ലണ്ടൻ: സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തെയും ബ്രിട്ടീഷ് രാജകുടുംബത്തെയും ഏഴ് ദശാബ്ദക്കാലം അടക്കിവാണ എലിസബത്ത് രാജ്ഞിയുടെ വസ്ത്ര-ആഭരണ ശേഖരം പ്രദർശനത്തിന്. ഗൗണുകൾ, കോട്ടുകൾ, തൊപ്പി, ആഭരണങ്ങൾ കിരീടങ്ങൾ എന്നിവ ഉൾപ്പടെ 300 ഓളം വസ്തുക്കളാണ് കിങ്‌സ് ഗ്യാലറിയിലെ പ്രദർശനത്തിലുള്ളത്. നയതന്ത്ര നിലപാടും തന്റെ വസ്ത്രധാരണത്തിലൂടെ എലിസബത്ത് രാജ്ഞി വ്യക്തമാക്കിയിരുന്നു.
25-ാം വയസിൽ ബ്രിട്ടീഷ് ചരിത്രത്തിലേക്ക് പടവുകൾ കയറിയ, ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന, എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളിലും ബ്രിട്ടണെ ഉലയാതെ കാത്തുസൂക്ഷിച്ച ഭരണാധികാരി. 70 വർഷം ബ്രിട്ടീഷ് സാമ്രാജ്യത്തെ നയിച്ച, എലിസബത്ത് രാജ്ഞിയുടെ വസ്ത്രങ്ങളും ആഭരണങ്ങളുമാണ് പൊതുജനങ്ങൾക്ക് കാണാൻ അവസരം ഒരുക്കിയിരിക്കുന്നത്.
എലിസബത്തിൻ്റെ വിവാഹ നെക്ലൈസ് മുതൽ കിരീടം വരെ 'ക്യൂൻ എലിസബത്ത് 2: ഹെർ ലൈഫ് ഇൻ സ്റ്റൈൽ' എന്ന് പേര് നൽകിയിരിക്കുന്ന പ്രദർശനത്തിലുണ്ട്. വിവാഹ വസ്ത്രം മുതൽ എലിസബത്ത് ധരിച്ചിരുന്ന മറ്റ് മനോഹര വസ്ത്രങ്ങളും പ്രദർശനത്തിന്റെ ഭാഗമാണ്. നോർമൻ ഹാർട്ട്നെൽ ഡിസൈൻ ചെയ്ത നിരവധി ഈവനിങ് ഗൗണുകളും പ്രദർശനത്തിലിടം നേടിയിട്ടുണ്ട്. 2012ലെ ലണ്ടൻ ഒളിംപിക്സിലെ ഉദ്ഘാടന ചടങ്ങിന് ധരിച്ച വസ്ത്രവും ശേഖരത്തിലുണ്ട്.
എലിസബത്ത് ധരിച്ച അക്വാമറൈൻ കിരീടവും ബർമീസ് റൂബിയുടെ കീരിടവും പ്രദർശനത്തിലുണ്ട്. രാജ്ഞി ഉപയോഗിച്ച വസ്തുക്കളുമായി അടുത്ത് കാണാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് റോയൽ ഹൗസിലെ ടെക്സ്റ്റൈൽ കൺസർവേറ്റർ സിസിലിയ ഒലിവർ പറഞ്ഞു.
1926 ഏപ്രിൽ 21ന് എലിസബത്ത് ജനിച്ചത് മുതൽ ലോകത്തോട് വിട പറഞ്ഞ 2022 സെപ്റ്റംബർ എട്ട് വരെയുള്ള ശേഖരമാണ് പ്രദർശനത്തിലുള്ളത്. ബക്കിങ്ഹാം പാലസിലെ കിങ്സ് ഗ്യാലറിയിലാണ് പ്രദർശനം ആരംഭിച്ചത്. രാജകുടുംബമാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഈ വർഷം ഒക്ടോബർ 18 വരെ പ്രദർശനം നീണ്ടുനിൽക്കും.