Source: Social Media
WORLD

ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ 17ന് , ചടങ്ങിലേക്ക് മോദിക്ക് ക്ഷണം

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി മുംബൈയിൽ നടക്കുന്ന കൂടിക്കാഴ്ചകൾ കാരണം മോദി പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ

Author : ശാലിനി രഘുനന്ദനൻ

ധാക്ക: ബംഗ്ലാദേശിൽ വിജയിച്ച ബിഎൻപി നേതാവ് താരിഖ് റഹ്മാൻ ഫെബ്രുവരി 17ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി കൂടിയായ ഖാലിദ സിയയുടെ ബിഎൻപി അധികാരത്തിൽ എത്തിയത്. ബംഗ്ലാദേശ് പാർലമെന്റ് ഹൗസിന്റെ സതേൺ പ്ലാസയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും ക്ഷണം ലഭിച്ചിച്ചുണ്ട്. എന്നാൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി മുംബൈയിൽ നടക്കുന്ന കൂടിക്കാഴ്ചകൾ കാരണം മോദി ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ

ഫെബ്രുവരി 12ന് നടന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ 209 സീറ്റുകളിൽ വിജയിച്ച് ബിഎൻപി അധികാരം ഉറപ്പിക്കുകയായിരുന്നു. 2024ലെ പ്രക്ഷോഭത്തിലൂടെ ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കിയ ശേഷം ബംഗ്ലാദേശിൽ നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പായിരുന്നു ഇത്. യുകെയില്‍ നിന്ന് 17 വര്‍ഷത്തിന് ശേഷമാണ് താരിഖ് മടങ്ങിവന്നത്. തുടര്‍ന്ന് ധാക്ക-17ലും ബോഗുര-6ലും മത്സരിച്ച് രണ്ടിടങ്ങളിലും വിജയിക്കുകയും ചെയ്തു. 298 സീറ്റുകളില്‍ 292 സീറ്റുകളിലും ബിഎന്‍പി മത്സരിച്ചിരുന്നു. ബാക്കി സീറ്റുകളില്‍ സഖ്യമുള്ള ചെറുപാര്‍ട്ടികളാണ് മത്സരിച്ചത്.

18 മാസങ്ങള്‍ക്ക് ശേഷമാണ് ബംഗ്ലാദേശ് ആദ്യ പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടത്. ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും, തീവ്ര ഇസ്ലാമിസ്റ്റ് കക്ഷിയായ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതൃത്വം നല്‍കിയ മുന്നണിയും തമ്മിലായിരുന്നു മത്സരം. ജൂലൈ വിപ്ലവത്തെ നയിച്ച നാഷണലിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടി അടക്കം 11 പാര്‍ട്ടികളുടെ ജമാഅത്തെ സഖ്യം ബഹുദൂരം പിന്നിലാക്കപ്പെട്ടു.

തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് മുന്‍പ് തന്നെ താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് പ്രഖ്യാപനം വന്നിരുന്നു. 17 വര്‍ഷം മുന്‍പ് ആരോപണങ്ങളുടെ ചുഴിക്കുള്ളില്‍പ്പെട്ട്, സ്വയം നാടുകടത്തിയ ബംഗ്ലാദേശിന്റെ ഡാര്‍ക്ക് പ്രിന്‍സ്, മുന്‍ പ്രധാനമന്ത്രിമാരായ ഖാലിദ സിയയുടെയും, സിയാവുള്‍ റഹ്‌മാന്റെയും മകനായ, താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ ബിഎന്‍പിയെ പുനഃസ്ഥാപിക്കുകയാണ് തെരഞ്ഞെടുപ്പിലൂടെ ചെയ്തത്.

SCROLL FOR NEXT