പാരീസ് ലൂവ്ര് മ്യൂസിയം 
WORLD

മരതക മാല, രത്നം പതിപ്പിച്ച തലപ്പാവ്; പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ നിന്ന് മോഷണം പോയത് കോടികൾ വിലമതിക്കുന്ന വസ്തുക്കൾ; അന്വേഷണം ഊർജിതം

ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മ്യൂസിയത്തിലേക്ക് പകൽ വെളിച്ചത്തിൽ അതിക്രമിച്ച് കയറിയാണ് കള്ളൻമാർ മോഷണം നടത്തിയത്.

Author : ന്യൂസ് ഡെസ്ക്

ഫ്രാൻസ്: ലോകത്തെ ഏറ്റവും വലിയ മ്യൂസിയമായ പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന മോഷണക്കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. നെപ്പോളിയൻ മൂന്നാമൻ്റെ പത്നി യൂജിൻ ചക്രവർത്തിനിയുടെ കിരീടവും ഒൻപത് രത്നങ്ങളും ഉൾപ്പടെ കോടിക്കണക്കിന് രൂപയുടെ വസ്തുക്കളാണ് മോഷണസംഘം കവർന്നത്. അപ്പോളോ ഗ്യാലറിയിലേക്ക് പ്രവേശിച്ച മോഷ്ടാക്കൾ ചില്ലുകൂടുകൾ തകർത്ത് വിലയേറിയ വസ്തുക്കൾ കവരുകയായിരുന്നു.

മോഷണം നടന്നതിന് പിന്നാലെ പാരീസിലെ ലൂവ്ര് മ്യൂസിയം അടച്ചിട്ടിരിക്കുകയാണ്. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മ്യൂസിയത്തിലേക്ക് പകൽ വെളിച്ചത്തിൽ അതിക്രമിച്ച് കയറിയാണ് കള്ളൻമാർ മോഷണം നടത്തിയത്. ഇവർ എട്ട് ആഭരണങ്ങൾ കവരുകയും ചെയ്തു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മ്യൂസിയം തുറന്നതിന് തൊട്ടുപിന്നാലെ, പ്രാദേശിക സമയം രാവിലെ 9.30ഓടെയാണ് സംഘം സ്ഥലത്തെത്തിയത്. തുടർന്ന് അവർ കാവൽക്കാരെ ഭീഷണിപ്പെടുത്തി. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന രണ്ട് ഡിസ്പ്ലേ കെയ്‌സുകളുടെ ഗ്ലാസ് പൊട്ടിച്ചു. നിർമാണ തൊഴിലാളികളുടെ വസ്ത്രം ധരിച്ച ഒരാൾ ഗ്ലാസ് ഡിസ്പ്ലേ മുറിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

19-ാം നൂറ്റാണ്ടിലെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്

രത്നങ്ങൾ പതിച്ച ഒരു തലപ്പാവ്, മാലകൾ, കമ്മലുകൾ, ബ്രൂച്ചുകൾ എന്നിവയുൾപ്പെടെ എട്ട് വസ്തുക്കളാണ് മോഷ്ടാക്കൾ കൈക്കലാക്കിയത്. എല്ലാം 19ാം നൂറ്റാണ്ടിലേതാണ്. ഫ്രാൻസിന്റെ സാംസ്കാരിക മന്ത്രാലയം പറയുന്നതനുസരിച്ച് മോഷ്ടിക്കപ്പെട്ട വസ്തുക്കൾ ഇവയാണ്:

  • നെപ്പോളിയൻ മൂന്നാമന്റെ ഭാര്യയായ യൂജീനി ചക്രവർത്തിനിയുടെ ഒരു ടിയാരയും ബ്രൂച്ചും

  • എംപ്രസ് മേരി ലൂയിസിൽ നിന്നുള്ള ഒരു മരതക മാലയും ഒരു ജോഡി മരതക കമ്മലുകളും

  • മേരി-അമേലി രാജ്ഞിയുടെയും ഹോർട്ടൻസ് രാജ്ഞിയുടെയും ഉടമസ്ഥതയിലുള്ള നീലക്കല്ലിന്റെ സെറ്റിൽ നിന്നുള്ള ഒരു ടിയാര, മാല, ഒറ്റ കമ്മൽ.

  • "റെലിക്വറി ബ്രൂച്ച്" എന്നറിയപ്പെടുന്ന ഒരു ബ്രൂച്ച്

കോടിക്കണക്കിന് വിലയുള്ള വസ്തുക്കളാണ് മോഷണം പോയത്

മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾ അമൂല്യമാണെന്നും, അളക്കാനാവാത്ത പൈതൃക മൂല്യമുള്ളതാണെന്നും ആഭ്യന്തര മന്ത്രി ലോറന്റ് ന്യൂനെസ് വിശേഷിപ്പിച്ചു. ഈ ആഭരണങ്ങൾ കേടുകൂടാതെ വിൽക്കാൻ പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞു. കിരീടങ്ങളും ആഭരണങ്ങളും പൊട്ടിച്ച് ചെറിയ ഭാഗങ്ങളായി വിൽക്കാൻ കഴിയും.

ലിയനാർഡോ ഡാ വിഞ്ചിയുടെ മാസ്റ്റർ പീസായ മോണാലിസ അടക്കമുള്ള അമൂല്യ സൃഷ്ടികൾ സൂക്ഷിച്ചിരിക്കുന്ന ഇടമാണ് ലൂവ്ര് മ്യൂസിയം. ഡാൻ ബ്രൌണിൻ്റെ ഡാവിഞ്ചികോഡ് എന്ന നോവലിൽ ലൂവ്ര് മ്യൂസിയത്തിൽ നടക്കുന്ന ഒരു മോഷണം പ്രതിപാദിക്കുന്നുണ്ട്. അത് സിനിമയായപ്പോഴും അമ്പരപ്പോടെയാണ് ലോകം ഇത് കണ്ടത്. സിനിമകളെപ്പോലും അമ്പരപ്പിക്കുന്ന മോഷണങ്ങൾ അവിടെ മുമ്പും നടന്നിട്ടുണ്ട് എന്നുള്ളത് വേറെ കാര്യം. ഫ്രാൻസിലെ മ്യൂസിയങ്ങളിൽ പഴുതടച്ച സുരക്ഷയില്ലെന്ന ആക്ഷേപം ഏറെക്കാലമായിട്ടുണ്ട്. അതിന് അടിവരയിടുകയാണ് ലൂവ്രിൽ വെറും ഏഴ് മിനിട്ടുള്ളിൽ നടന്ന കവർച്ച.

SCROLL FOR NEXT