WORLD

''അവരുടെ ശവശരീരങ്ങള്‍ക്ക് മേല്‍ ഒരു യുദ്ധവിജയവും ആഘോഷിക്കേണ്ട; ഹമാസില്‍ നിന്ന് ബന്ദികളെ മോചിപ്പിക്കണം''; ഇസ്രയേലില്‍ പ്രതിഷേധം

ബന്ദികളുടെ കുടുംബങ്ങളടക്കമുള്ളവരെ പ്രതിനിധീകരിക്കുന്ന സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

Author : ന്യൂസ് ഡെസ്ക്

ഹമാസില്‍ നിന്ന് ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രയേലില്‍ പ്രതിഷേധം. യുദ്ധം അവസാനിപ്പിക്കാന്‍ ഹമാസുമായി കരാറിലെത്തണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നുമാണ് രാജ്യവ്യാപക പ്രതിഷേധത്തില്‍ ആവശ്യപ്പെടുന്നത്. ബന്ദികളുടെ കുടുംബങ്ങളടക്കമുള്ളവരെ പ്രതിനിധീകരിക്കുന്ന സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

ഇസ്രയേല്‍ സ്‌കൂളുകള്‍, വ്യാപാര കേന്ദ്രങ്ങള്‍, പൊതുഗതാഗതം എന്നിവ സ്തംഭിച്ചു. ഗാസയില്‍ 50 ഓളം ഇസ്രയേലികളെ ബന്ദികളായി പിടിച്ചുവെച്ചെന്നാണ് കരുതുന്നത്. ഇതില്‍ 20 ഓളം പേരെ ഇനി ജീവിച്ചിരിപ്പുണ്ടായിരിക്കൂ എന്നുമാണ് കരുതുന്നത്.

'ബന്ദികളുടെ ശവശരീരങ്ങള്‍ക്ക് മേല്‍ ഞങ്ങള്‍ക്ക് ഒരു യുദ്ധത്തിന്റെയും വിജയം ആഘോഷിക്കേണ്ട,' എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് ഇസ്രയേലില്‍ പ്രതിഷേധം അരങ്ങേറുന്നത്.

പ്രതിഷേധത്തില്‍ നാല്‍പതോളം പേരെ ഇതിനകം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചില പ്രതിഷേധക്കാരും പൊലീസുമായി സംഘര്‍ഷമുണ്ടാവുകയും ചെയ്തു. ഇവരെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

സൈനിക സമ്മര്‍ദം ബന്ദികളെ വിട്ടുകിട്ടാന്‍ സഹായിക്കില്ലെന്നും അത് അവരുടെ മരണത്തിലേക്ക് മാത്രമാണ് വഴിവെക്കുകയെന്നും നേരത്തെ ബന്ദിയായിരുന്ന അര്‍ബെല്‍ യഹൂദ് പ്രതിഷേധത്തിനിടെ പറഞ്ഞു. ഒരു ഗെയിമും കളിക്കാതെ കൃത്യമായ ഡീലിലൂടെ മാത്രമേ അവരെ തിരിച്ച് കൊണ്ടുവരാന്‍ സാധിക്കൂ എന്നും അര്‍ബെല്‍ യഹൂദ് പറയുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ ആറ് ബന്ദികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് ശേഷം ഇസ്രയേലില്‍ ഉണ്ടായ ഏറ്റവും വലിയ പ്രതിഷേധമായാണ് ഇതിനെ കണക്കാക്കുന്നത്.

SCROLL FOR NEXT