
ഗാസയിൽ ഭക്ഷണവിതരണം നടക്കുന്ന സഹായകേന്ദ്രത്തിൽ കാത്തുനിന്ന 73 പലസ്തീൻ അഭയാർഥികളെ ഇസ്രയേൽ സൈന്യം വെടിവെച്ചു കൊന്നു. വടക്കൻ ഗാസയിലാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടതെന്നും 150ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 130 ഓളം പലസ്തീനുകാർ കൊല്ലപ്പെടുകയും 495 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു.
ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന സിക്കിം ക്രോസിംഗിലൂടെ വടക്കൻ ഗാസയിലേക്ക് സഹായമെത്തിക്കാൻ ശ്രമിക്കുന്നതിനിടെ കുറഞ്ഞത് 67 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയത്തേയും പ്രാദേശിക ആശുപത്രികളേയും ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ഇസ്രയേൽ സൈന്യത്തിൻ്റെ വെടിവെപ്പിൽ ചിലർക്ക് ഗുരുതരമായി പരിക്കേറ്റെന്നും ആശുപത്രികൾ അറിയിച്ചു. ഇസ്രയേൽ സൈന്യമോ സായുധ സംഘങ്ങളോ ആണോ അതോ രണ്ടും ചേർന്നാണോ അവരെ കൊലപ്പെടുത്തിയതെന്ന് വ്യക്തമല്ലെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇസ്രയേൽ സൈന്യം അകാരണമായി ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തതായി ചില ദൃക്‌സാക്ഷികൾ പറഞ്ഞു. ഇസ്രായേൽ സൈന്യം ഇതോട് പ്രതികരിച്ചിട്ടില്ല.
2023 ഒക്ടോബർ 7 മുതൽ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 58,895 പലസ്തീൻ ജനത കൊല്ലപ്പെടുകയും, 1,40,980 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗാസ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ആംബുലൻസുകൾക്കും സിവിൽ ഡിഫൻസ് സംഘങ്ങൾക്കും ഇതുവരെ എത്തിച്ചേരാൻ കഴിയാത്തതിനാൽ, നിരവധി ഇരകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിലും തെരുവുകളിലും കുടുങ്ങിക്കിടക്കുകയാണ് എന്നും മന്ത്രാലയം അറിയിച്ചു.