വത്തിക്കാൻ: ഗാസയിലെ ഇസ്രയേൽ തുടരുന്ന യുദ്ധമെന്ന കാടത്തം മതിയാക്കണമെന്നും മേഖലയിലെ പ്രശ്നങ്ങൾക്ക് സമാധാനപരമായ ചർച്ചകളിലൂടെ പരിഹാരം കാണണമെന്നും ലിയോ പതിനാലാമൻ മാർപ്പാപ്പ. വത്തിക്കാൻ സിറ്റിയിൽ ഞായറാഴ്ചത്തെ പ്രാർഥനാ വേളയിലാണ് വിശ്വാസികളെ അഭിസംബോധന ചെയ്തു മാർപാപ്പ സംസാരിച്ചത്.
"ഗാസയിലെ കത്തോലിക്കാ ഇടവകയ്ക്ക് നേരെ അടുത്തിടെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഗാധമായ ദുഃഖം പ്രകടിപ്പിക്കുന്നു. ഗാസാ മുനമ്പിലെ ക്രൂരത ഉടൻ നിർത്താനും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. മേഖലയിലെ പ്രശ്നങ്ങൾക്ക് സമാധാനപരമായ ചർച്ചകളിലൂടെ പരിഹാരം കാണണം. പ്രദേശത്തെ ചർച്ചുകളെ തുടർന്നും ആക്രമിക്കരുത്," മാർപ്പാപ്പ പറഞ്ഞു.
പലസ്തീനിലെ ഗാസയിൽ വ്യാഴാഴ്ച രാവിലെ ഹോളി ഫാമിലി പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ, അവിടെ അഭയം പ്രാപിച്ച ഏകദേശം 600 പലസ്തീൻ അഭയാർഥികളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും, ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഗാസയിലെ സാധാരണ ജനങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള തുടർച്ചയായ സൈനിക ആക്രമണങ്ങളിൽ ഒന്ന് മാത്രമാണിതെന്ന് പോപ്പ് ലിയോ ഊന്നിപ്പറഞ്ഞു.
"യുദ്ധത്തിൻ്റെ ക്രൂരത ഉടനടി നിർത്തലാക്കാനും സംഘർഷത്തിന് സമാധാനപരമായ ഒരു പരിഹാരമുണ്ടാക്കാനും അഭ്യർത്ഥിക്കുന്നു. അന്താരാഷ്ട്ര സമൂഹം മനുഷ്യാവകാശ നിയമങ്ങൾ പാലിക്കാനും സാധാരണക്കാരായ പൗരന്മാരെ സംരക്ഷിക്കാനുള്ള കടമയെ മാനിക്കണം. കൂട്ടായ ശിക്ഷ, വിവേചനരഹിതമായ ബലപ്രയോഗം, നിർബന്ധിത കുടിയിറക്കം എന്നിവയ്‌ക്കെതിരായ അന്താരാഷ്ട്ര നിരോധനം ഇസ്രയേൽ മാനിക്കണം," മാർപ്പാപ്പ നിർദേശിച്ചു.