," പെസഷ്കിയാന്‍ പറഞ്ഞു. ഇറാന്‍ ആണവായുധങ്ങള്‍ തേടുന്നില്ല. ഇറാന്‍ അത്തരം ആയുധങ്ങള്‍ നേടരുതെന്നാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പറയുന്നത്. ഈ ആയുധങ്ങള്‍ നേടാന്‍ ഇറാന് ഉദ്ദേശ്യമില്ലെന്നും മസൂദ് പെസഷ്കിയാന്‍ കൂട്ടിച്ചേർത്തു.
എന്നാല്‍, ആണവോർജത്തില്‍ നിന്ന് പ്രയോജനം നേടാനുള്ള അവകാശം ഇറാനുണ്ടെന്നും പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ എടുത്തുപറഞ്ഞു. ഊർജ ആവശ്യങ്ങൾക്കായി രാജ്യം യുറേനിയം സമ്പുഷ്ടീകരണം തുടരും. ഇറാനികൾ 'ആക്രമണകാരികളല്ല' എന്ന് പറഞ്ഞ പെസഷ്കിയാന്‍, തന്റെ സർക്കാർ യുഎസുമായി ആണവ പദ്ധതിയെക്കുറിച്ച് ചർച്ചകൾ നടത്തിവരികയാണെന്നും ചൂണ്ടിക്കാട്ടി.
ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ ഇതുവരെ 224 പേർ കൊല്ലപ്പെട്ടതായും 1200ലേറെ പേർക്ക് പരിക്കേറ്റതായുമാണ് ഇറാൻ്റെ ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന വിവരം. സംഘർഷം രൂക്ഷമായതോടെ തെഹ്റാനിൽ നിന്നും ആളുകൾ ഒഴിഞ്ഞുതുടങ്ങി. അതേസമയം, ഇസ്രയേലിനെതിരെ പ്രത്യാക്രമണങ്ങള്‍ ഇറാന്‍ തീവ്രമാക്കുമെന്നാണ് സായുധ സേനയുടെ ഭാഗത്തു നിന്ന് വരുന്ന പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്. ഇസ്രയേൽ കൈവശം വെച്ചിരിക്കുന്ന മുഴുവൻ പ്രദേശങ്ങളെയും ലക്ഷ്യം വെച്ച് കൂടുതല്‍ മാരകമായ ആക്രമണങ്ങള്‍ നടത്തുമെന്നതിനാല്‍ ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്നാണ് ഇറാന്റെ നിർദേശം.