പാരീസ്: ജീവിതച്ചെലവ് വർധനവിനെതിരായ ഫ്രാൻസിൽ പ്രതിഷേധം കനക്കുന്നു. 135 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും നിരവധി ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. വൻതോതിലുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് രാജ്യത്തുടനീളം 70,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായാണ് വിവരം.
കഴിഞ്ഞ ആഴ്ച നടന്ന അക്രമസംഭവങ്ങളിൽ നിരവധി കടകൾ തകർക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിൽ പാരിസിലെ പ്രധാന മ്യൂസിയങ്ങളായ ലൂവ്ര്, ഓർസെ തുടങ്ങിയവ അടച്ചിടുകയും വ്യാപാരികൾ സ്ഥാപനങ്ങൾ സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ 2,50,000 അധിക സീറ്റുകൾ അനുവദിക്കുക, പ്രതിമാസം 200 യൂറോയുടെ വിദ്യാർത്ഥി ഗ്രാൻ്റ് നൽകുക, വേതനവും പെൻഷനും വർധിപ്പിക്കുക എന്നിവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ. ഇറ്റലി, സ്പെയിൻ, അൽബേനിയ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.