വത്തിക്കാൻ: കാൻസർ ശസ്ത്രക്രിയയ്ക്ക് ശേഷം പൊതുവേദിയിൽ പോപ് ലിയോ പതിനാലാമൻ. ആംഗെലസ് പ്രാർത്ഥനയ്ക്ക് മുന്നോടിയായി പോപ് സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ അപ്പോസ്തോലിക് പാലസിന്റെ ജനാലയിലൂടെ വിശ്വാസികളെ അഭിസംബോധന ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പോപ്പ് ശ്വാസകോശത്തിലെ കാൻസർ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അഗസ്റ്റോ ജെമെല്ലി ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ അദ്ദേഹത്തിന്റെ വലത് ശ്വാസകോശത്തിൻ്റെ ലോവർ ലോബ് പൂർണമായി നീക്കം ചെയ്തിരുന്നു. ഇന്നലെയാണ് അദ്ദേഹം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്.
താൻ പതുക്കെ തൻ്റെ കർത്തവ്യങ്ങളിലേക്ക് മടങ്ങുകയാണെന്നും പ്രയാസത്തിൻ്റെ ഘട്ടത്തെ തരണം ചെയ്തെന്നും പോപ് ലിയോ പറഞ്ഞു. പ്രാർത്ഥനകൾക്ക് വിശ്വാസികൾക്ക് പോപ്പ് നന്ദി പറഞ്ഞു. ലോകമാകെ രോഗബാധ അനുഭവിക്കുന്നവരുമായി അടുപ്പം അനുഭവിക്കാൻ ചികിത്സാ കാലം തന്നെ സഹായിച്ചെന്ന് പോപ് പറഞ്ഞു.